കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ചിരു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.ഉറങ്ങാൻ കിടന്നപ്പോൾ എന്നെ നോക്കി ഒന്നു ചിരിച്ച് അപ്രതീക്ഷിത മടക്കം. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ അപ്പോൾ മൂന്നുമാസം ഗർഭിണി. കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ." പ്രിയപാതിയില്ലാതെ ഒരു വർഷം പിന്നിടുമ്പോൾ മകൻ ജൂനിയർ ചിരുവിനൊപ്പം ഹൃദയപൂർവം മേഘ്നരാജ് നൽകുന്ന ആദ്യ അഭിമുഖം..
ബംഗ് ളൂരു ജെപി നഗറിൽ മേഘ്നരാജിന്റെ വീട്.അപ്പയുടെ വീട്ടിൽനിന്ന് അമ്മയുടെ വീട്ടിൽ കുഞ്ഞുചിരു എത്തിയത് രണ്ടു ദിവസം മുമ്പാണ്.ഇപ്പോൾ മേഘ്നയുടെ ടൈംടേബിൾ തീരുമാനിക്കുന്നത് കുഞ്ഞു ചിരു ആണ്. ചെല്ലപ്പേരുകളുടെ നീണ്ട നിരയുണ്ട് ആളിന്.
അകാലത്തിൽ വിട പറഞ്ഞ കന്നട താരം ചിരഞ്ജീവി സർജയുടെയും മലയാളത്തിന് ഏറെ പരിചിതയായ നടി മേഘ്നരാജിന്റെയും മകനാണ് ഈ കുഞ്ഞൻതാരം.ചിരഞ്ജീവി സർജ മേഘ്നയ്ക്കും പ്രിയപ്പെട്ടവർക്കും ആരാധകർക്കും ചിരു ആണ്. ചിരുവിന്റെ സ് നേഹം നിറഞ്ഞ ഒാർമകൾ ഒരു വർഷം പിന്നിടുന്നു. മേഘ്ന കാത്തിരിക്കുന്നു, പ്രിയപ്പെട്ട ചിരു ഒരു ദിവസം തിരിച്ചുവരുമെന്ന്. മറുപാതിയെക്കുറിച്ചുള്ള സുന്ദരമായ ഒാർമകൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്ന മേഘ്ന ഇപ്പോൾ മുഴുവൻ സമയവും ജീവിതത്തിലെ അമ്മ വേഷത്തിൽ മുഴുകുന്നു. രണ്ടുമാസം കഴിഞ്ഞാൽ കുഞ്ഞുചിരുവിന്റെ പേരീടൽ ചടങ്ങ് നടക്കും.മേഘ്ന കണ്ടെത്തിയ പേര് അതുവരെ ആരും അറിയില്ല. ചുവരിൽ ചിരി തൂവി ചിരുവിന്റെ ചിത്രം എല്ലാം നോക്കി കാണുന്നതു പോലെ.കുഞ്ഞുചിരുവിനെ മടയിലിരുത്തി മേഘ് ന സംസാരിച്ചു തുടങ്ങി.
