ഹൊറർ സിനിമകൾക്ക് പിന്നിലെ ഞെട്ടിപ്പിക്കുന്ന കഥകൾ
ഒരു പക്ഷേ, വാസ്തവ വിരുദ്ധമായിരിക്കാം.. അല്ലെങ്കിൽ വെറും യാദൃശ്ചികമോ, കെട്ടുകഥയോ ആകാം...പക്ഷേ, അർബാൻ ലെജന്റുകൾ ( വർത്തമാനകാല ഐതീഹ്യം,നഗരസംബന്ധിയായ കെട്ടുകഥ) കേൾക്കുന്നത് വളരെ രസകരമായ ഒന്നാണ്. സിനിമാ ലോകത്തും ഇത്തരം അർബാൻ ലെജന്റുകളും മിത്തുകളും വിശ്വാസങ്ങളുമൊക്കെയുണ്ട്. മുത്തശ്ശികഥകളെന്ന പോലെ വർഷങ്ങളായി കേൾക്കുന്ന ശാപ കഥകളുമുണ്ട്. ചില സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ റിലീസ് ആകുന്നത് വരെയുള്ള കാലയളവിനിടെ അതിന്റെ അണിയറ പ്രവർത്തകർക്ക് നേരിടേണ്ടി വന്ന അസ്വഭാവിക സംഭവങ്ങളാണ് ഇതിൽ കൂടുതലും. വിശ്വാസത്തിനും സത്യത്തിനും അപ്പുറം കേൾവിക്കാരെ ഭയപ്പെടുത്തുന്ന ദൗർഭാഗ്യകരവും ദാരുണവുമായ സംഭവങ്ങളാണ് ഇത്തരം സിനിമകൾക്ക് പിന്നിലെ കഥകൾക്ക് പറയാനുള്ളത്.
ഹൊറർ സിനിമകൾക്ക് പിന്നിലാണ് പ്രധാനമായും ഇത്തരം പ്രചാരണങ്ങളുള്ളത്. സിനിമയുടെ പ്രൊമോഷന് വേണ്ടി സൃഷ്ടിച്ച നുണക്കഥളെന്ന് തള്ളിപ്പറയുന്നവർ മാത്രമല്ല, ഈ കഥകളൊക്കെ യാഥാർത്ഥ്യമാണെന്ന് വാദിക്കുന്ന സിനിമാ പ്രവർത്തകരും നിരൂപകരുമുണ്ട്. ഇവയെ കൂട്ടിയിണക്കി പ്രശസ്തമായ ഡോക്യുമെന്ററികൾ പോലും പുറത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഏതാനും സിനിമകളെ ചുറ്റിപ്പറ്റി പ്രചാരത്തിലുള്ള ' ശാപ കഥകളി"ലൂടെ.
ദ ക്രോ
1994ൽ പുറത്തിറങ്ങിയ ആക്ഷൻ ഫാന്റസി ചിത്രമായ ' ദ ക്രോ " ശാപം കിട്ടിയ ഹോളിവുഡ് സിനിമകളുടെ കൂട്ടത്തിൽ മുൻനിരയിലുണ്ട്. പക്ഷേ, ശരിക്കും ഈ സിനിമയെ ചുറ്റിപ്പറ്റിയല്ല, മറിച്ച് അതിലെ നായകന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തമാണ് ക്രോയ്ക്ക് ഇങ്ങനെയൊരു ഖ്യാതി വാങ്ങിക്കൊടുത്തത്. നായകന്റെ മരണവും നായകന്റെ കുടുംബത്തെ വേട്ടയാടിയ ശാപക്കഥയുമെല്ലാം കൂടിയായപ്പോൾ ക്രോ ശരിക്കും അതിന്റെയെല്ലാം ഓർമകൾ വഹിക്കുന്ന ഒരു ദുരന്തകാവ്യത്തിന് സമാനമാവുകയായിരുന്നു.
ക്രോയിലെ നായകനെ പറ്റി മിക്കവരും കേട്ടിരിക്കാം. പേര് ബ്രണ്ടൻലി. ഒന്നുകൂടി വിശദമായി പറഞ്ഞാൽ സിനിമയിലൂടെ മാർഷ്യൽ ആർട്സിന്റെ ത്രസിപ്പിക്കുന്ന ആക്ഷനുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച അവിസ്മരണീയ നടൻ ബ്രൂസ് ലിയുടെ മകൻ.!
