ശിവൻ യാത്രയായി.ആ ജീവിതത്തിലെ ചില മുഹൂർത്തങ്ങളിൽ നിന്ന്
സത്യന്റെ 'ശിവൻകുട്ടി'
ഫോട്ടോഗ്രാഫർ ശിവൻ അനശ്വരനടൻ സത്യന് 'ശിവൻകുട്ടി"യായിരുന്നു. വല്ലാത്ത ആത്മബന്ധമായിരുന്നു ഇരുവരും തമ്മിൽ. തിരുവനന്തപുരത്തെത്തിയാൽ സത്യൻ ശിവന്റെ സ്റ്റുഡിയോയിലെത്തും. ശിവൻ സ്റ്റുഡിയോയുടെ കൗണ്ടറിലിരിക്കാൻ സത്യന് ഇഷ്ടമായിരുന്നു. സത്യന്റെ എല്ലാ സിനിമകളും കണ്ട് അഭിപ്രായവും വിമർശനവും കത്തുകളായി അയക്കുമായിരുന്നു ശിവൻ. സത്യൻ തന്നെ ഇതിനായുള്ള ഇൻലെന്റുകൾ വാങ്ങിയെത്തിച്ച് കത്തയക്കണമെന്ന് ആവശ്യപ്പെടും.സിനിമയെ വിമർശിക്കുമ്പോൾ അതിലെ ഓരോ മൈനൂട്ട് ഡീറ്റെയിൽസും ശിവൻ എഴുതിയിരുന്നു.ഇത് സത്യന് വലിയ താത്പ്പര്യമായിരുന്നു.
ശിവൻ സംവിധായകനാകണമെന്നത് സത്യന്റെ ആഗ്രഹമായിരുന്നു. ഈ കാര്യം അറിയിച്ചപ്പോൾ ഇപ്പോൾ സിനിമയിലിറങ്ങിയാൽ സ്റ്റുഡിയോയുടെ കാര്യം അവതാളത്തിലാകുമെന്നും ഒരു പത്ത് വർഷം കഴിഞ്ഞ് നോക്കാമെന്നുമാണ് ശിവൻ പറഞ്ഞത്. കൃത്യം പത്ത് വർഷം പൂർത്തിയായപ്പോൾ സത്യൻ വീണ്ടുമെത്തി. പി. കേശവദേവിന്റെ 'സ്വപ്നം" എന്ന നോവൽ സിനിമയാക്കാമെന്ന് തീരുമാനിച്ചു. പ്രധാന കഥാപാത്രങ്ങളായി സത്യനും മധുവും ശാരദയും. ഇതിനിടയിലാണ് സത്യന് അസുഖം കൂടുന്നതും മരണപ്പെടുന്നതും. ഇത് വലിയൊരു വേദനയായി. സിനിമയിൽ സത്യന് വച്ച വേഷം പിന്നീട് മധു ചെയ്തു. മധുവിന് വച്ച വേഷം സുധീർ ചെയ്തു. ശാരദയ്ക്കും സിനിമയിൽ പ്രവർത്തിക്കാനായില്ല, പകരം നന്ദിതാ ബോസ് എത്തി.സ്വപ്നം വലിയ വാണിജ്യവിജയം നേടി. സിനിമ പ്രിയ സുഹൃത്ത് സത്യന്റെ സ്മരണയ്ക്കാണ് ശിവൻ സമർപ്പിച്ചത്.
