ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ നിയന്ത്രണങ്ങൾ ലംഘിച്ച് സെൻട്രൽ വിസ്‌ത പദ്ധതി നടപ്പാക്കുന്നുവെന്നും അത് തടയണമെന്നും കാണിച്ചുളള ഹർജി സുപ്രീംകോടതി തളളി. ജസ്‌റ്റിസ് എ.എം ഖാൻവീൽക്കർ, ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തളളിയത്. ഹർജി തളളിക്കൊണ്ട് മുൻപ് ഹൈക്കോടതി ഇറക്കിയ ഉത്തരവ് ശരിവച്ച സുപ്രീംകോടതി ഡൽഹി ഹൈക്കോടതി ഹർജിക്കാർക്ക് വിധിച്ച ഒരു ലക്ഷം രൂപ പിഴശിക്ഷ എടുത്തുകളഞ്ഞതുമില്ല.
ഒരു പദ്ധതിയെ മാത്രം ഉദ്ദേശിച്ചാണ് ഈ ഹർജി. ലോക്ഡൗൺ കാലത്ത് അനുവദിച്ച മറ്റ് പദ്ധതികളെ കുറിച്ച് അടിസ്ഥാനപരമായ അറിവ് പോലും ഹർജിക്കാർക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ഹർജി ദുഷ്‌ടലാക്കോടെയുളളതാണെന്നും സത്യസന്ധമായ ഉദ്ദേശ്യമില്ലാത്തതുമാണെന്ന് കാട്ടിയായിരുന്നു ഡൽഹി ഹൈക്കോടതി ഹർജി തളളിയത്. മാത്രമല്ല ഹർജിക്കാർക്ക് കോടതി ഒരുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പദ്ധതി പണികൾ ആരംഭിച്ചതെന്ന് സർക്കാരും ജോലി ഏറ്റെടുത്ത കമ്പനിയും അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാണ് കോടതി വിധി.