ബ്രൂസ് ലി മരിച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകന്റെ സിനിമയിലേക്കുള്ള വരവിനെ ഒരു പ്രത്യേക ആവേശത്തോടെയാണ് ഏവരും കണ്ടത്. എന്നാൽ, ആ ആവേശം അധികനാൾ നീണ്ട് നിന്നില്ല. ക്രോയുടെ സെറ്റിൽ വച്ച് അതിദാരുണമായ ഒരു വിധിയായിരുന്നു വെറും 28 വയസ് മാത്രമുണ്ടായിരുന്ന ബ്രണ്ടനെ കാത്തിരുന്നത്.
1993 മാർച്ച് 31നായിരുന്നു ആ ദുരന്തം. അവസാനമായി ബാക്കിയുള്ള ഏതാനും സീനുകളിൽ ഒന്നിന്റെ ചിത്രീകരണം നടക്കുകയാണ്. ബ്രണ്ടൻ ലിവെടിയേറ്റ് വീഴുന്നതാണ് രംഗം. ഇതിനായി റബ്ബർ ബുള്ളറ്റോട് കൂടിയ ഒരു ഡമ്മി തോക്ക് തയാറാക്കി വച്ചിരുന്നു. വില്ലൻ വെടിവച്ചപ്പോൾ ബ്രണ്ടൻ നിലത്ത് വീണു. ഡയറക്ടർ കട്ട് പറഞ്ഞിട്ടും ബ്രണ്ടൻ ചലനമറ്റ് കിടന്നു. ബ്രണ്ടന് ശരിക്കും വെടിയേറ്റിരിക്കുന്നു.! യഥാർത്ഥ തോക്ക് എങ്ങനെയോ ഡമ്മിയ്ക്കിടയിൽ കയറിക്കൂടി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ബ്രണ്ടൻ മരണത്തിന് കീഴടങ്ങി. ! അശ്രദ്ധ വരുത്തിവച്ച യാദൃശ്ചികമായ അപകടമായി ബ്രണ്ടൻ ലീയുടെ മരണത്തിന് അധികൃതർ വിധിയെഴുതിയെങ്കിലും കരുതികൂട്ടി ചെയ്ത കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ബ്രണ്ടന്റെ മരണത്തിന് പിന്നാലെ ബ്രൂസ് ലികുടുംബത്തിനെ വലയം ചെയ്ത് നിരവധി കഥകളും പ്രചരിക്കാൻ തുടങ്ങി. തന്റെ പിതാവിന്റെ പകുതി ആയുസ് മാത്രമേ തനിക്കുണ്ടാകു എന്ന് ബ്രൂസിലിയോട് മുമ്പ് ആരോ പറഞ്ഞിട്ടുണ്ടത്രെ. 64ാം വയസിലാണ് ബ്രൂസ്ലീയുടെ അച്ഛൻ മരിച്ചത്. ബ്രൂസ് ലി മരിച്ചത് 32ാം വയസിൽ. 64ന്റെ കൃത്യം പകുതി.
ബ്രൂസ്ലിയെ പോലെ അകാലമരണം തന്നെയും തേടിയെത്തുമെന്ന വിശ്വാസം ബ്രണ്ടനുമുണ്ടായിരുന്നത്രെ. പുരാതന ചൈനീസ് വിശ്വാസമായ ഫെംഗ് ഷുയി അനുസരിച്ച് ശാപം കിട്ടിയതാണ് ബ്രൂസ് ലിയുടെ കുടുംബമെന്ന് ചിലർ പറയാൻ തുടങ്ങി. ബ്രണ്ടന്റെ മരണശേഷം ബ്രൂസ് ലി കുടുംബത്തെ പറ്റിയുള്ള കിംവദന്തികൾ ഒരു അപസർപ്പക കഥ പോലെ പടർന്നു.
ക്രോയുടെ ഷൂട്ടിംഗിന്റെ തുടക്കം മുതൽ തന്നെ അപശകുനങ്ങൾ പ്രകടമായിരുന്നുവെന്നും പറയപ്പെടുന്നു. സെറ്റിലെ കാർപെന്ററിന് ഗുരുതരമായി തീപ്പൊള്ളലേറ്റു. സ്റ്റണ്ട് മാസ്റ്ററിന് റോപ് പൊട്ടി താഴെവീണു പരിക്കേറ്റു. ഷൂട്ടിംഗിനിടെ അണിയറ പ്രവർത്തകരിൽ ഒരാൾ സെറ്റിലേക്ക് കാർ ഇടിച്ചു കയറ്റി. ഒരു കൊടുങ്കാറ്റിൽ സെറ്റ് പൂർണമായി തകർന്നു.... ഏറ്റവും ഒടുവിൽ ബ്രണ്ടനെ നഷ്ടമായി.!
