ജീവിതത്തിൽ ലക്ഷ്മിയുടെയും അനാർക്കലിയുടെയുംഅമ്മ വേഷം. സിനിമയിലും അമ്മ വേഷം.പി.എം. ലാലിയുടെ വിശേഷങ്ങൾ
വർഷം 1995
'നമ്പർ വൺ സ്നേഹതീരത്തിൽ' ബേബി അനുവായി അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി മരിക്കാർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോൾ ദർശനയായി 'ആനന്ദ'ത്തിലൂടെ അനാർക്കലി മരിക്കാറും മലയാള സിനിമയുടെ ഓരം ചേർന്നു . മൂന്ന് വർഷങ്ങൾക്ക് ശേഷം കുമ്പളങ്ങി നൈറ്റ്സിലെ അമ്മയായി ലാലിയും മലയാള സിനിമയിലേക്ക്. അഭിനയ വഴിയിൽ അനാർക്കലിയും അമ്മ ലാലിയും സ്ഥാനം പിടിക്കുമ്പോൾ അഭിനയത്തോടൊപ്പം സംവിധാന രംഗത്ത് തിളങ്ങാൻ ലക്ഷ്മിയുമുണ്ട്. മലയാള സിനിമയിൽ ഇനി ഈ അമ്മയ്ക്കും മക്കൾക്കും കൂടി ഇടമുണ്ടാകും.പുതിയ പ്രതീക്ഷകളെ കുറിച്ച് പള്ളി വീട്ടിൽ മുഹമ്മദ് ഇസ്മായിൽ ലാലി എന്ന പി.എം.ലാലി സംസാരിച്ചു തുടങ്ങി.
കുമ്പളങ്ങി ഉണ്ടാക്കിയ മാറ്റം ?
കുമ്പളങ്ങിനൈറ്റ്സിൽ നെപ്പോളിയന്റെ നാലു മക്കളും കൂടെ അമ്മയെ തിരിച്ചു വീട്ടിലേക്ക് വിളിക്കാൻ ധ്യാന കേന്ദ്രത്തിലേക്ക് എത്തുന്നു. എന്നാൽ മക്കളുടെ നിസ്സഹായാവസ്ഥ മനസിലാക്കികൊണ്ടും ആ അമ്മ വരില്ലെന്നു പറയുന്നു. ഈ ഒരു പ്രകൃതം കാണിച്ച മലയാളി അമ്മമാർ കുറവാണ്. അവരെ ദുഷ്ടയെന്നും സ്വാർത്ഥ സ്വഭാവക്കാരിയെന്നും വേണമെങ്കിൽ പറയാം. പക്ഷേ ഒന്നുകൂടെ ഇരുത്തി ചിന്തിച്ചാൽ അത് തെറ്റല്ലെന്നും അവർ ഒരു വ്യക്തിത്വമുള്ള സ്ത്രീയാണെന്നും മനസിലാവും. സ്വന്തം ഇഷ്ടങ്ങൾ മറന്ന് മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മമാരാണോ യഥാർത്ഥ അമ്മമാർ ? അവരോട് എപ്പോഴെങ്കിലും നിങ്ങൾക്ക് ഇഷ്ടങ്ങളുണ്ടോ എന്ന് ചോദിച്ചിട്ടുണ്ടോ?അമ്മമ്മാർക്ക് അവരുടേതായ ഇഷ്ടങ്ങളുണ്ട് ,താത്പര്യങ്ങളുണ്ട്, അവർക്ക് അവരുടേതായ സ്പേസുണ്ട്. ലക്ഷ്മി വഴിയാണ് കുമ്പളങ്ങിയിലേക്ക് അവസരം ലഭിക്കുന്നത്. രണ്ടു അമ്മ വേഷങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. ഒന്ന് ബേബി മോളുടെ അമ്മ . സ്ക്രീൻ സ്പേസ് കൂടുതലാണ്. മറ്റൊന്ന് നെപ്പോളിയന്റെ വീട്ടിലെ അമ്മ. ഒറ്റ സീൻ. ഒരു സീനിൽ മാത്രമാണെങ്കിലും ആ അമ്മ ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ അത് ആരും ശ്രദ്ധിക്കാതെ പോകുമോയെന്ന് ഒരു ആശങ്ക തോന്നിയിരുന്നു. എന്റെ ജീവിതവുമായി ഒരുപാട് അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ആ അമ്മ വേഷം. എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കാൻ എന്നെ സഹായിച്ച കഥാപാത്രമാണ്. സിനിമ ഇറങ്ങിയപ്പോൾ ഒറ്റ സീനിൽ വന്ന വ്യക്തിത്വമുള്ള ആ അമ്മ ചർച്ചയായി. പിന്നീട് ചെയ്ത കഥാപാത്രങ്ങളെല്ലാം വെറും അമ്മ വേഷമായിരുന്നു. കുമ്പളങ്ങിയിലെ പോലെ ശക്തമായ അമ്മ വേഷം പിന്നീട് കിട്ടിയില്ല.
