pinarayi

​​​​ബംഗളൂരു : കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങളുടെ പഴയ പേര് മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ. കന്നഡയും മലയാളവും ഉള്‍പ്പടെയുള്ള ഭാഷകള്‍ സംസാരിക്കുന്ന അതിര്‍ത്തി മേഖലയിലെ ആളുകള്‍ക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമെടുക്കരുതെന്നാണ് കേരള മുഖ്യമന്ത്രിയോട് യദ്യൂരപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

കന്നഡ സംസാരിക്കുന്ന നിരവധി ആളുകള്‍ ഉള്ള ഇവിടെ, അവരുടെ അഭിപ്രായം പരിഗണിക്കാതെ ചില ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമീപകാലത്ത് ശ്രമിക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നഡ, തുളു സംസ്‌കാരത്തെ നശിപ്പിക്കുന്ന ഈ തീരുമാനം ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും. കന്നഡ, മലയാളം ഭാഷകള്‍ സംസാരിക്കുന്ന പൊതുജനങ്ങള്‍ക്കിടയിലെ ഐക്യം, സൗഹൃദം, സാഹോദര്യം എന്നിവയെ ബാധിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതിര്‍ത്തി പ്രദേശത്തെ ചില കേരള ഗ്രാമങ്ങളുടെ പേരുകള്‍ കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റാനുള്ള തീരുമാനം ഇവിടത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നതാണെന്നും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്ന നടപടി നിര്‍ത്തി വയ്ക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ആദ്യം ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് അദ്ദേഹം കേരള മുഖ്യമന്ത്രിക്ക് കത്തും അയച്ചിരുന്നു. അതേസമയം ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്നും, ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലടക്കം ഗ്രാമങ്ങളുടെ പേര് മാറ്റുന്നത് സംബന്ധിച്ച് പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. സ്ഥലപ്പേരുകൾ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടർ സജിത് ബാബു പ്രതികരിച്ചു. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫും പേരുമാറ്റത്തെ നിഷേധിച്ചിട്ടുണ്ട്.