തിരുവനന്തപുരം: വനം കൊളള രാഷ്‌ട്രീയ തീരുമാനമായിരുന്നുവെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിൽ നിന്ന് പണം അടിച്ചുമാറ്റൽ അല്ലാതെ എന്ത് കൊവിഡ് പ്രതിരോധമാണ് നടത്തുന്നതെന്ന് കേരളം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗജന്യ വാക്‌സിൻ ഉൾപ്പടെയുള്ള എല്ലാം കേന്ദ്രം നൽകുന്നതാണ്. ഇതൊക്കെ സ്വന്തം നേട്ടമാണെന്ന് കാണിച്ച് ആറ് മണിയ്‌ക്ക് വാർത്താസമ്മേളനം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തിൽ മൂന്നിലൊരു പങ്ക് പോകുന്നത് സി പി എമ്മിനെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. കേസിൽ ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇനിയും ബാക്കി വരാൻ ഇരിക്കുന്നതേയുള്ളൂ. സി പി എം തടിച്ച് കൊഴുക്കുന്നത് കള്ളക്കടത്ത് സംഘങ്ങളുടെ പിന്തുണയോടെയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത വർഗീയ ഭീകരവാദ ശക്തികളുടെ പിന്തുണയോടെയാണ് എൽ ഡി എഫ് അധികാരത്തിൽ വന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ നടന്ന സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ഒരെണ്ണം പോലും തെളിയിക്കാനായിട്ടില്ല. മരം കൊള്ളയുടെ പങ്ക് പറ്റിയിരിക്കുന്നത് ഭരണ നേതൃത്വമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.