അപ്പാ എന്നു വിളിക്കുന്നു
കുഞ്ഞ് സംസാരിക്കാൻ തുടങ്ങിയപ്പോൾ അപ്പാ എന്നാണ് ആദ്യം പറഞ്ഞത്. പിന്നെയാണ് അമ്മ എന്നു പറഞ്ഞത്. അതിനുശേഷം താത്ത. ഒൻപതാം മാസത്തിലാണ് പേരീടൽ. ഏറെ കൗതുകം നിറഞ്ഞ പേര് ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം മാറിയാൽ മാത്രമേ പേരിടീൽ ചടങ്ങ് നടത്താൻ കഴിയൂ. ചിരുവിന്റെയും എന്റെയും ബന്ധുക്കൾക്കെല്ലാം പങ്കെടുക്കണം. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ.അതിനുപോലും സമയം തികയുന്നില്ല. അവനൊപ്പമാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. ചില ദിവസം രാവിലെ 6.30 ന് ഉണരും. ഉടൻ എന്നെ ഉണർത്തും. ഓരോ ദിവസവും ഓരോ സമയത്താണ് ഉണരുക.എല്ലാ ദിവസവും എന്തെങ്കിലും കൗതുകം ഉണ്ടായിരിക്കും അവന്റെ വക. ചിന്റു എന്നാണ് അച്ഛൻ വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ. ചിന്നു, മിന്നു എന്നാണ് എന്റെ വിളികൾ. വിളികേട്ടാൽ ആള് ചിരിക്കും. ദിഷ്ടു എന്നാണ് അനന്യ ( നടി ) വിളിക്കുക. നസ്രിയ ( നടി )വിളിക്കുന്നത് ചുമ്പക്. ചിരുവിന്റെ ആരാധകർ വിളിക്കുന്നത് ജൂനിയർ സി എന്നാണ്. സിംബാ എന്നു വിളിക്കുന്നവരുമുണ്ട് ചിരുവിന്റെ ഫോട്ടോ കോപ്പിയാണ് കുഞ്ഞ്.നോട്ടത്തിൽപോലും ചിരു . അമ്മയുടെ ഒരു രൂപം പോലും കിട്ടിയില്ല. ചിരുവിനെപ്പോലെ ശാന്തസ്വഭാവമായിരിക്കുമെന്നാണ് കരുതിയത്. ഇപ്പോൾ അമ്മയുടെ സ്വഭാവം. അത്യാവശ്യം കുസൃതിയുണ്ട്.എന്നും അവൻ ചിരുവിനെ പോലെ ഇരുന്നാൽ മതി.
ചിരു പറഞ്ഞു ആൺകുഞ്ഞ്
ജനിക്കാൻ പോവുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് ചിരു പറഞ്ഞിരുന്നു. എന്റെ ആഗ്രഹം പെൺകുഞ്ഞ്. അപ്പോൾ ചിരു പറഞ്ഞു ഉറപ്പായും ആൺകുഞ്ഞ്. കുഞ്ഞിനെക്കുറിച്ച് ചിരു ഒരുപാട് സ്വപ്നം കണ്ടു. നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് പറഞ്ഞു. ആഗ്രഹങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചിരുവിന്റെ കൈയിൽ. എല്ലാം അച്ഛൻമാരെപോലെ. ലയൺകിങിലെ സിംബയെപോലെ കുഞ്ഞിനെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും പറഞ്ഞു. കുഞ്ഞിന് ഇടാൻ ചിരു പേര് മാത്രം പറഞ്ഞില്ല. വരാൻ പോകുന്ന പത്തു വർഷത്തെപ്പറ്റി ചിരു ചിന്തിക്കാറില്ല. ഒന്നും മുൻകൂട്ടി തീരുമാനിക്കുന്ന സ്വഭാവവുമില്ല. കന്നടയിൽ ഒരു ചൊല്ലുണ്ട്. 'Before the baby comes don't buy cradle" അതേപോലെയാണ് ചിരു. ഏറെ ക്ഷമാശീലൻ. എന്തു കാര്യം സംഭവിച്ചാലും സ്വഭാവം മാറ്റാറില്ല. ചിരുവിന്റെ ഈ സ്വഭാവമാണ് എനിക്കിഷ്ടം. എല്ലാ ദിവസവും ആഘോഷമായി ജീവിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ആലോചിച്ചിട്ടുണ്ട്. ചിരുവിന്റെ ഈ സ്വഭാവം മറ്റൊരാളിലും കണ്ടില്ല. അതും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.ചിരു എല്ലാം കാണുന്നുണ്ട്. എന്നെയും കുഞ്ഞിനെയും കാണുന്നുണ്ട്. കുഞ്ഞ് ജനിച്ച സമയത്ത് ചിരുവിന്റെ ചിത്രം എന്റെ അരികിൽ വച്ചിരുന്നു. അവൻ ജനിച്ച ഉടൻ ചിരുവിനെയാണ് ഞങ്ങൾ ആദ്യം കാണിച്ചത്.ആദ്യം കാണേണ്ട ആള് അച്ഛനല്ലേ.