ദ എക്സോർസിസ്റ്റ്
ഒരിക്കൽ കണ്ടവരാരും പിന്നെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചിത്രം ! അതാണ് ദ എക്സോർസിസ്റ്റ്. എക്സോർസിസ്റ്റ് കണ്ട ശേഷം ഇരുളിന്റെ മറവിൽ തനിച്ചാകുമ്പോൾ എത്ര ധൈര്യശാലിയാണെങ്കിൽ പോലും ആരോ നമ്മെ പിന്തുടരുന്ന പോലെ തോന്നും.! 1973ൽ പുറത്തിറങ്ങി കാണികളെ ഒന്നടങ്കം ഭയത്തിന്റെ കൊടുമുടിയിൽ നിറുത്തിയ ആ ക്ലാസിക് ഹൊറർ ത്രില്ലറിന് പിന്നിൽ അതിലെ സീനുകൾ പോലെ തന്നെ ഭയപ്പെടുത്തുന്ന സംഭവബഹുലമായ കഥകളാണ് പറഞ്ഞു കേൾക്കുന്നത്.
എക്സോർസിസ്റ്റിന്റെ ചിത്രീകരണ വേളയിൽ അതിലെ അഭിനേതാക്കളിൽ അനവധി പേർക്ക് പരിക്കേറ്റു. സെറ്റിന് തീപിടിച്ചു. സെറ്റിലെ നെഗറ്റീവ് എനർജിയെ പായിക്കാൻ ഒരു പുരോഹിതനെ പല തവണ അണിയറപ്രവർത്തകർക്ക് ആശ്രയിക്കേണ്ടി വന്നു.... ഇങ്ങനെ നീളുന്നു എക്സോർസിസ്റ്റിന്റെ തുടക്കം മുതൽ നേരിടേണ്ടി വന്ന ദുഃസൂചനകൾ. തീർന്നില്ല, ഒരു മരണവും എക്സോർസിസ്റ്റിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ചു. ചിത്രത്തിൽ ബർക്ക് ഡെന്നിംഗ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐറിഷ് നടൻ ജാക് മക്ഗോറൻ പനി ബാധിച്ച് മരിച്ചു. എക്സോർസിസ്റ്റിന്റെ ചിത്രീകരണം പൂർത്തിയായി തൊട്ടുപിന്നാലെ അടുത്ത ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കവെയാണ് 1973 ജനുവരി 30ന് 54കാരനായ ജാക് മരണത്തിന് കീഴടങ്ങിയത്. ജാക്കിന്റെ മരണശേഷം ഡിസംബറിലാണ് എക്സോർസിസ്റ്റ് റിലീസായത്.
പ്രമുഖരായ പല സംവിധായകരും എക്സോർസിസ്റ്റ് സംവിധാനം ചെയ്യാൻ വിസമ്മതിച്ചതായി പറയപ്പെടുന്നു. തുടക്കം മുതൽ പ്രകടമായ അപശകുനങ്ങളിലൂടെ എക്സോർസിസ്റ്റ് ശാപം കിട്ടിയതാണെന്ന വിശ്വാസം പ്രചരിക്കാൻ തുടങ്ങി.
അമേരിക്കൻ എഴുത്തുകാരൻ വില്യം പീറ്റർ ബ്ലാറ്റിയുടെ 'ദ എക്സോർസിസ്റ്റ് " എന്ന പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. വില്യം ഫ്രീഡ്കിൻ ആയിരുന്നു സംവിധായകൻ. താരതമ്യേന ചെറിയ ബഡ്ജറ്റ് ചിത്രമായിരുന്നിട്ടും, അധികം അറിയപ്പെടാത്ത അഭിനേതാക്കൾ അഭിനയിച്ചിട്ടുപോലും എക്സോർസിസ്റ്റ് കൈവരിച്ച നേട്ടം അവിസ്മരണീയമാണ് മാക്സ് വോൺ സിഡോ, എലൻ ബർസ്റ്റൈൻ, ലിൻഡ ബ്ലെയർ തുടങ്ങിയവർ അഭിനയിച്ച എക്സോർസിസ്റ്റ് എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
മികച്ച ചിത്രത്തിനും സംവിധായകനും നടിക്കുമുൾപ്പെടെ 10 ഓസ്കാർ നോമിനേഷൻ പോലും എക്സോർസിസ്റ്റ് നേടി. ഹൊറർ വിഭാഗത്തിൽ നിന്നും ആദ്യമായാണ് ഒരു സിനിമ, മികച്ച ചിത്രത്തിനുള്ള ഓസ്കാറിനായി മത്സരിച്ചത്. അന്ന് മുതൽ ദശാബ്ദങ്ങളോളം നീണ്ട യാത്രയ്ക്കിടെ ' എക്സോർസിസ്റ്റ് II: ദ ഹെറെറ്റിക് " ( 1977) ' ദ എക്സോർസിസ്റ്റ് III (1990), എക്സോർസിസ്റ്റ്: ദ ബിഗിന്നിംഗ് ( 2004 ) ഡൊമിനിയൻ : പ്രീക്വൽ ടു ദ എക്സോർസിസ്റ്റ് ( 2005 ) എന്നിവ ഈ ഭൂതകഥയുടെ പിന്തുടർച്ചാവകാശികളായി തിയേറ്ററുകളിലെത്തി.
