സമീപകാലത്ത് പ്രേക്ഷകരുടെ ഹൃദയംതൊട്ട സിനിമകളിലൊന്നായആർക്കറിയാമിലൂടെ സംവിധായകനായ പ്രശസ്ത ഛായാഗ്രാഹകൻ
സാനുജോൺ വർഗീസിന്റെ വിശേഷങ്ങൾ
'എന്നെക്കൊണ്ട് ഒരു കഥ പറയാൻ പറ്റുമോയെന്ന് ഒരുപാട് ആലോചിച്ചു. എപ്പോഴോ അതിനുള്ള ആത്മവിശ്വാസം വന്നപ്പോഴാണ് സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ചത്." സാനു ജോൺ വർഗീസ് പറയുന്നു.
വമ്പൻ സിനിമകളുടെ സിനിമാട്ടോഗ്രാഫറായിട്ടുള്ളയാൾ സംവിധായകനാകുമ്പോൾ വലിയ കാൻവാസിലുള്ള വിഷ്വൽ ഇംപാക്ടറുള്ള ഒരു സിനിമയാണ് പലരും പ്രതീക്ഷിച്ചത്.?
എനിക്കറിയാവുന്ന ഒരു പശ്ചാത്തലത്തിൽ കഥ പറയാനുള്ള എളുപ്പംകൊണ്ടാണ് അങ്ങനെ സംഭവിച്ചതിന് ഒരു കാരണം. ഞാൻ വളരെ വിശദമായി കണ്ടിട്ടുള്ള ഒരു ലോകത്തു നിന്ന് കഥ പറയാനായിരുന്നു കൂടുതൽ എളുപ്പം.
സാനു കോട്ടയംകാരനല്ലേ?
അതെ. കോട്ടയത്തെ പുതുപ്പള്ളിയാണ് എന്റെ നാട്. നാട് എന്നും എന്റെ ഒരു നൊസ്റ്റാൾജിയയാണ്.
ആർക്കറിയാം എന്ന സിനിമയുടെ കഥയിലേക്കുള്ളലാൻഡിംഗ് എങ്ങനെയായിരുന്നു?
ലോകപ്രശസ്ത സംവിധായകനും എഴുത്തുകാരനും അനിമേറ്ററുമൊക്കെയായ ഹയായോ മിയാസാക്കിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി എന്റെ സുഹൃത്തും അനിമേറ്ററുമായ ഇ. സുരേഷ് എനിക്കയച്ചു തന്നു. ജപ്പാനിലെ നാഷണൽ ടെലിവിഷനിൽ മൂന്ന് ഭാഗങ്ങളിലായി വന്ന ഡോക്യുമെന്ററിയായിരുന്നു അത്. മിയാസാക്കി കഥ പറയുന്നത് അദ്ദേഹത്തിന് അറിയാവുന്ന ചുറ്റുപാടുകളിൽ നിന്നാണ്. പക്ഷേ, ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾക്ക് അദ്ദേഹം വേറൊരു തലം നൽകും. ഫാന്റസിയുടെ സ്പർശം നൽകും.
പൊണ്യോ എന്ന സിനിമ മിയാസാക്കി ചിത്രീകരിച്ച സമയത്താണ് ആ ഡോക്യുമെന്ററിയും ചിത്രീകരിച്ചിരിക്കുന്നത്. മിയാസാക്കിക്കൊപ്പം ജോലി ചെയ്യുന്ന ഒരാളുടെ കുട്ടിയാണ് പൊണ്യോ എന്ന സിനിമയ്ക്ക് പ്രചോദനം. ചെറിയ സംഭവങ്ങളിൽ നിന്ന് സിനിമയ്ക്ക് കഥ കണ്ടെത്തുന്ന ആ ശൈലി എനിക്കൊരു പ്രചോദനമായി. സിനിമയ്ക്ക് കഥ കണ്ടെത്തണമെങ്കിൽ പരന്ന് പോകേണ്ടതില്ലെന്ന് ബോധ്യമായി.കുറച്ചുകാലമായി ഞാൻ പല സ്ക്രിപ്റ്റുകളും എഴുതുന്നുണ്ടായിരുന്നു. എഴുതിയ പലതും കൊവിഡ് സാഹചര്യത്തിൽ സിനിമയാക്കാനാവാതെ പോയി.