അന്ന് ഉറങ്ങാൻ കിടന്നപ്പോഴും ചിരി
ചിരുവിന്റെ മുഖത്ത് എപ്പോഴും കൂട്ടിന് ചിരിയുണ്ട്. ചിരിയുള്ള മുഖത്തോടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ചിരുവിന്റെ ചിത്രങ്ങളിലെല്ലാം നിറഞ്ഞ ചിരിയുണ്ട്. തമാശ കേട്ടാൽ എറെ നേരം ആസ്വദിച്ച് ചിരിക്കും.മറ്റൊരാൾ വിഷമിക്കുന്നത് ഇഷ്ടമല്ല. അതു വേഗം പരിഹരിക്കും. എല്ലാവരും എപ്പോഴും സന്തോഷത്തിൽ കഴിയണം എന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. പ്രിയപ്പെട്ടവർക്കൊപ്പം ജീവിതം നന്നായി ചിരു ആഘോഷിച്ചത് തനിക്ക് വേഗം പോവാൻ വേണ്ടിയാണെന്ന് തോന്നുന്നു. എല്ലാവർക്കും സന്തോഷം മാത്രമാണ് കൊടുത്തത്. ഞങ്ങളുടെ രണ്ടുപേരുടെ കുടുംബത്തിനും ഏറെ പ്രിയപ്പെട്ടവൻ. ഒരേ വീട്ടിൽ ചേട്ടനും അനുജനുമല്ല ആത്മാർത്ഥമായ രണ്ടു സുഹൃത്തുക്കളായിരുന്നു ചിരുവും ധ്രുവയും.അതുവരെ സിനിമയുടെ തിരക്കുകളിലായിരുന്നു രണ്ടു പേരും . രണ്ടു കുടുംബങ്ങൾക്കും ഒത്തുചേരാൻ വഴിയൊരുക്കി ലോക് ഡൗൺ . 2018 മേയ് 18ന് വിവാഹം. ആദ്യ വിവാഹവാർഷികം ഞങ്ങൾ രണ്ടുപേരുടെയും കുടുംബത്തിനൊപ്പമാണ് ആഘോഷിച്ചത്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളായിരുന്നു അത്. 2019ൽ ലായിരുന്നു ധ്രുവയുടെ വിവാഹം.പിന്നെ സർജ കുടുംബത്തിൽ ഞങ്ങൾ നാലുപേരും ഒന്നിച്ചായിരുന്നു. ധ്രുവയ്ക്കും ഭാര്യയ്ക്കും ഞാൻചേട്ടത്തി അമ്മയായി മാറി. സന്തോഷങ്ങൾ എല്ലാം അവസാനിക്കാൻ പോകുന്നതിന്റെ ഭാഗമായിരുന്നോ ഒത്തുചേരലുകളെന്ന് തോന്നി പോവാറുണ്ട്.കഴിഞ്ഞ വർഷം ജൂൺ 7 നാണ് ചിരു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഞാൻ പോകുന്നുവെന്നു പറയുകയോ ഒരു സൂചന നൽകുകയോ ചെയ്യാതെ ഉറങ്ങാൻ കിടന്നപ്പോൾ എന്നെ നോക്കി ഒന്നു ചിരിച്ച് അപ്രതീക്ഷിത മടക്കം. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ അപ്പോൾ മൂന്നുമാസം ഗർഭിണി. കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ. ചിരുവിനായിരുന്നു എന്നേക്കാൾ സന്തോഷം.ലോക് ഡൗണിലാണ് ഞാനുമായി കൂടുതൽ പ്രണയത്തിലായതെന്ന് ചിരു പറയുമായിരുന്നു.ആസമയത്ത് ചിരു എന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു.ഞാൻ ചിരുവിനെയും കൂടുതൽ പ്രണയിച്ചു.
