ടോറന്റോ അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഡീ കോഡിംഗ്ശങ്കറിന്റെ
സംവിധായിക ദീപ്തി പിള്ള ശിവൻ സംസാരിക്കുന്നു
പ്രൊഡക്ഷൻ ഡിസൈനർ, റേഡിയോ സ്റ്റേഷൻ ഡയറക്ടർ ,ചാനൽ ഹെഡ് തുടങ്ങിയ വേഷങ്ങളിലെല്ലാം തിളങ്ങിയിട്ടുണ്ടെങ്കിലും തന്റെ ഇടം സിനിമയെന്ന് ഉറപ്പിച്ചു പറയുകയാണ് ദീപ്തി പിള്ള ശിവൻ. ഈ പേര് കേൾക്കുമ്പോൾ വർഷങ്ങൾക്കപ്പുറം കളിപ്പാട്ടത്തിലെ വേണുവിന്റെയും സാരോയുടെയും പൊന്നുമോളിലേക്ക് മലയാളികൾ സഞ്ചരിച്ചുപോകും. പിന്നീട് ആ മുഖം സ്ക്രീനിൽ കണ്ടില്ലെങ്കിലും വർഷങ്ങളായി ആ പേര് സിനിമയുടെ അണിയറയിലുണ്ട്. സിനിമ ബന്ധമില്ലാത്ത കുടുംബത്തിൽ നിന്ന് യാദൃശ്ചികമായി അഭിനയത്തിലൂടെ സിനിമയിലെത്തി. പഠനത്തിന് പ്രാധാന്യം നൽകി ദീപ്തി അന്ന് സിനിമ വിട്ടെങ്കിലും മനസ് മുഴുവൻ സിനിമയിലായിരുന്നു. പ്രശസ്ത സിനിമാട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ മകനും സംവിധായകനുമായ സഞ്ജീവ് ശിവന്റെ പ്രിയപാതിയായി ദീപ്തി എത്തിയത് സിനിമയിലേക്കുള്ള വഴിതെളിച്ചു. സംഗീതത്തിന്റെ വഴികളിലൂടെ മാത്രം സഞ്ചരിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ച ശങ്കർ മഹാദേവന്റെ ജീവിതത്തിലൂടെയും അദ്ദേഹത്തിന്റെ സൂപ്പർഹിറ്റായി മാറിയ ഓരോ ഗാനങ്ങളിൽ അന്തർലീനമായ സംഗീതത്തെ കുറിച്ചും പറഞ്ഞ 'ഡീ കോഡിംഗ് ശങ്കർ' എന്ന ഡോക്യൂമെന്ററിയുടെ സംവിധായിക കുപ്പായമണിഞ്ഞ് സ്വതന്ത്ര സംവിധായികയായിരിക്കുകയാണ് ദീപ്തി ഇപ്പോൾ. താൻ ഏറെ സന്തോഷവതിയാണെന്ന് പറഞ്ഞ് ദീപ്തി സംസാരിച്ചു തുടങ്ങി.
ഡീ കോഡിംഗ് ശങ്കറിലൂടെ സ്വതന്ത്ര സംവിധായികയായി ?
വർഷങ്ങളായി സിനിമയോടൊപ്പം തന്നെയാണ് യാത്ര. സഞ്ജീവേട്ടന്റെ എല്ലാ വർക്കിലും സഹ സംവിധായികയായും പ്രൊഡക്ഷനിലും എല്ലാം ജോലി ചെയ്തു. സ്വതന്ത്ര സംവിധായികയാവുന്നതിനുള്ള തയ്യാറെടുപ്പിൽ തന്നെയായിരുന്നു.
'ഡീ കോഡിംഗ് ശങ്കറി"ന് വേണ്ടി എടുത്തതയ്യാറെടുപ്പുകൾ ?
രണ്ടര വർഷ കാലയളവിലാണ് ഡീ കോഡിംഗ് ശങ്കറിന്റെ ചിത്രീകരണം പൂർത്തിയായത്. ഇതിനിടയിൽ ഞാൻ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ വച്ചായിരുന്നു വർക്ക് തുടർന്നത്. അതുകൊണ്ട് തന്നെ മോനെ സംഗീതം നല്ലരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ശങ്കർ മഹദേവന്റെ സംഗീതത്തിന്റെ ആരാധികയായിരുന്നു. ഞാൻ ഇങ്ങനെയൊരു ബയോപിക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്കും സംഗീത ജീവിതത്തിലേക്കും പ്രവേശനം തന്നു. അതിലൂടെ അദ്ദേഹത്തെ കൂടുതൽ മനസിലാക്കാൻ സാധിച്ചു. സാധാരണ ഡോക്യുമെന്ററികൾ പോലെയാകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ കഥ പറയുന്ന രീതിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ സൂപ്പർഹിറ്റുകളായ ഗാനങ്ങൾ തിരഞ്ഞെടുത്തത് ഞാനായിരുന്നു.
ഡീ കോഡിംഗ് ശങ്കർ ചെയ്യാനുണ്ടായപ്രചോദനം ?
