കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി തുടരുകയും മൂന്നാം തരംഗ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരെത്തും പിടിയുമില്ലാത്ത അവസ്ഥയിലാണ് സിനിമാ ലോകം. പൂട്ടിക്കിടക്കുന്ന തിയേറ്ററുകളിൽ എന്നുമുതൽ പ്രദർശനം പുനരാരംഭിക്കാൻ കഴിയുമെന്നോ മുടങ്ങിക്കിടക്കുന്ന ചിത്രീകരണങ്ങൾ എന്നു മുതൽ പുനരാരംഭിക്കാൻ കഴിയുമെന്നോ ആർക്കും പ്രവചിക്കാനാകാത്ത അവസ്ഥയിൽ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് സിനിമാ ലോകം കടന്നുപോകുന്നത്. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നാണ് സർക്കാർ നിലപാട്. കേരളത്തിലെ ചെറുതും വലുതുമായ ഒട്ടേറെ തിയേറ്ററുകൾ പ്രവർത്തനം അവസാനിപ്പിക്കുകയോ പൊളിച്ച് മാറ്റുകയോ ചെയ്തുകഴിഞ്ഞു. പല തിയേറ്ററുകളും എന്നന്നേക്കുമായുള്ള അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുന്നതിനാൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുൾപ്പെടെ ഒ.ടി.ടി റിലീസിന് ശ്രമിക്കുകയാണ്. പല സിനിമകളുടെയും അണിയറ പ്രവർത്തകർ വിവിധ ഒ.ടി.ടി പ്ളാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയാണ്. മുൻനിര താരങ്ങളുടെ ചിത്രങ്ങളാണ് ഇതിലേറെയും.
പ്രമുഖ ഒ.ടി.ടി പ്ളാറ്റ്ഫോമുകളും താര ചിത്രങ്ങൾക്ക് തന്നെയാണ് മുൻതൂക്കം നൽകുന്നത്. വമ്പൻ ചിത്രങ്ങളുടെ മുടക്ക് മുതലിന്റെ തൊണ്ണൂറ് ശതമാനമെങ്കിലും സ്ട്രീമിംഗ് റൈറ്റായി ഒ.ടി.ടി പ്ളാറ്റ് ഫോമുകളിൽ നിന്ന് ലഭിച്ചാൽ സാറ്റലൈറ്റ് റൈറ്റ് കൂടി വിറ്റ് തത്ക്കാലം സേഫാകാമെന്ന കണക്ക് കൂട്ടലിലാണ് നിർമ്മാതാക്കളിൽ പലരും.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം 2 ആണ് സമീപകാലത്ത് ഒ.ടി.ടിയിൽ വൻകൊയ്ത്ത് നടത്തിയ ചിത്രം. മുപ്പതുകോടി രൂപയിലധികം നൽകിയാണ് ഈ ചിത്രം ആമസോൺ സ്വന്തമാക്കിയതെന്നാണ് അനൗദ്യോഗിക വിവരം. റീമേക്ക് റൈറ്റുകളും സാറ്റലൈറ്റ് റൈറ്റുകളും വിറ്റതുൾപ്പെടെ ചിത്രത്തിന് അമ്പതുകോടിക്ക് മേൽ ടോട്ടൽ ബിസിനസ് നടന്നുവെന്നും സൂചനയുണ്ട്.ദൃശ്യം 2 ന്റെ ഐതിഹാസിക വിജയത്തിന് ശേഷം മോഹൻലാലും ജീത്തുജോസഫും ആന്റണി പെരുമ്പാവൂരും ചേർന്ന് ഒ.ടി.ടിക്ക് വേണ്ടി വീണ്ടും ഒരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മാലിക്കും ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഒ.ടി.ടി റൈറ്റും സാറ്റലൈറ്റ് റൈറ്റും ഉൾപ്പെടെ ഇതിനകം മാലിക്കിന് മുപ്പതുകോടി രൂപയ്ക്കു മേൽ ബിസിനസ് നടന്നുകഴിഞ്ഞതായാണ് വിവരം.