സിനിമയിൽ എത്താൻ വൈകി?
വാപ്പ ഇസ് മയിൽ സാംസ്കാരിക ഇടങ്ങളിലെല്ലാം സജീവമായിരുന്നു. പ്രൊഫഷണൽ നാടകങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. പത്തൊമ്പതാം വയസിൽ വിവാഹം ചെയ്തു. ഇരുപതാം വയസിൽ ലക്ഷ്മി ജനിച്ചു. മുൻ ഭർത്താവ് നിയാസ് ഫോട്ടോഗ്രാഫറായതുകൊണ്ട് സ്റ്റുഡിയോയിൽ ഒരുപാട് സെലിബ്രിറ്റീസെല്ലാം വരുമെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കൽ പോലും തോന്നിയില്ല. സിനിമയിൽ കാണുന്ന നടിമാരെപോലെ മുടിയില്ല എന്ന കോംപ്ലെക്സെല്ലാം ഉണ്ടായിരുന്നു. ലക്ഷ്മി ബാലതാരമായി നമ്പർ വൺ സ്നേഹതീരത്തിൽ അഭിനയിക്കുമ്പോൾ സെറ്റിൽ പോയിട്ടുണ്ടെങ്കിലും അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നില്ല. അനാർക്കലിയുടെ കൂടെ ആനന്ദത്തിന്റെയും മന്ദാരത്തിന്റെയുമൊക്കെ സെറ്റിൽ പോകുമ്പോഴും അഭിനയിക്കാൻ കഴിയുമെന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പണ്ടും ശ്രമിക്കാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്.
മൂന്ന് സിനിമാക്കാരുള്ള വീട്ടിൽവിമർശനങ്ങളൊക്കെ ഉണ്ടാകാറുണ്ടോ?
സിനിമ സംസാരിക്കാറുണ്ട്. ഞാൻ ചെയ്തത് നന്നായാൽ കുട്ടികൾ പ്രശംസിക്കാറുണ്ട്. സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ചെല്ലാം സംസാരിക്കാറുണ്ടെങ്കിലും ഫൈനൽ തീരുമാനം ഓരോരുത്തരുടെയാണ്. അനാർക്കലിയുടെ ഡ്രസുകളെ കുറിച്ചും പുതിയ സ്റ്റൈലുകളും ഹെയർ സ്റ്റൈലുമെല്ലാം തീരുമാനിക്കുന്നത് ലക്ഷ്മിയാണ്.
നിയാസ് മറ്റൊരു വിവാഹം ചെയ്തപ്പോൾ അനാർക്കലിയും ലക്ഷ്മിയും പങ്കെടുത്തു. അതിനെ കുറിച്ച് അനാർക്കലിയിട്ട പോസ്റ്റിൽ അമ്മയെ കുറിച്ച് പറയുന്നുണ്ട് ?
