രണ്ട് പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തിലെ രണ്ട് ആകസ്മികത വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി
തും അച്ഛൻ സെ പൂച്ന (നിങ്ങൾ അച്ഛനോട് ചോദിക്കൂ) അരയന്നങ്ങളുടെ വീട് സിനിമയിലെ മാത്രമല്ല എന്റെ അഭിനയ ജീവിതത്തിലെയും ആദ്യ ഡയലോഗ്. ഉത്തരേന്ത്യകാരി സീത എന്ന കഥാപാത്രമായി ഞാൻ കാമറയുടെ മുൻപിൽ. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ ഒാർമ്മകൾ ഇപ്പോഴും പാറിനടക്കുന്നുണ്ട്. ലൊക്കേഷനിലാണ് മമ്മുക്കയെ ആദ്യമായി കാണുന്നത്. ലോഹി സാർ പരിചയപ്പെടുത്തിയപ്പോൾ മമ്മുക്ക ചിരിച്ചുകൊണ്ടു 'ഹലോ" എന്ന് പറഞ്ഞു. വലിയ ഒരു താരത്തിന്റെ ഭാവമൊന്നുമില്ലാതെ മമ്മുക്ക. അദ്ദേഹത്തിനൊപ്പം കാമറയുടെ മുൻപിൽ നിന്നപ്പോൾ ചെറിയ പേടി തോന്നി. അത് തിരിച്ചറിഞ്ഞതുപോലെ കുഴപ്പമില്ലാത്ത ഭാവത്തിൽ മമ്മുക്ക എന്നെ നോക്കി ചിരിച്ചു. അതിനുശേഷമാണ് ഞാൻ ഒാകെ ആയത്. അതാണ് മമ്മുക്ക. ഹിന്ദിയും തപ്പിതടഞ്ഞുമാത്രം മലയാളവും സംസാരിക്കുന്ന എന്റെ കഥാപാത്രത്തിന് ഞാൻ തന്നെശബ്ദം നൽകുന്നതായിരിക്കും നല്ലതെന്ന് ലോഹിസാറിനോട് പറയുന്നത് മമ്മുക്കയാണ്. മമ്മുക്കയുടെ അതേ അഭിപ്രായംതന്നെ ലോഹിസാറിനും. ബംഗ്ളൂരുവിൽ ജനിച്ചുവളർന്ന കന്നട ബ്രാഹ്മണ പെൺകുട്ടി ആദ്യമായി മലയാളസിനിമയിൽ സ്വന്തം ശബ്ദത്തിൽ അഭിനയിച്ചുവെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. അരയന്നങ്ങളുടെ വീട്ടിൽ അഭിനയിക്കാനാണ് ആദ്യമായി ഒറ്റപ്പാലത്ത് വരുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസം ലക്കിടിയിൽ ലോഹിസാറിന്റെ അമരാവതിയിൽ പോയിരുന്നു. അപ്പോഴാണ് ലോഹിസാർ എന്നെ നേരിട്ട് കാണുന്നത്. ലോഹിസാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ബ്ളെസി അതിനുമുൻപ് ബംഗ്ളൂരുവിലെ വീട്ടിൽ വന്ന് കണ്ടിരുന്നു.
സീതയാകാൻ സെറ്റ് മുണ്ട് ഉടുത്തു. എനിക്ക് തോളറ്റംമുടി മാത്രം. വിഗ് വച്ചു .പൊട്ടുകുത്തി മേക്കപ്പ്മാൻ വേഗം എന്നെ കഥാപാത്രമാക്കി മാറ്റി. ലോഹിസാറിന് മുൻപിൽ വന്നപ്പോൾ അദ്ദേഹം എന്നെ ശാന്തനായി നോക്കി. മുഖത്ത് ഒരു മന്ദസ്മിതം. അച്ഛനും ഞാനും അത്ഭുതപ്പെട്ടു. നാളെ ഷൂട്ടിംഗ് തുടങ്ങുമെന്ന് മാത്രമേ ലോഹിസാർ പറഞ്ഞുള്ളൂ. സെറ്റ് മുണ്ടും പഴമനിറഞ്ഞ അമരാവതിയും ലക്കിടിയിലെ വഴിയും എല്ലാം പുതുമ നിറഞ്ഞതായി തോന്നി. ഷൂട്ടിംഗ് തുടങ്ങി രണ്ടാമത്തെ ദിവസം ഒാണം. ലൊക്കേഷിൽ എല്ലാവരും ചേർന്നു ഒാണ സദ്യ കഴിച്ചു. എന്റെ ആദ്യ ഒാണ സദ്യ .ചോറും കറികളും വിളമ്പാൻ മമ്മുക്കയുമുണ്ട്. സിനിമയിൽ ഹിന്ദി കലർന്ന മലയാളത്തിൽ പറഞ്ഞ 'സന്തോശം" എന്ന വാക്ക് പിന്നീട് എല്ലാവരെയും കാണുമ്പോൾ ഞാൻ പറയാൻ തുടങ്ങി.ലൊക്കേഷനിൽ എല്ലാം പുതുകാഴ്ചകളായിരുന്നു. അവാർഡ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് പലരും പറഞ്ഞു. സിനിമ ഇറങ്ങിയപ്പോൾ ലോഹിസാറിൽനിന്നും കേട്ടു ഇതേ വാക്കുകൾ.