ഇതിനിടയിലാണ് ബാബു നന്തൻകോട് എന്നയാൾ സംവിധാനമോഹവുമായി ശിവന്റെ മുന്നിലെത്തുന്നത്. ഛായാഗ്രഹണം ,നിർമ്മാണം എന്നിങ്ങനെ എല്ലാ കാര്യങ്ങളും നോക്കണമെന്നതിനാൽ സംവിധായകന്റെ കുപ്പായം ശിവൻ ബാബുവിന് നൽകി. ശിവന്റെ വലിയ സുഹൃത്തായിരുന്ന ശാരദ, ശിവൻ തന്നെ സംവിധാകനാകണമെന്ന് നിർബന്ധം പിടിച്ചു. ഇല്ലെങ്കിൽ താൻ പിന്മാറുമെന്നുമറിയിച്ചു, താൻ കയ്യൊഴിഞ്ഞാൽ ബാബുവിന്റെ സിനിമാമോഹം ഇല്ലാതാകുമെന്ന് ശിവനും പറഞ്ഞു. ശാരദ പിന്മാറുകയും ചെയ്തു.
ചെമ്മീൻ
ഫോട്ടോഗ്രാഫി എന്തെന്നറിഞ്ഞ ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറാകാൻ രാമു കാര്യാട്ട് നേരിട്ടെത്തിയാണ് ശിവനെ ക്ഷണിച്ചത്. സിനിമ ചിത്രീകരണം പൂർത്തിയാകുന്നത് വരെ ഒപ്പം വേണമെന്നും നിർബന്ധം പിടിച്ചു. ചിത്രീകരണം തുടങ്ങി. ഛായാഗ്രാഹകൻ മാർക്കസ് ബാർട്ലിക്ക് സംശയം, ശിവൻ ചിത്രങ്ങളൊക്കെ പകർത്തുന്നുണ്ടോയെന്നും പ്രസ് ഫ്രോട്ടോഗ്രാഫറായ ശിവന് സ്റ്റിൽ ഫോട്ടോഗ്രാഫി വഴങ്ങുമോയെന്നും. ശിവൻ മുഴുവൻ സമയവും ചിത്രങ്ങളൊന്നും എടുക്കുന്നത് കാണുന്നുമില്ല. അതുകൊണ്ട് ബാർട് ലി ചിത്രീകരണത്തിനിടെ സ്വന്തമായി ഫോട്ടോകളും എടുത്തുവച്ചു. ശിവൻ ഇത് അറിഞ്ഞുമില്ല. ചിത്രീകരണം പൂർത്തിയായി, ശിവൻ എടുത്ത പടങ്ങൾ പ്രിന്റ് ചെയ്ത് എത്തി. ഈ ചിത്രങ്ങൾ കണ്ട ബാർട് ലി ശിവനെ കെട്ടിപ്പിടിച്ചു, നിങ്ങൾ ഈ ഫോട്ടോകളൊക്കെ എപ്പോൾ എടുത്തെന്ന് ആശ്ചര്യപ്പെട്ടു.
ചിത്രങ്ങൾ കണ്ട രാമു കാര്യാട്ട് പറഞ്ഞു, ഇതാണെന്റെ ചെമ്മീൻ. നമ്മൾ കണ്ട ചെമ്മീന്റെ പോസ്റ്ററുകളൊക്കെ ശിവൻ പകർത്തിയ ചിത്രങ്ങളാണ്. ആ പോസ്റ്ററുകൾ കണ്ടാണ് ആളുകൾ സിനിമ കാണാനെത്തിയതും.
സിനിമാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് വലിയൊരു സുഹൃദ് വലയം ശിവനുണ്ടായിരുന്നു. മകൻ സന്തോഷ് ശിവൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിക്കാനാനെത്തിയപ്പോൾ ഇന്റർവ്യൂ ബോർഡ്, ബോർഡിൽ പ്രമുഖ ചലച്ചിത്രകാരൻമാരായിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് സന്തോഷ് കൃത്യമായി മറുപടി നൽകിയപ്പോൾ ദക്ഷിണേന്ത്യയിലെ ഫോട്ടോഗ്രാഫറായ ശിവനെ അറിയുമോയെന്നായി അവരുടെ അടുത്ത ചോദ്യം.. അത് തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടത് വേറൊരു കഥ. ശിവന്റെ ജീവിതം 'ശിവനയനം" എന്ന പേരിൽ കേരള മീഡിയ അക്കാഡമി ഡോക്യുമെന്ററിയാക്കിയിട്ടുണ്ട് മകൻ സന്തോഷ് ശിവനാണ് സംവിധാനം നിർവഹിച്ചത്. മാദ്ധ്യമപ്രവർത്തകൻ വി.എസ്. രാജേഷിന്റേതാണ് തിരക്കഥ. ഇതിന്റെ പ്രകാശനം നടക്കാനിരിക്കെയായിരുന്നു വിടവാങ്ങൽ.
