ശിവൻ ഒരു കാലഘട്ടമായിരുന്നു. കേരളത്തിലെ ആദ്യ പ്രൊഫഷണൽപ്രസ് ഫോട്ടോഗ്രാഫർ മാത്രമായിരുന്നില്ല, മലയാള സിനിമയ്ക്ക് മേൽവിലാസമുണ്ടാക്കികൊടുത്തവരുടെ ഒരു പട്ടികയെടുത്താൽ ശിവന്റെ പേര് അതിലുണ്ടാകും. പ്രതിഭാശാലികളായ കലാകാരൻമാർ നമുക്ക് ഒരുപാടുപേരുണ്ട്.എന്നാൽ നന്മയും കലയും ഒത്തുചേർന്ന മനുഷ്യ സ്നേഹിയായ കലാകാരൻമാർ വിരളമാണ്. ശിവൻ അങ്ങനെ ഒരാളായിരുന്നു.
രാജ്യാന്തര ശ്രദ്ധയാകർഷിച്ച കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ.തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ തിലകക്കുറിയായ 'ശിവൻസ്"സ്റ്റുഡിയോയുടെ ഉടമ.മലയാളത്തിലെ എക്കാലത്തേയും ക്ളാസിക് ചലച്ചിത്രമായ ചെമ്മീന്റെ നിശ്ചല ഛായാഗ്രാഹകനും അണിയറ ശിൽപ്പികളിലെ പ്രമുഖനും.
സിനിമാ നിർമ്മാതാവ്, സംവിധായകൻ, ഛായാഗ്രാഹകൻ ....അങ്ങനെ വ്യത്യസ്തമായ ഒട്ടേറെ വിശേഷണങ്ങൾ ശിവന്റെ പേരിനൊപ്പം ചേർക്കാം.
മഹാ സൗഹൃദങ്ങളുടെ ഭാഗമായിരുന്നു ശിവൻ.ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വരെ നീളുന്ന വലിയ സൗഹൃദ പട്ടിക.പക്ഷേ ശിവൻ ഒരിക്കലും അതിലൊന്നും അഭിരമിച്ചില്ല.ആ ബന്ധങ്ങൾ പ്രയോജനപ്പെടുത്തി നേടിയെടുക്കാവുന്ന വലിയ നേട്ടങ്ങളെ കുറിച്ച് ചിന്തിച്ചതേയില്ല. എന്നാൽ മറ്റുള്ളവർക്കു വേണ്ടി, പ്രത്യേകിച്ചും ആവശ്യങ്ങളുമായി സമീപിച്ചവർക്കുവേണ്ടി ഈ സ്വാധീനങ്ങൾ പ്രയോജനപ്പെടുത്താൻ മടിച്ചതുമില്ല.പലർക്കും വലിയ ബഹുമതികൾ ലഭിക്കാൻ ശിവൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ തന്റെ കാര്യത്തിൽ പുഷ്പം പോലെ നേടിയെടുക്കാവുന്ന പലതും ശിവൻ വേണ്ടെന്നു വച്ചു. ധരിച്ചിരുന്ന തൂവെള്ള വസ്ത്രം പോലെ സത്യസന്ധമായിരുന്നു ശിവന്റെ ജീവിതം. തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോയ്ക്കു മുന്നിൽ വച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ
' എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നപോലെ തന്റെ പ്രവൃത്തിയിലൂടെയാണ് ശിവൻ മാതൃകകാട്ടിയത്.ഓരോ ദിവസവും കഠിനാദ്ധ്വാനത്തിന്റേതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റുഡിയോ തുടങ്ങിയതും അവിടെ കാമറയടക്കം ഓരോ ഉപകരണങ്ങളും വാങ്ങിയതും സ്വയം നടത്തിയ പ്രയത്നത്തിലൂടെയായിരുന്നു. പിൽക്കാലത്ത് സിനിമ ചെയ്തപ്പോഴും ഒന്നും വാടകയ്ക്കെടുക്കാതെ സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നതിലായിരുന്നു ശ്രദ്ധ.