ആഘോഷമായി ബേബി ഷവർ
ജീവിതത്തിൽ ഏതു കാര്യം ചെയ്യുമ്പോഴും ആഘോഷമാക്കുന്നതാണ് ചിരുവിന്റെ രീതി. ചിരു പോയതിനാൽ ബേബി ഷവർ വേണ്ടെന്ന് ഞാൻ പറഞ്ഞു. ഒടുവിൽ എല്ലാവരും നിർബന്ധിച്ചു.ധ്രുവയുടെയും അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളുടെയും മൂന്നു ഷവർ കിട്ടി. എല്ലാം ചിരു മുൻകൂട്ടി നിശ്ചയിച്ച് ചെയ്തതു പോലെ . പതിന്നാല് വർഷം മുൻപാണ് ചിരുവിനെ ആദ്യം കാണുന്നത്. ഞങ്ങൾ രണ്ടുപേരുടെയും സിനിമ കുടുംബം.അതിനാൽ വീട്ടുകാർ തമ്മിൽ അറിയാമായിരുന്നു. അമ്മയാണ് എനിക്ക് പരിചയപ്പെടുത്തുന്നത്. അപ്പോൾ ഒരു മാന്ത്രികത അനുഭവപ്പെട്ടു. നാളെ പ്രിയ പാതിയായി മാറുമെന്നൊന്നും അപ്പോൾ കരുതിയില്ല. ആദ്യ കാഴ്ചയിൽത്തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടെന്നു തോന്നി. ആ ദിവസം ജീവിതത്തിൽ മറക്കാൻ കഴിയില്ല.പത്തുവർഷം നീണ്ട പ്രണയം. വിവാഹംവരെ എത്താൻ ആ സമയം വേണമെന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു.പരസ്പരം അറിയുകയും മനസിലാക്കുകയും വേണം.വിവാഹത്തിൽ എത്താൻ പാകപ്പെടുകയും വേണം. 'വിൽ യു മ്യാരി മീ' എന്നു ചിരുവിൽ നിന്ന് കേൾക്കേണ്ടി വന്നില്ല. അനുയോജ്യമായ സമയം വന്നു ചേർന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു വിവാഹം. പ്രണയിച്ച ആ പത്തു വർഷത്തിലെ എല്ലാ ദിവസവും ഞങ്ങൾക്ക് പുതുദിനമായി അനുഭവപ്പെട്ടു.
ചിരു, നമ്മുടെ സമ്മാനം
എപ്പോഴാണ് ഞങ്ങൾക്ക് ജൂനിയർ സിയെ കാണാൻ കഴിയുക എന്ന് ആരാധകർ ചോദിച്ചു.ഏറ്റവും പ്രത്യേകത നിറഞ്ഞ ദിനത്തിൽ പരിചയപ്പെടുത്താമെന്ന് ഞാൻ വാക്ക് നൽകി. അവർ ചോദിക്കുമ്പോൾ കുഞ്ഞിന് മൂന്നര മാസം ആകുന്നതേയുള്ളൂ.കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രംആദ്യമായി പങ്കുവയ്ക്കുന്നത്. വാലന്റൈൻസ് ഡേ ചിരുവിനും എനിക്കും പ്രിയപ്പെട്ടതാണ്. അതിനു മുൻപത്തെ വാലന്റൈൻസ് ഡേ ചിരുവും ഞാനും ചേർന്നാണ് ആഘോഷിച്ചത്. യഥാർത്ഥമായി ഞങ്ങൾ പ്രണയവും, സ്നേഹവും സമ്മാനിച്ചതിന്റെ ഫലമായി ലഭിച്ച നിധിയെയാണ് ചിരുവില്ലാത്തവാലന്റൈൻസ് ഡേയിൽ ലോകത്തിന് കാട്ടിയത്. ഇതാണ് ചിരുവിന് ഞാൻ നൽകുന്ന സമ്മാനം. ഇതിലും വലിയ സമ്മാനം എന്റെ പ്രണയിതാവിന് നൽകാനില്ല. ചിരു തീർച്ചയായും കണ്ടിട്ടുണ്ട്.