നമ്മുടെ വീടാണ് എക്കാലവും നമ്മുടെ അഭയം. മുംബയിൽ നിന്ന് കൊവിഡ് കാലത്ത് അഭയം തേടി നാട്ടിലേക്ക്, വീട്ടിലേക്ക് ഭാര്യയും കുട്ടിയുമൊത്ത് ഓടി വന്ന കഥ തന്നെയാണ് ആർക്കറിയാം എന്ന സിനിമയ്ക്ക് പ്രചോദനം.
ലോക്ഡൗൺ തുടങ്ങിക്കഴിഞ്ഞ് ഞങ്ങൾ മുംബയിൽ നിന്ന് നാട്ടിലേക്ക് വന്ന സംഭവത്തിന്റെ ഒരു പകുതിയും വീട്ടിൽ വന്ന ശേഷമുള്ള സംഭവങ്ങൾ പിന്നീട് വളർത്തിയെടുത്ത മറ്റൊരു പകുതിയും ചേർന്നാണ് സിനിമയൊരുക്കിയത്. കുറച്ചുകാലം മുൻപേ എഴുതിയ ഒരു ത്രില്ലറിന്റെ ത്രെഡ് കൂടി ചേർത്താണ് രണ്ടാം പകുതി ഒരുക്കിയത്.
ഞാനും ഭാര്യയുമായി കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച്, ചർച്ച ചെയ്ത് ചെയ്ത് കഥ വളർത്തിയെടുക്കുകയായിരുന്നു. സംവിധായകനായ രാജേഷ് രവിക്കൊപ്പം ഞാനൊരു സിനിമ ചെയ്തിട്ടുണ്ട്. രാജേഷ് ഫ്രീയായിരുന്നതിനാൽ രാജേഷിനെക്കൊണ്ട് സ്ക്രിപ്ടിന്റെ ഒരു ഡ്രാഫ്ട് എഴുതിപ്പിച്ചു. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്ന് ആ സ്ക്രിപ്ട് പൊളിച്ചെഴുതി.
സ്ക്രിപ്ട് പൂർത്തിയായിക്കഴിഞ്ഞ് സിനിമയുമായി ബന്ധമില്ലാത്ത പലരോടും കഥ പറഞ്ഞു. കഥ ഓക്കെയാണെന്ന് ബോധ്യമായി. പിന്നീടാണ് ബിജുമേനോൻ മുതലുള്ള ആർട്ടിസ്റ്റുകളെ സമീപിക്കുന്നത്. പിന്നീടെല്ലാം പെട്ടെന്ന് സംഭവിച്ചു. എഴുത്ത് തുടങ്ങി എട്ട് മാസത്തിനുള്ളിൽ സിനിമ ചെയ്തു തീർന്നു. യുക്തിഭദ്രമായ കഥ രൂപപ്പെട്ട് വരാൻ രണ്ടര മാസമെടുത്തു. സ്ക്രിപ്ട് എഴുതാൻ എട്ട് ദിവസമേ വേണ്ടി വന്നുള്ളൂ.
കഥയിൽ ചിലയിടത്ത് ക്ളാരിറ്റിയില്ലാതെ വിട്ടുകളഞ്ഞ ഇടങ്ങളുണ്ടെന്ന് തോന്നി?
മകളുടെ ആദ്യ ഭർത്താവിനെ കൊല്ലാൻ ഇട്ടിയവരയ്ക്ക് കാരണങ്ങളും ന്യായങ്ങളുമുണ്ട്. ഇട്ടിയവര അഗസ്റ്റിനെ പറഞ്ഞ് വിശ്വസിപ്പിച്ച കഥയുടെ സ്വഭാവം തന്നെയാണ് സിനിമയുടെ കഥയ്ക്ക്. ഏതോ ഒരു മാനസികാവസ്ഥയിൽ ഇട്ടിയവര പറയുന്ന കഥയാണത്. അത്രയും നേരം കണ്ട റിയലിസ്റ്റിക് സ്വഭാവമല്ല അതിന് ശേഷമുള്ളത്. ഇട്ടിയവര പറഞ്ഞ കഥയിൽ സത്യമുണ്ടോയെന്ന് ചോദിച്ചാൽ അതിനുള്ള മറുപടിയാണ് സിനിയമുടെ ടൈറ്റിൽ തന്നെ, ആർക്കറിയാം!
ഇട്ടിയവര എന്ന കഥാപാത്രമാകാൻ ബിജുമേനോൻ തന്നെയായിരുന്നോ മനസ്സിൽ?