കുട്ടികൾ വിദ്യാഭ്യാസം നേടി സുരക്ഷിതമായ ജോലിയിൽ എത്തുക എന്ന കാര്യത്തിൽ മാത്രമേ അവരെ രക്ഷിതാക്കൾ പൊതുവെ പ്രോത്സാഹിപ്പിക്കുകയുള്ളൂ. ചെറിയ പ്രായത്തിൽ പാടുകയും നൃത്തം ചെയുകയും ചെയ്യുന്ന പല കുട്ടികൾക്കും വലുതാകുമ്പോൾ അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അതിന് കാരണം അവരുടെ മാതാപിതാക്കളുടെ നിലപാടുകളാണ്. പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കാനും ജന്മസിദ്ധമായി കിട്ടിയ കഴിവുകൾ കൈവിടാനുമാണ് നിർബന്ധിക്കുന്നത്.കലാപരമായി നമ്മുടെ കുട്ടികൾക്ക് എന്തെങ്കിലും കഴിവുണ്ടെങ്കിൽ അതും പഠനവും ഒത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി ഒരുക്കി കൊടുക്കണം.ഇങ്ങനെ ചെയ്യുന്നവരുമുണ്ട്.
ശങ്കർ മഹാദേവൻ എന്ന അതുല്യ പ്രതിഭയുടെ ജീവിതം നമ്മൾ എല്ലാവരും അറിയണം അത് മാതൃകയാക്കണമെന്നും ചിന്തിച്ചതുകൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് ഡോക്യൂമെന്ററി ചെയ്യാമെന്ന തീരുമാനത്തിൽ എത്തുന്നത്. അദ്ദേഹം ചെറുപ്പം മുതൽ പഠനവും ജന്മസിദ്ധമായി കിട്ടിയ സംഗീതവും ഒരുപോലെ കൊണ്ട് പോയി. അദ്ദേഹത്തിന്റെ കുടുംബവും അതിന് പിന്തുണ നൽകി.എൻജിനീയറിംഗിൽ ഒന്നാം റാങ്കോടെ വിജയിച്ചു. ഉയർന്ന ശമ്പളത്തിൽ ജോലി. ഇതെല്ലാം ഉപേക്ഷിച്ചായിരുന്നു തന്റെ ഇഷ്ടമായ സംഗീത ലോകത്തേക്ക് ഇറങ്ങുന്നത്.ജോലിയുടെ പിറകെ പോയിരുന്നെങ്കിൽ ശങ്കർ മഹാദേവൻ എന്ന സംഗീത പ്രതിഭയെ നമ്മൾക്ക് ലഭിക്കുമായിരുന്നില്ല.
'ഡീ കോഡിംഗ് ശങ്കർ' തന്ന സന്തോഷം ?
ഡീ കോഡിംഗ് ശങ്കർ കണ്ടിട്ട് സഞ്ജീവേട്ടൻ ഒരു മിനുട്ട് നിശബ്ദമായി നിന്നിട്ട് നന്നായി എന്ന് പറഞ്ഞു. വർക്ക് കണ്ടിട്ട് സഞ്ജീവേട്ടൻ എന്ത് പറയുമെന്നായിരുന്നു എന്റെ ആകാംക്ഷ. അദ്ദേഹം അത് നന്നായിയെന്നു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. അതുപോലെ ഫൈനൽ ഔട്ട് കണ്ട ശങ്കർ മഹാദേവന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടു. ഇതിൽ കൂടുതൽ എനിക്കൊന്നും കിട്ടാനില്ലായിരുന്നു. അത്രയധികം സന്തോഷം തോന്നിയ നിമിഷങ്ങൾ.
കളിപ്പാട്ടത്തിൽ അഭിനയിച്ചു. പിന്നെ സിനിമയിൽകണ്ടില്ല ?
അപ്രതീക്ഷിതമായാണ് വേണു അങ്കിളിന്റെ (വേണു നാഗവള്ളി )കളിപ്പാട്ടത്തിൽ അഭിനയിക്കുന്നത്. എൽ. എൽ. ബി ജോയിൻ ചെയ്ത സമയത്തായിരുന്നു അഭിനയിക്കുന്നത്.അഭിനയിച്ചതിന് ശേഷം അച്ഛൻ പറഞ്ഞു ഇനി പഠനം കംപ്ലീറ്റ് ചെയ്തിട്ട് അഭിനയം മതിയെന്ന്. ആ ഒറ്റ കാരണം കൊണ്ട് അഭിനയം തുടർന്നില്ല. തിരുവനന്തപുരം ലോ അക്കാഡമിയിലാണ് പഠിച്ചത്. പഠിത്തം കഴിഞ്ഞയുടനെ വിവാഹം. പിന്നീട് ക്യാമറയ്ക്ക് പിന്നിൽ നിന്നു.
മലയാളത്തിൽ ഒരു സിനിമ പ്രതീക്ഷിക്കാമോ ?
നൂറു ശതമാനം പ്രതീക്ഷിക്കാം.
കുടുംബം ?
അച്ഛൻ ലഫ്റ്റനന്റ് കേണൽ എ .വി .ഡി പിള്ള. അമ്മ വസന്ത പിള്ള. മൂന്ന് ആൺകുട്ടികളാണ്. ശ്രേയസും സിദ്ധാൻഷും ശ്രീത്വികും. ശ്രേയസ് പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന് സിനിമയോട് താല്പര്യം ഉണ്ട്. അവൻ ചെറിയ സിനിമ സംവിധാനം ചെയ്തിരുന്നു. ഫെസ്റ്റിവൽസിലെല്ലാം സ്ക്രീൻ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ആൾക്ക് അഭിനയിക്കാനൊക്കെ താല്പര്യമുണ്ട്. ചെറിയ ആൾക്ക് പാട്ടിനോടാണ് കമ്പം.