mp-vlogger

മൂന്നാർ: വ്‌ളോഗർ സുജിത് ഭക്തനൊപ്പം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നടത്തിയ ഇടമലക്കുടി സന്ദർശനം വിവാദത്തിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് എംപിയും സംഘവും ഇവിടെ സന്ദർശനം നടത്തിയത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംസ്ഥാനത്ത് ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത ഏക പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇവർ പോയതെന്ന് പരാതി ഉയർന്നിരുന്നു.

എഐവൈഎഫ് പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംപിയെന്ന നിലയില്‍ തന്റ പ്രവര്‍ത്തന മേഖല സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാല്‍ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാതെ, മാനദണ്ഡങ്ങള്‍ പാലിക്കാതെ പോയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

മാസ്‌ക് പോലും ധരിക്കാതെയുള്ള എംപിയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. 'എംപിയ്‌ക്കൊപ്പം ഉല്ലാസയാത്ര'എന്ന തലക്കെട്ടോടെയാണ് വ്ളോഗർ യൂട്യൂബിൽ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. വിവാദമായതോടെ തലക്കെട്ട് മാറ്റിയതായും ആരോപണമുണ്ട്.

അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും, ഇടമലക്കുടിയിലെ സർക്കാർ ട്രൈബൽ സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് താൻ പോയതെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. താൻ ക്ഷണിച്ചിട്ടാണ് വ്‌ളോഗർ സുജിത് ഭക്തൻ വന്നതെന്നും, സുജിത് സ്‌കൂളിലേക്ക് ആവശ്യമായ ടിവി വാങ്ങി നൽകാമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.