കന്നട സിനിമ 'അട്ടഗരെ"യിലാണ് ഞങ്ങൾ ആദ്യമായും അവസാനമായും ഒന്നിച്ചഭിനയിച്ചത്. വലിയ സാമ്പത്തിക വിജയം അട്ടഗരെ നേടി. ചിരുവിനൊപ്പം വീണ്ടും അഭിനയിക്കണമെന്ന് വിവാഹശേഷം ആഗ്രഹിച്ചു. ജീവിതത്തിൽ ഒന്നിച്ചവർ വീണ്ടും സിനിമയിൽ നായകനും നായികയും. ചിരുവും ആഗ്രഹിച്ചു . അതിനു മുൻപേ ചിരു പോയി. ചിരു, നിന്നെ എന്നും
ഞാൻ പ്രണയിക്കുംഞങ്ങൾ ദിവസവുംകാണുന്നു
ഏറ്റവും അടുത്ത സുഹൃത്ത്, മകൻ,വഴികാട്ടി അതിലുപരി എന്റെ ആത്മാവിന്റെ ഭാഗം തന്നെയാണ് ചിരു. ഞാൻ ചിരുവിനോട് സംസാരിക്കണമെന്നില്ല. എന്റെ നോട്ടം മനസ്, ഇഷ്ടം, എനിക്ക് എന്തുവേണം എല്ലാം ചിരുവിന് അറിയാം. എന്റെ ജീവിതം തിരിച്ചറിഞ്ഞത്, എന്നെ പൂർണമായി മനസിലാക്കിയത് ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങൾ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമെന്ന് കരുതാനാണ് താത്പര്യം. നമുക്ക് വീട്ടിൽ പോവാമെന്ന് എന്നോട് പറയും. ആ വിളി കാതോർക്കുന്നു. എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ ചെറിയ വഴക്ക് ഉണ്ടാവുമായിരുന്നു. ഇപ്പോഴും വഴക്ക് കൂടണമെന്നുണ്ട്.യാത്രകളെ അധികം ഇഷ്ടപ്പെടാത്ത ചിരു. എന്റെ ഇഷ്ടത്തിനൊപ്പം കൂടെ നിന്നു. അങ്ങനെ ഒത്തുവന്നതാണ് പാരീസ് യാത്ര . 'എല്ലാം തീരുമാനിച്ചശേഷം പറയൂ", ഞാൻ എവിടെ വേണമെങ്കിലും വരാമെന്ന് പറയുമായിരുന്നു.ഭാര്യ വേണ്ട സുഹൃത്തുക്കൾ മതിയെന്ന് ഞാൻ ചിരുവിനോട് പരാതി പറഞ്ഞിട്ടുണ്ട്.
സൗഹൃദങ്ങളെ അത്രമാത്രം കാത്തുസൂക്ഷിച്ചു ചിരു. കുടുംബത്തെ കാണുംപോലെയാണ് സുഹൃത്തുക്കളെ ഉൾക്കൊണ്ടത്. ചിരുവിന്റെ മരണശേഷമാണ് സൗഹൃദത്തിന്റെ വില അറിയുന്നത്. ചിരു ആണ് അതു കാട്ടി തന്നത്.വിഷമഘട്ടത്തിൽ കൂടെ നിൽക്കുകയും ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ,ആശ്വാസം പകരുകയും ചെയ്തു ചിരുവിന്റെയും എന്റെയും സുഹൃത്തുക്കൾ.എല്ലാവരും എന്നെ ചേർത്തു പിടിച്ചു. ആസമയത്തു മാത്രമല്ല ഇപ്പോഴും തുടരുന്നു. ജീവിതാവസാനം വരെ അതു ഉണ്ടാവും.
നസ്രിയയുടെയും അനന്യയുടെയും നല്ല സുഹൃത്തായിരുന്നു ചിരു. ഞാൻ വളരെ ശക്തയായ പെൺകുട്ടിയാണെന്ന് അമ്മ പറയാറുണ്ട്.
ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല.നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു. സാഹചര്യമാണ് ഏതൊരു സ്ത്രീയെയും ശക്തയാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ശക്തയായ സ്ത്രീ ആയിരിക്കും.ചിരുവിന്റെ മരണശേഷമാണ് എനിക്ക് നഷ്ടങ്ങളുടെ വില മനസിലായത്.
ദൈവത്തിന് സംഭവിച്ച തെറ്ര്
ദൈവത്തിനോട് ചെറിയ ദേഷ്യമുണ്ട് എല്ലാം തന്നിട്ട് തട്ടിപ്പറിച്ചുകൊണ്ടു പോയി. ഒരു വാക്ക് പറയാതെ. ചിലനേരത്ത് ദൈവത്തിനും തെറ്റ് സംഭവിക്കാം. മനുഷ്യരെ പോലെ.
എന്നാൽ ദൈവവിശ്വാസം ഇപ്പോഴുമുണ്ട്. ചിരു ഇത്ര വേഗം എന്തിനു പോയി എന്നു ചോദ്യത്തിനു ഉത്തരം ലഭിക്കുന്നില്ല.ഒരു ദിവസം തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു. മടങ്ങി വന്നാൽ ഒന്നും ചോദിക്കില്ല. ഇനി എവിടെയും പോവരുതെന്ന് പറയും. എന്റെകൂടെ താമസിക്കണമെന്നും. ചിരുവിന്റെ ' കുട്ടിമാ" ആണ് ഞാൻ. എന്റെ ചെല്ലപ്പേര്. അച്ഛനും അമ്മയും ചിരുവും മാത്രം വിളിക്കുന്ന പേര്.
ലവ് ഒക്ടോബർ
ഒക്ടോബർ 17 ന് ചിരുവിന്റെ ജന്മദിനം. ഒക്ടോബർ 22 ന് ജൂനിയർ ചിരുവിന്റെ ജന്മദിനം. ധ്രുവിന്റെ ജന്മദിനം ഒക്ടോബർ 6 ന്. മൂന്നു വർഷം മുൻപ് ഒക്ടോബർ 22 നാണ് ചിരുവിന്റെയും എന്റെയും വിവാഹം ഉറപ്പിച്ചത്. ഇതേ ദിവസമാണ് കുഞ്ഞ് ജനിച്ചത്. ചിരുവിന്റെ പുനർ ജന്മമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒക്ടോബർ എന്നുംപ്രിയപ്പെട്ടത്.
ഒരുവർഷംകഴിഞ്ഞ് മടങ്ങിവരും
സിനിമയിൽ അഭിനയിക്കുന്ന എന്നെയാണ് ചിരുവിന് ഇഷ്ടം.ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്ന് ചിരു ആഗ്രഹിച്ചു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. രണ്ടുവർഷമായി മലയാളത്തിൽ അഭിനയിച്ചിട്ട്.ഇപ്പോൾ കുഞ്ഞിന്റെ കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ.ഒരു വർഷം കഴിഞ്ഞു സിനിമയിലേക്ക് മടങ്ങി വരണമെന്നാണ്ആഗ്രഹം.
ചിരുവിനെ പിന്നാലെബ്രൂണോ
പത്തുവർഷമായി ചിരുവിന്റെ വീട്ടിലെ അംഗമായിരുന്നു ബ്രൂണോ എന്ന വളർത്തുനായ.ചിരുവിന് എറെ പ്രിയങ്കരൻ. വീട്ടിൽ വരുന്നവർ ആദ്യം അന്വേഷിക്കുന്നത് ബ്രൂണോയെ ആയിരുന്നു. ഒരു മാസം മുൻപ് അപ്രതീക്ഷിതമായി ബ്രൂണോയും പോയി. വീട്ടുവളപ്പിൽ എവിടെയോ ബ്രൂണോ ഉണ്ടെന്ന് തോന്നാറുണ്ട്.