വീട്ടിൽ ജനാധിപത്യം വേണമെന്ന് പറയുന്നൊരാളാണ് ഞാൻ. ചെറുപ്പം മുതൽ എന്റെ കുട്ടികളോടും ഞാൻ ആ കാര്യം പറയുന്നുണ്ട്. പുരോഗമന ചിന്താഗതിയുള്ള ഒരാളാണ് ഞാൻ. അമ്മ എന്ന ഒറ്റ കാര്യം കൊണ്ട് എന്റെ കുട്ടികളോട് സ്വാർത്ഥത കാണിച്ചിട്ടില്ല. ലക്ഷ്മി ജനിക്കുമ്പോൾ എനിക്ക് ഇരുപതു വയസാണ്. അന്നത്തെ എന്റെ അപക്വമായ സ്വഭാവമായതുകൊണ്ട് ലക്ഷ്മിയെ ഒന്ന് രണ്ടു തവണ ഞാൻ അടിച്ചിട്ടൊക്കെയുണ്ട്. പക്ഷേ കുട്ടികളെ അടിച്ച് അനുസരിപ്പിക്കുന്നതിനോട് യോജിപ്പില്ല. ലോകത്ത് ഏറ്റവും നിസ്സഹായരാവരാണ് കുട്ടികൾ. അവർ തിരിച്ചടിക്കില്ല എന്ന പൂർണ ബോദ്ധ്യം ഉള്ളതുകൊണ്ടാണ് കുട്ടികളെ മാതാപിതാക്കൾ അടിക്കുന്നതും.കുട്ടികൾ എന്റെ അടുത്ത് കുറേക്കൂടെ ഫ്രീയാണ്. അതിനപ്പുറം അവർ എന്നെ നന്നായി മനസിലാക്കിയിട്ടുമുണ്ട്. പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ വേർപിരിയുക എന്ന ചോയ്സ് എടുക്കണം. വിവാഹ മോചനങ്ങൾ ഒരിക്കലും സ്വാഭാവികമായ ഒരു കാര്യമായല്ല സമൂഹം ഇപ്പോഴും കാണുന്നത്. നിയാസിന് പൊരുത്തപ്പെടുന്ന മറ്റൊരാൾ അയാളുടെ ജീവിതത്തിലേക്ക് വരുന്നത് എനിക്കും സന്തോഷം തരുന്ന കാര്യമാണ്.
ലക്ഷ്മിയാണോ അനാർക്കലിയാണോ അമ്മയുമായി കൂടുതൽ അടുപ്പം ?
രണ്ടുപേരും എന്നോട് കൂടുതൽ ചേർന്ന് നിൽക്കുന്നവരാണ് . ലക്ഷ്മി ഇത്തിരി റഫ് ആൻഡ് ടഫാണ്. അനാർക്കലി എന്നോട് ഇത്തിരികൂടെ അറ്റാച്ചഡ് ആണ്. രണ്ടുപേരും എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ട്. അനാർക്കലി ചെറുപ്പത്തിൽ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ 'ലക്ഷ്മിയോട് പറയും' എന്ന് പറഞ്ഞ പേടിപ്പിച്ചിരുന്നു. അനാർക്കലി കൗമാരത്തിൽ എത്തിയപ്പോൾ ഉണ്ടായ പ്രണയങ്ങളും ബ്രേക്കപ്പുകളെല്ലാം എന്നോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴും സുഹൃത്തുക്കളുമൊത്ത് യാത്ര പോകുമ്പോൾ എന്നെ വിളിച്ചു അറിയിക്കണമെന്ന് നിർബന്ധം പറയും. ലക്ഷ്മിയേക്കാൾ പഠിത്തത്തിൽ മോശമായിരുന്നു അനാർക്കലി. മാർക്കെല്ലാം കുറയുമ്പോൾ ബന്ധുക്കൾ എന്നെ കുറ്റം പറയും. ഉമ്മയ്ക്ക് വേണ്ടി എന്ന് പറഞ്ഞു കഷ്ടപ്പെട്ട് പഠിച്ച് നല്ല മാർക്കൊക്കെ വാങ്ങിയിട്ടുണ്ട് അനാർക്കലി.
അമ്മ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം?
