mukhtar

ന്യൂഡൽഹി: വാ‌ർത്തകൾ അറിയുന്നതിനു വേണ്ടി തന്റെ സെല്ലിൽ ടി വി അനുവദിക്കണമെന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബി എസ് പി നേതാവ് മുഖ്ത്തർ അൻസാരി കോടതിയിൽ ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച കുറ്റത്തിന് ജയിലിൽ കഴിയുന്ന മുൻ അധോലോകനേതാവ് കൂടിയായ അൻസാരിയെ ബരാബാങ്കി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോഴായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ടി വി കൂടാതെ നടുവ് വേദനയുടെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും അൻസാരി ആവശ്യപ്പെട്ടു.

എന്നാൽ അൻസാരി ടി വി ആവശ്യപ്പെടുകയല്ല മറിച്ച് ഉത്തർപ്രദേശ് സർക്കാർ തന്നോട് കാണിക്കുന്ന വിവേചനം കോടതിക്കു മുന്നിൽ കൊണ്ടു വരികയാണ് ചെയ്തതെന്ന് അൻസാരിയുടെ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ തന്റെ കക്ഷിയോട് ചിറ്റമ്മനയമാണ് കാണിക്കുന്നതെന്നും അഭിഭാഷകൻ ആരോപിച്ചു.

ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തുള്ള എല്ലാ ജയിലുകളിലും പുറത്തെ വാ‌ർത്തകൾ അറിയുന്നതിനു വേണ്ടി ടി വി നൽകിയിട്ടുണ്ടെന്നും എന്നാൽ തനിക്ക് മാത്രം ഈ സൗകര്യം ലഭിക്കുന്നില്ലെന്നും അൻസാരി കോടതിയെ അറിയിച്ചു. കടുത്ത നടുവേദനയുള്ളതിനാൽ എല്ലാ ദിവസവും തന്റെ ഫിസിയോതെറാപിസ്റ്റിന്റെ സേവനം ജയിലിൽ ലഭ്യമാക്കാൻ അനുവദിക്കണമെന്നും അൻസാരി പറഞ്ഞു. താൻ നിരന്തരം ആവശ്യപ്പെട്ടിട്ടും തന്റെ ഈ ആവശ്യങ്ങളോട് ജയിൽ അധികൃത‌‌ർ മൗനം പാലിക്കുകയാണെന്ന് അൻസാരി കോടതിയെ ബോധിപ്പിച്ചു. അതേസമയം അൻസാരിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂലായ് 5 വരെ നീട്ടി.