തനു ബാലക് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ കോൾഡ് കേസും ഒ.ടി.ടി യിൽ റിലീസ് ചെയ്തുകഴിഞ്ഞു. എന്നാൽ, പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ മരക്കാർർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. ആഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. പിന്നാലെ ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോയെത്തും. നിവിൻപോളി നായകനാകുന്ന തുറമുഖം, ദുൽഖർ നായകനാകുന്ന കുറുപ്പ് എന്നീ ചിത്രങ്ങളും ഒ.ടി.ടി റിലീസിനൊരുങ്ങുന്നതായാണ് സൂചന.ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലെ ആഗോള ഭീമന്മാരായ ആമസോൺ പ്രൈമും നെറ്റ്ഫിക്സുമൊക്കെ ഹിന്ദി ഉൾപ്പെടെയുള്ള ഇതര ഭാഷകളിലെ വെബ് സീരീസുകളും കഴിഞ്ഞുള്ള പ്രാധാന്യമേ മലയാള സിനിമകൾക്ക് നൽകുന്നുള്ളുവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.തിയേറ്ററിൽ റിലീസാകാതെ ഒ.ടി.ടിയിൽ പ്രീമിയർ ചെയ്യുന്ന ചിത്രങ്ങൾ, തിയേറ്ററിൽ റിലീസ് ചെയ്ത ശേഷം ഒ.ടി.ടിയിൽ വരുന്ന ചിത്രങ്ങൾ , പ്രേക്ഷകർ കാണുന്നതിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാവിന് ലാഭ വിഹിതം നൽകുന്ന പേ പെർവ്യൂ എന്നിങ്ങനെ മൂന്ന് തീരം ബിസിനസ് രീതികളാണ് പല ഒ.ടി.ടി പ്ളാറ്റ്ഫോമുകളും കൈക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ സീസണുകളിലൊന്നായ ഒാണക്കാലത്ത് തിയേറ്ററുകൾ തുറന്നാലും ഏതൊക്കെ സിനിമകൾ റിലീസ് ചെയ്യുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ലോക വ്യാപകമായി കൊവിഡ് ഭീതി അകന്ന് ആഗോള വിപണി സജീവമാകാതെ വൻ ബഡ്ജറ്റ് സിനിമകൾ റിലീസ് ചെയ്തിട്ട് കാര്യമില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കൾ . പല വമ്പൻ സിനിമകളും നിൽക്കക്കള്ളിയില്ലാതെ ഒ.ടി.ടി റിലീസിന് നിർമ്മാതാക്കളിൽ പലരും തയ്യാറായെങ്കിലും അവർ ആവശ്യപ്പെടുന്ന ഭീമമായ തുക നൽകി സിനിമകൾ വാങ്ങാൻ ഒ.ടി.ടി പ്ളാറ്റ് ഫോമുകൾ തയ്യാറല്ല.മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ഇൗ ചിത്രം നിർമ്മിക്കുന്നത്. വീക്കെൻഡ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രമായ മിന്നൽ മുരളി ഒാണം റിലീസാണ് പ്ളാൻ ചെയ്യുന്നത്. മോഹവിലയ്ക്കാണ് ചിത്രത്തിന്റെ റൈറ്റുകൾ പലതും വിറ്റു പോയതെന്നാണ് സൂചന.
വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന മിന്നൽ മുരളിയുടെ ഹിന്ദി സാറ്റലൈറ്റ് അവകാശം തന്നെ രണ്ടേ കാൽ കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തമിഴ് , തെലുങ്ക്, കന്നഡ വിതരണാവകാശങ്ങൾക്കായി മുൻനിര വിതരണക്കാർ രംഗത്തുണ്ട്. മുപ്പത് കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇനി മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് മിന്നൽ മുരളിക്ക് അവശേഷിക്കുന്നത്. ടൊവിനോയ്ക്കും കാമറാമാൻ സമീർ താഹിറിനുമൊക്കെ കൊവിഡ് ബാധിച്ചതോടെയാണ് ചിത്രം ഷെഡ്യൂൾ പായ്ക്കപ്പ് ചെയ്തത്. പിന്നാലെ ലോക് ഡൗണും വന്നു.