എനിക്ക് ജെ എൻ യു വിൽ പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ അത് സാധിച്ചില്ല. ലക്ഷ്മി ചെറുതായിരിക്കുമ്പോൾ അത് പറയുമ്പോൾ അവൾ പറയും ഞാൻ വലുതായി ജെ എൻ യു വിൽ പഠിക്കാമെന്ന്. ലക്ഷ്മി പഠന കാര്യത്തിൽ മിടുക്കിയാണ്. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എല്ലാം ആദ്യത്തെ പരിശ്രമത്തിൽ തന്നെ നേടി. എം ഫിലും, അതിനു ശേഷം പി .എച്ച് .ഡി യും ജെ എൻ യുവിൽ (പൂർത്തിയാക്കിയിട്ടില്ല ). സിനിമയിലെ ലിംഗ രാഷ്ട്രീയമായിരുന്നു പി .എച്ച് .ഡി വിഷയം. ലക്ഷ്മിയെ കുറിച്ചോർത്ത് ഏറ്റവും അഭിമാനം തോന്നിയ നിമിഷം അതായിരുന്നു. പിന്നീട് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് സിനിമയുടെ പുറകേയായപ്പോൾ ചെറിയൊരു സങ്കടം ഉണ്ടായി. പക്ഷേ അവളുടെ ഇഷ്ടം നടക്കട്ടെ എന്ന് വിചാരിച്ചു. കുറച്ചു വർഷം കഴിഞ്ഞാൽ പി എച്ച് ഡി മുഴുവനാക്കാമെന്ന് വാക്ക് തന്നിട്ടുണ്ട്.
അനാർക്കലി ആണെങ്കിൽ ഒട്ടും വായിക്കാത്ത ഒരാളാണ്. എനിക്ക് വായിക്കാതെ തന്നെ ചിന്തിക്കാനുള്ള കഴിവുണ്ടെന്നാണ് വായിക്കാൻ ഉപദേശിച്ചാൽ പറയുന്ന വാദം. ഇവൾ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഭിമുഖങ്ങളിലെല്ലാം വന്ന് എന്ത് പറയുമെന്ന് ഒരു ആശങ്കയുണ്ടായിരുന്നു. പക്ഷേ അനാർക്കലിയുടെ മിക്ക അഭിമുഖങ്ങളിലും അവൾ ആത്മാർഥമായി സംസാരിക്കും. അത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. ഞാൻ അതെല്ലാം സുഹൃത്തുകൾക്ക് പങ്കുവയ്ക്കാറുണ്ട്.
എന്താണ് ഭാവി പരിപാടി ?
വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ രണ്ട് , ജിബൂട്ടി ,രാജീവ് രവിയുടെ തുറമുഖം തുടങ്ങിയവയാണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമകൾ. ഒരു സീരിയലും പറഞ്ഞു വച്ചിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ല. സോഷ്യൽ മീഡിയ വഴി വളർന്നു വന്ന ഒരാളാണ് ഞാൻ. ഇനിയും കൂടുതൽ സൗഹൃദ വലയങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കണം. കൂടുതൽ വായിക്കണം. ഒരുപാട് എഴുതണം. ഒറ്റയ്ക്ക് യാത്രകൾ പോകണം.
മക്കളുടെ ചോദ്യവും ഉമ്മയുടെ മറുപടിയും
അനാർക്കലി മരിക്കാർ : ഉമ്മയ്ക്ക് ആരുടെയെങ്കിലും
കൂടെ അഭിനയിക്കണമെന്നുണ്ടോ ?
ലാലി : സ്റ്റൈൽ മന്നൻ രജനീകാന്തിനൊപ്പം അഭിനയിക്കണം.
ലക്ഷ്മി മരിക്കാർ : ഉമ്മയ്ക്ക് ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യണമെന്ന് മനസിലുണ്ടോ ?
ലാലി: മഹാശ്വേതാ ദേവിയുടെ അമ്മ എന്ന നോവൽ . അപ്പർ മിഡിൽ ക്ലാസ് ഫാമിലിയിലെ നക്സ് ലൈറ്റായ മകനും അമ്മയും. ഒരു ആക്രമണത്തിൽ മകൻ മരിക്കുന്നു. ഇതറിയാതെ അമ്മ മകനെ അന്വേഷിച്ചു നടക്കുന്നു. മകന്റെ സുഹൃത്തുക്കളോടും അന്വേഷിച്ചു. അവസാനം മകന്റെ പാതയിലേക്ക് അമ്മയും എത്തുന്നു. പിന്നീട് അമ്മയെയും പൊലീസ് വെടിവെച്ചു കൊല്ലുന്നു. ആ നോവൽ ഹിന്ദിയിൽ 'ഹസാർ ചൗരസി കി മാ' എന്ന പേരിൽ സിനിമയായിട്ടുണ്ട്. അതുപോലെയുള്ള വിപ്ലവകാരിയുടെ അമ്മയായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.