കണ്ണടയിൽ തുടങ്ങി കാമറക്കണ്ണിലേക്ക്...
ശിവന്റെ ഹരിപ്പാട്ടെ വീടിനടുത്ത് ഒരു സിനിമാ തിയേറ്ററുണ്ടായിരുന്നു. അവിടുത്തെ ഫിലിം ഓപ്പറേറ്ററോട് കുഞ്ഞ് ശിവൻ കളിക്കാനായി പൊട്ടിപ്പോകുന്ന ഫിലിമിന്റെ കഷണങ്ങൾ ചോദിച്ച് വാങ്ങും. വീട്ടിലെത്തി അമ്മയുടെ കണ്ണടയിലൂടെ സൂര്യവെളിച്ചം കടത്തിവിട്ട് ഫിലിം മാറ്റി മാറ്റി ചുവരിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒരുദിവസം സംഗീതാദ്ധ്യാപികയായ അമ്മ ഭവാനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ചുമരിൽ മകന്റെ സിനിമാപ്രദർശനം നടക്കുകയാണ്. അമ്മ വഴക്കുപറയുമെന്നോർത്ത് ഫിലിം പെറുക്കിയെടുത്ത് ഓടാനൊരുങ്ങിയ കുഞ്ഞുശിവനെ ചേർത്ത് പിടിച്ച് ഉമ്മ നൽകുകയാണ് ആ അമ്മ ചെയ്തത്. അമ്മയുടെ കണ്ണടയിലൂടെ ചിത്രങ്ങളുടെ ലോകത്തെയറിഞ്ഞ ആ ശിവനാണ് പിന്നീട് രാജ്യമറിയുന്ന ഫോട്ടോഗ്രാഫറായത്. ചരിത്രത്തെ അടയാളപ്പെടുത്തിയ നിരവധി ചിത്രങ്ങൾ ആ ഫോട്ടോഗ്രാഫറുടെ കരവിരുതിൽ പിറന്നുവീണു. വേറെ ഒരു ഫോട്ടോഗ്രാഫർക്കും അവകാശപ്പെടാനാവാത്ത, തന്റേത് മാത്രമായ ചിത്രങ്ങളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ അന്നത്തെ ഗവർണറായ വി.വി. ഗിരിയുമൊത്ത് കോവളം ബീച്ചിൽ കുളിക്കുന്ന ചിത്രം അത്തരത്തിലൊന്നാണ്. ഐക്യകേരളപ്പിറവി, 1957ൽ ഇം.എം.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തുടങ്ങിയ ചിത്രങ്ങളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. ഐക്യകേരളം രൂപീകൃതമായതോടെ കേരളം മുഴുവൻ സഞ്ചരിച്ച് ചിത്രങ്ങൾ പകർത്തുന്നതിനും ഫീച്ചറുകൾ തയ്യാറാക്കുന്നതിനുമായി പ്രധാനപ്പെട്ട ഒമ്പത് പത്രങ്ങളുടെ പ്രതിനിധികളെ സർക്കാർ നിയോഗിച്ചപ്പോൾ അതിലെ ഏക ഫോട്ടോഗ്രാഫർ ശിവനായിരുന്നു. ആദ്യകാലത്ത് സൈക്കിളിൽ മുന്നിലൊരു ബാസ്കറ്റും അതിൽ കാമറയും തൂക്കിയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഫിലിം റോൾ ഇറക്കുമതി ചെയ്യുന്നതിനായി ആദ്യം ലൈസൻസ് നേടുന്നതും ശിവനാണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുണ്ടായിരുന്ന സൗഹൃദമാണ് അതിന് സഹായിച്ചത്. ഭാര്യ ചന്ദ്രമണിയായിരുന്നു ശിവന്റെ ശക്തി. നിർവചിക്കാനാവാത്ത വിധം ആഴത്തിലുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിൽ. ജീവനോളം സ്നേഹിച്ചിരുന്ന ഭാര്യയുടെ മരണം അദ്ദേഹത്തെ തളർത്തി. കിടപ്പുമുറിയാകെ ഭാര്യയുടെ ചിത്രങ്ങൾ കൊണ്ട് അദ്ദേഹം നിറച്ചു. അതുകണ്ടായിരുന്നു ഉറങ്ങുന്നതും ഉണരുന്നതും.