ശിവൻ സ്റ്റുഡിയോ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെയെല്ലാം സങ്കേതമായിരുന്നു.അവിടെവരാത്ത എഴുത്തുകാരും ,രാഷ്ട്രീയക്കാരും സിനിമക്കാരും ഇല്ലായിരുന്നു. സ്വപ്നം എന്ന ചിത്രത്തിന്റെ സംവിധായകന്റെ സ്ഥാനത്ത് ബാബുനന്തൻകോടിന്റെ പേരായിരുന്നു.എന്നാൽ ആ ചിത്രത്തിന്റെ സംവിധാനം ശരിക്കും നിർവഹിച്ചത് നിർമ്മാതാവായ ശിവൻ തന്നെയായിരുന്നു.യാഗം എന്ന ചിത്രത്തിന് മൂന്ന് ദേശീയ അവാർഡുകൾ ലഭിച്ചു.പ്രിയപ്പെട്ട ഭാര്യ ചന്ദ്രമണിക്കൊപ്പം ആ അവാർഡ് ശിവൻ ഏറ്റുവാങ്ങി.മികച്ച ഛായാഗ്രാഹകൻ , മികച്ച പ്രാദേശിക ഭാഷാ ചിത്രം എന്നീ പുരസ്കാരങ്ങൾ ശിവനും നിർമ്മാതാവെന്ന നിലയിൽ ചന്ദ്രമണിയും വാങ്ങിയപ്പോൾ ഒരു കുടുംബത്തിലേക്ക് മൂന്ന് ദേശീയ പുരസ്കാരങ്ങൾ എത്തുകയായിരുന്നു. തുടർന്ന് ചിത്രങ്ങൾ എടുത്ത ശിവൻ സിനിമയ്ക്കായി ചെലവഴിച്ചതിനേക്കാൾ മികച്ച ഡോക്യുമെന്ററികൾ എടുക്കാൻ സമയം കണ്ടെത്തി.പ്രശസ്ത സംഗീതജ്ഞനായ ശെമ്മങ്കുടിയുടേതടക്കം ഇരുപത്തിയഞ്ചോളം ഡോക്യുമെന്ററികൾ അദ്ദേഹം എടുത്തു. കുട്ടികൾക്കായി മികച്ച ചിത്രങ്ങൾ കൂടുതൽ എടുക്കണമെന്നായിരുന്നു ശിവന്റെ ആഗ്രഹം. ശിവൻ യാത്രയാകുമ്പോൾ ഒരു കാലഘട്ടം കടന്നുപോവുകയാണ്. വലിയ മനുഷ്യനായിരുന്നു ശിവൻ.
ശിവന്റെ സിനിമകൾ
1972 സ്വപ്നം (നിർമാണം)
സംവിധാനം ചെയ്ത ചിത്രങ്ങൾ
1981 യാഗം (സംവിധാനം, ഛായാഗ്രഹ ണം ) മൂന്ന് ദേശീയ അവാർഡ്
1991 അഭയം (കുട്ടികൾക്കുള്ള ചിത്രത്തിന്റെ ദേശീയ അവാർഡ് അടക്കം അന്തർദേശീയ, സംസ്ഥാന അംഗീകാരം)
1993 കൊച്ചുകൊച്ചു മോഹങ്ങൾ
(രണ്ട് അന്താരാഷ്ട്ര അവാർഡ്)
1999 ഒരു യാത്ര (മൂന്ന് അന്താരാഷ്ട്ര അവാർഡ്)
2008 കിളിവാതിൽ
2009 കേശു (കുട്ടികളുടെ ചിത്രത്തിനുള്ള രണ്ട് ദേശീയ, സംസ്ഥാന അവാർഡ്)
25 ഡോക്യുമെന്റുകൾ സംവിധാനം
ചെയ്തിട്ടുണ്ട്.