ന്യൂഡൽഹി : ഡ്രോണുകൾ ഉപയോഗിച്ച് തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്തേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് പലകുറി വന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യം അത്തരമൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചത്. പാക് അതിർത്തിയോട് ചേർന്നുള്ള ജമ്മു വിമാനത്താവളത്തിലാണ് ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. വ്യോമതാവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലായിരുന്നു ആക്രമണം. വ്യോമസേനയുടെ ഹെലികോപ്ടറുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെങ്കിലും ഭീകരരുടെ ലക്ഷ്യം പിഴച്ചതിനാൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായില്ല. എന്നിരുന്നാലും ഭീകരാക്രമണത്തെ ഗൗരവത്തോടെയാണ് സൈന്യവും സർക്കാരും വീക്ഷിക്കുന്നത്.
ജമ്മുവിലെ ഭീകരാക്രമണത്തിന് തക്ക ശിക്ഷ തീവ്രവാദികൾക്ക് നൽകണമെന്ന അഭിപ്രായം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരവേ ഡ്രോൺ ആക്രമണത്തെ കുറിച്ച് യു എൻ പൊതുസഭയിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുകയാണ് ഇന്ത്യ ആദ്യ പടിയായി ചെയ്തത്. തീവ്രവാദത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി വി എസ് കൗമുദി പറഞ്ഞു. പൊതുസഭയിൽ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജൻസികളുടെ തലവന്റെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രവാദ പ്രചാരണം, തീവ്രവാദവൽക്കരണം, കേഡർമാരെ നിയമിക്കൽ എന്നിവയ്ക്കായി ഇന്റർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയ വിവര ആശയവിനിമയ സാങ്കേതികവിദ്യയുടെ ദുരുപയോഗം
ഇക്കാലത്ത് വർദ്ധിക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനുള്ള ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നതായും പുതിയ രീതിയിലുള്ള പേയ്മെന്റ് രീതികൾ ഇതിനായി ഉപയോഗിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. കുറഞ്ഞ ചിലവിൽ വാങ്ങാനാവും എന്നത് ഡ്രോണുകളുടെ അപകട സാദ്ധ്യത കൂട്ടുന്നുണ്ട്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾക്ക് ആസന്നമായ അപകടവും വെല്ലുവിളിയുമാണിത്. തീവ്രവാദ ആവശ്യങ്ങൾക്കായി ആയുധം നിറച്ച ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാൽ അംഗരാജ്യങ്ങളുടെ ഗൗരവമായ ശ്രദ്ധ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ ഗ്രൂപ്പുകളാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് കണക്കാക്കുന്നു. ഇതിന് മുൻപ് ഡ്രോൺ ഉപയോഗിച്ച് അതിർത്തിക്കപ്പുറത്ത് നിന്നും ആയുധങ്ങൾ എത്തിക്കുന്നത് കണ്ടെത്തിയിരുന്നു. ജമ്മു വിമാനത്താവളത്തിലെ ആക്രമണ ശേഷവും ഡ്രോണുകളെ സൈന്യം കണ്ടെത്തിയിരുന്നു. രത്നൂ ചക്കലുചക് സ്റ്റേഷനിലെ കരസേനാ സേനാംഗങ്ങളാണ് ഡ്രോണുകളെ കണ്ടെത്തി വെടിയുതിർത്തത്.