ബാലമുരളിയെ ഒ.എൻ.വിയാക്കി
അതുവരെ 'ബാലമുരളി" എന്ന തൂലികാ നാമത്തിൽ പാട്ടുകളെഴുതിയിരുന്ന കവി ഒ.എൻ.വി കുറുപ്പിന് സ്വന്തം പേരിൽ പാട്ടെഴുതാൻ അവസരമൊരുക്കിയത് ശിവന്റെ സ്നേഹപൂർവമായ നിർബന്ധമായിരുന്നു. സർക്കാർ ജോലിയായതിനാൽ സ്വന്തം പേരിൽ സിനിമയ്ക്ക് പാട്ടെഴുതാൻ പരിമിതികളുണ്ടായിരുന്ന കാലം. സിനിമകൾക്ക് ബാലമുരളി എന്ന പേരിലായിരുന്നു ഒ.എൻ.വി പാട്ടെഴുതിയിരുന്നത്.
1973ൽ പുറത്തിറങ്ങിയ 'സ്വപ്നം" എന്ന സിനിമയിൽ പാട്ടെഴുതാൻ ക്ഷണിച്ചപ്പോൾ ഒ.എൻ.വി എന്ന പേരിൽ തന്നെ എഴുതണമെന്ന് ശിവൻ നിർബന്ധം പിടിച്ചു. സ്വന്തം പേരിലെഴുതിയാൽ നടപടിയുണ്ടാകുമെന്ന പേടിയിലായിരുന്നു ഒ.എൻ.വി. അവസാനം കവി അന്നത്തെ മുഖ്യമന്ത്രി സി. അച്ചുതമേനോനെ കണ്ട് കാര്യം പറഞ്ഞു. സാഹിത്യതത്പരനായ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെയും അനുമതിയോടെ തൂലികാനാമം ഉപേക്ഷിച്ച് സ്വന്തം പേരിൽ ഒ.എൻ.വി പാട്ടെഴുതി. സ്വപ്നത്തിലെ 'സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി" എന്ന പാട്ടുപാടാൻ ഗായിക വാണി ജയറാമിനെ മലയാളത്തിലെത്തിച്ചതും ശിവന്റെ ഇടപെടലാണ്. പാട്ട് പാടാമെന്നേറ്ര പി. സുശീലയ്ക്ക് റെക്കോഡിംഗ് സമയത്ത് സുഖമില്ലാതായി. വേറെയാരെക്കൊണ്ട് പാടിക്കാമെന്ന സലിൽ ചൗധരിയുടെ ചോദ്യത്തിന് വാണി ജയറാം എന്നായിരുന്നു ശിവന്റെ മറുപടി. പറഞ്ഞ ദിവസം തന്നെ റെക്കോഡിംഗ് നടന്നു. സലിൽ ദാ ചിട്ടപ്പെടുത്തിയ പാട്ട് പാടണമെന്ന വാണി ജയറാമിന്റെ സ്വപ്നം സാദ്ധ്യമായതും ആ ഗാനത്തിലൂടെയാണ്.