ആദ്യ സിനിമയിൽ തന്നെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ്. മമ്മുക്കയുടെ നായികയായി ആദ്യസിനിമയിൽ അഭിനയിച്ച് അവാർഡ് സ്വന്തമാക്കിയ നടി ഒരുപക്ഷേ ഞാനായിരിക്കും. വലിയ പ്രശസ്തിയാണ് കഥാപാത്രവും ദീനദയാലോ രാമാ എന്ന ഗാനവുംനൽകിയത്. നർത്തകി എന്ന എന്റെ വിലാസം അതിലൂടെ കേരളത്തിലും ഉയർന്നു. എന്നും എന്റെ പ്രിയ കഥാപാത്രമാണ് സീത. തനിയേയിലെ കഥാപാത്രം ഒപ്പം ഉണ്ടെങ്കിലും സീത ആണ് മുൻപിൽ. ഗംഭീരമായ തുടക്കം ആദ്യ ചിത്രത്തിൽ ലഭിച്ചെങ്കിലും പിന്നീട് അതേപോലെ സംഭവിച്ചില്ലെന്നാണ് കരുതുന്നത്. വർഷങ്ങൾ കഴിഞ്ഞു മമ്മുക്കയുടെ കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ 'അമ്മ"യുടെ റിഹേഴ്സൽ ക്യാമ്പിൽ ലക്ഷമി ഗോപാലസ്വാമിയായി കടന്നുപോയി. അരയന്നങ്ങളുടെ വീടിനുശേഷം മറ്റൊരു മമ്മുക്ക ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചില്ല. വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഏറെ പ്രതീക്ഷയും.21 വർഷത്തിനുശേഷം ദൈവത്തിന്റെ അനുഗ്രഹം പോലെ ആദ്യമായി ദുൽഖർ സൽമാനൊപ്പം 'സല്യൂട്ട്" സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. മമ്മുക്കയുടെ അഭിനയം അന്ന് നോക്കികണ്ടു.ഇപ്പോൾ ദുൽഖറിന്റെയും. രണ്ടുപേരും മികച്ച അഭിനയ പ്രതിഭകൾ. നല്ല വ്യക്തിത്വത്തിനുടമകൾ.
21 വർഷത്തിനുശേഷം
ജയറാമേട്ടനും പാർവതിയും ചക്കിയും മാത്രമല്ല ഞാനും കണ്ണൻ എന്നാണ് കാളിദാസനെ വിളിക്കുന്നത്. കൊച്ചുകൊച്ചു സന്തോഷങ്ങളുടെ ലൊക്കേഷനിൽ ജയറാമേട്ടന്റെ കൈവിരലിൽ തൂങ്ങി നടന്ന കണ്ണന്റെ മുഖം മനസിലുണ്ട്. അന്ന് കണ്ണൻ ചെറിയ കുട്ടി. എനിക്ക് ഇഷ്ടമായിരുന്നു ആ കുട്ടിത്തം . നല്ല ഭംഗിയുള്ള മുഖം, കണ്ണന്റെ അഭിനയം എന്നെ അത്ഭുതപ്പെടുത്തി. സിനിമയിൽ കണ്ണന്റെ അച്ഛനും അമ്മയുമായി ജയറാമേട്ടനും ഞാനും. ജയറാമേട്ടനും കണ്ണനും ചേർന്നായിരുന്നു കോമ്പിനേഷൻ സീനികളിൽ അധികവും. അധികം സീനുകളില്ലായിരുന്നു ഞാനും കണ്ണനും തമ്മിൽ. വളരുമ്പോൾ കണ്ണൻ സിനിമയിൽ തന്നെ ഉണ്ടാവുമെന്ന് അന്നേ തോന്നിയിരുന്നു.ഒരു മകനോട് എന്ന വാത്സല്യം അന്നും ഇന്നും കണ്ണനോട് തോന്നാറുണ്ട്. മാത്രമല്ല ആദ്യമായി അഭിനയിച്ചത് അമ്മയും മകനുമായും. എന്റെ കൺമുന്നിൽ വളർന്ന കുട്ടിയാണ് കണ്ണൻ. ഒരു സിനിമയിൽ അഭിനയിച്ചാൽ അതിലെ താരങ്ങളുമായി സൗഹൃദം നിലനിറുത്താൻ പലപ്പോഴും കഴിയില്ല. എന്നാൽ ജയറാമേട്ടനെയും കുടുംബത്തെയും പലേടത്തും കണ്ടു. വിദേശ സ്റ്റേജ് പരിപാടികൾക്ക് കുടുംബ സമേതമാണ് ജയറാമേട്ടൻ എത്തുക. കണ്ണനും ചക്കിയുമായി അപ്പോൾ കൂടുതൽ അടുത്തു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിനയിക്കാൻ കാരണം ലോഹിസാറാണ്. നർത്തകിയുടെ കഥാപാത്രമാണെന്നും സത്യൻ അന്തിക്കാട് പ്രതിഭാധനനായ സംവിധായകനാണെന്നും ആ സിനിമ ഉപേക്ഷിക്കരുതെന്നും ലോഹിസാർ ഒാർമ്മപ്പെടുത്തി.ഭാനുപ്രിയയും ഒപ്പമുള്ള നൃത്തരംഗം മറക്കാൻ കഴിയില്ല. 21 വർഷം കഴിഞ്ഞു ഇപ്പോൾ മറ്റൊരു അത്ഭുതം. കണ്ണൻ നായകനായി എത്തുന്ന 'രജനി" എന്ന ചിത്രത്തിൽസുപ്രധാന കഥാപാത്രമായി അഭിനയിക്കാൻ കഴിഞ്ഞു. കണ്ണൻ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.