ചെകുത്താനെ സംബന്ധിച്ച സിനിമയായതുകൊണ്ട് തന്നെ സൈക്കോളജിക്കലായിട്ടുള്ള ഘടകങ്ങളും മനസിന്റെ തോന്നലുമൊക്കെയാകാം എക്സോർസിസ്റ്റിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങൾക്ക് പിന്നിൽ. പക്ഷേ, എന്തൊക്കെയായാലും ആധുനിക സാങ്കേതിക വിദ്യയുടെ മാസ്മരികത പ്രകടമാകുന്ന ഹൊറർ ത്രില്ലറുകൾ പിറവിയെടുത്തിട്ടും നാല് പതിറ്റാണ്ടുകൾക്ക് മുന്നേ റിലീസായ എക്സോർസിസ്റ്റ് ഇന്നും കാഴ്ചക്കാരുടെ മനസിൽ ഒരു ദുരാന്മാവിനെ പോലെ അസ്വസ്ഥത സൃഷ്ടിക്കുന്നു.
പോൽട്ടർഗൈസ്റ്റ്
1982 ൽ പുറത്തിറങ്ങിയ പോൽട്ടർഗൈസ്റ്റ് എന്ന ഹൊറർ ചിത്രവും അർബാൻ ലെജന്റുകളുടെ ഒരു കോട്ടയ്ക്ക് മദ്ധ്യത്താണ് ഇന്നും. പോൽട്ടർഗൈസ്റ്റിന്റെ ചിത്രീകരണത്തിനായി യാഥാർത്ഥ അസ്ഥികൂടങ്ങളെ ഉപയോഗിച്ചെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ചില ശവക്കല്ലറകളിൽ നിന്നാണ് അവ ശേഖരിച്ചതെന്നും കഥകൾ നീളുന്നു. ആകെ മൂന്ന് ഭാഗങ്ങളുള്ള പോൽട്ടർഗൈസ്റ്റ് പരമ്പരയിൽ അഭിനയിച്ച ചിലരുടെ മരണമാണ് നിഗൂഢതകൾക്ക് ആക്കം കൂട്ടുന്ന മറ്റൊന്ന്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായ കരേൾ ആനിനെ അവതരിപ്പിച്ച ഹെതർ ഓറൂർക്ക് എന്ന 12കാരിയുടെ മരണമാണ് ഇക്കൂട്ടത്തിൽ ഏവരെയും ഞെട്ടിച്ചത്. കുടൽ സംബന്ധമായ രോഗങ്ങളാണ് ഹെതറിന്റെ മരണത്തിൽ കലാശിച്ചത്. 1988ൽ പോൽറ്റർഗൈസ്റ്റ് 3യുടെ റിലീസിന് നാല് മാസങ്ങൾക്ക് മുൻപേയായിരുന്നു ഹെതറിന്റെ മരണം.
ഡാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡൊമിനിക് ഡൺ 22ാം വയസിൽ കൊലചെയ്യപ്പെട്ടു. പോൽട്ടർഗൈസ്റ്റ് റിലീസായി നാല് മാസങ്ങൾക്ക് ശേഷമായിരുന്നു ഡൊമിനികിന്റെ മരണം. ഇതോടെയാണ് പോൽട്ടർഗൈസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഒറിജിനിൽ അസ്ഥികൂടങ്ങളുടെ ആത്മാക്കളുടെ ശാപം സിനിമയുടെ അണിയറ പ്രവർത്തകരെ വേട്ടയാടുന്നുവെന്ന കെട്ടുകഥയുടെ പിറവി. പക്ഷേ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ജോബെത്ത് വില്യംസ്, ക്രെയ്ഗ് ടി. നെൽസൺ, സംവിധായകൻ ടോബ് ഹൂപ്പർ, നിർമ്മാതാവ് സ്റ്റീവൻ സ്പീൽബർഗ് എന്നിവരെയൊന്നും അത്തരം വേട്ടയാടലുകൾ ബാധിച്ചതേയില്ല എന്നത് അസ്ഥികൂടത്തിന്റെയും ആത്മാക്കളുടെയും കഥകളെ നിഷ്പ്രഭമാക്കുന്നു.
ദ ഒമൻ
അപകടങ്ങളുടെ ഒരു പരമ്പര തന്നെയാണ് 1976ൽ പുറത്തിറങ്ങിയ ക്ലാസിക് ഹൊറർ ത്രില്ലറായ ഒമന്റെ ചിത്രീകരണവേളയിൽ സംഭവിച്ചു എന്ന് പറയപ്പെടുന്നത്. അഭിനയിക്കാൻ കരാർ ഒപ്പിട്ട ശേഷം ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് ചിത്രത്തിലെ പ്രധാന നടനായ ഗ്രിഗറി പെക്കിന്റെ ( മെക്കനാസ് ഗോൾഡിലെ നായകൻ ) മകൻ ആത്മഹത്യ ചെയ്തു. ഷൂട്ടിംഗ് ലോക്കേഷനിലേക്ക് രണ്ട് തവണ അണിയറപ്രവർത്തകർ സഞ്ചരിച്ചിരുന്ന ചെറുവിമാനത്തിന് ഇടിമിന്നലേറ്റത്രെ.
ഏതാനും അണിയറപ്രവർത്തകർ താമസിച്ചിരുന്ന ലണ്ടനിലെ ഹോട്ടൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ബോംബേറിൽ തകർന്നു. സിനിമയ്ക്ക് ആവശ്യമായ ഫോട്ടോകൾ പകർത്താനായി ഒരു ചെറുവിമാനം ഏർപ്പാടാക്കിയിരുന്നു. എന്നാൽ, അവസാന നിമിഷം യാത്രമാറ്റുകയും പുറപ്പെടാൻ നിശ്ചയിച്ചിരുന്ന വിമാനം തകർന്ന് അതിലുണ്ടായിരുന്നവർ മരിക്കുകയും ചെയ്തു.
ഷൂട്ടിംഗിനുപയോഗിച്ച നായകൾ പരിശീലകരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് ഒരു സ്റ്റണ്ട്മാനെ ആക്രമിക്കുകയുണ്ടായി. മറ്റൊരു മൃഗപരിശീലകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തീർന്നില്ല, ഒരു ഗ്ലാസ് ഷീറ്റിനാൽ ഒരു കഥാപാത്രത്തിന്റെ ശിരച്ഛേദം സംഭവിക്കുന്ന ഭയാനകമായ ഒരു സീൻ ഒമനിലുണ്ട്. അതിനെ സ്മരിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവം സിനിമയുടെ സ്പെഷ്യൽ ഇഫക്ട് ഡിസൈനറായിരുന്ന ജോൺ റിച്ചാർഡ്സണിന്റെ ജീവിതത്തിൽ സംഭവിച്ചു. ഒമന്റെ റിലീസിന് ശേഷം, എ ബ്രിഡ്ജ് ടൂ ഫാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയും ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റായ ലിസ് മൂറിന്റെ തലയറ്റു പോവുകയും ചെയ്തു.!
എന്നാൽ, ശരിക്കും ഗ്രിഗറി പെക്കിന്റെ മകന്റെ മരണത്തിനും ജോൺ റിച്ചാർഡ്സണിന് സംഭവിച്ച അപകടത്തിനുമൊഴിച്ചാൽ മറ്റുള്ളവയ്ക്കൊന്നും വ്യക്തമായ രേഖകളില്ല. 1975 ൽ ലണ്ടനിലെ ഹിൽട്ടൺ ഹോട്ടലിൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ബോംബാക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒമന്റെ അണിയറപ്രവർത്തകരിൽ ആരെങ്കിലും അവിടെ താമസിച്ചിരുന്നോ എന്ന് വ്യക്തമല്ല. ഏതായാലും കാലത്തിനൊപ്പം ഒമനൊപ്പം ഈ കഥകളും പിടിവിടാതെ ഒപ്പം സഞ്ചരിക്കുന്നു.