ഷറഫുദ്ദീൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് പറയാനാണ് പുള്ളിയുടെ അടുത്ത് പോയത്. ഞാനും രാജേഷ് രവിയും കൂടിയാണ് കഥ പറയാൻ പോയത്. മറ്റേ കാരക്ടർ ചെയ്യാൻ പറ്റുമോയെന്ന് ബിജുമേനോനോട് ചോദിച്ച് നോക്കാമെന്ന് അദ്ദേഹത്തെ കാണുന്നതിന് തൊട്ടുമുൻപാണ് ഞാൻ രതീഷിനോട് പറഞ്ഞത്.
ബിജുമേനോൻ റോയിയെ അവതരിപ്പിക്കുകയാണെങ്കിൽ ഇട്ടിയവരയാകാൻ പ്രായമുള്ള ഒരാർട്ടിസ്റ്റിനെ തന്നെ കണ്ടെത്തേണ്ടിവരും. കൊവിഡ് കാലത്ത് നല്ല പ്രായമുള്ള ഒരാളെക്കൊണ്ട് അഭിനയിപ്പിക്കുന്നതിൽ ഒരുപാട് റിസ്കുണ്ട്. അങ്ങനെ പല ചിന്തകളുമായാണ് ബിജുമേനോനോട് കഥ പറയാൻ പോയത്. അദ്ദേഹത്തിന് സ്ക്രിപ്ട് ഇഷ്ടമായി. നന്നായി കൺസീവ് ചെയ്ത സ്ക്രിപ്ടാണ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ ഇട്ടിയവര എന്ന കാരക്ടർ ചെയ്യുന്നതിന്റെ സാധ്യതയെപ്പറ്റി ചോദിച്ചു. പുള്ളി ആദ്യം സമ്മതിച്ചില്ല. കുറച്ചൊന്ന് ആലോചിച്ചിട്ട് മേക്കപ്പൊക്കെ ചെയ്ത് വേഷം കെട്ടിയത് പോലെയാകരുത് എന്ന് പറഞ്ഞു.
മലയാളിയായിട്ടും തുടക്കം ഹിന്ദിയിലായിരുന്നല്ലേ?
എന്റെ ഗേൾ ഫ്രണ്ട് അന്ന് മുംബയിൽ ജോലി ചെയ്തിരുന്നതിനാലാണ് ഞാൻ മുംബയിലേക്ക് പോയത്. സന്ദീപ് എന്ന അന്നത്തെ ഗേൾഫ്രണ്ട് ഇന്ന് എന്റെ ഭാര്യയാണ്. പരസ്യ ചിത്ര സംവിധായികയാണ്. ആർക്കറിയാമിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. എഴുത്തിന്റെ സമയം തൊട്ടേ കൂടെയുണ്ടായിരുന്നതിനാൽ ക്രിയേറ്റീവായും പ്രൊഡക്ഷനിലും ഒരേപോലെ സഹായിച്ചിരുന്നു.
സന്ദീപ മലയാളിയല്ലേ?
അല്ല. ബംഗാളിയാണ്. ഞാൻ മുംബയിൽ ചെല്ലുമ്പോൾ സന്ദീപയ്ക്ക് ജോലിയുണ്ട്. എനിക്ക് ജോലിയില്ല. ഹൈദരാബാദ് സിറിൾ യൂണിവേഴ്സിറ്റിയിൽ എന്റെ ക്ളാസ്മേറ്റായിരുന്നു സന്ദീപ. മൂന്ന് മാസം ഞാൻ ജോലി തേടി നടന്നു. ഒടുവിൽ സന്ദീപയാണ് ടി.വി.18 എന്ന പ്രൊഡക്ഷൻ ഹൗസിൽ എനിക്ക് ജോലി വാങ്ങി തന്നത്.കുറേ പരസ്യ ചിത്രങ്ങളും ടി.വി പ്രോഗ്രാമുകളുമൊക്കെ ചെയ്തു. നല്ലൊരു കാലമായിരുന്നു അത്. പിന്നീട് സിനിമയിൽ പല കാമറാമാന്മാരുടെയും അസിസ്റ്റന്റാവാൻ ശ്രമിച്ചു. ഒടുവിൽ രവി കെ. ചന്ദ്രൻ സാറാണ് ''നീ കൂടെ കൂടിക്കോ"" എന്ന് പറഞ്ഞത്.ഇൻഡോ-യു.കെ സംരംഭമായ സ്നിപ്പ് എന്ന സിനിമയിലാണ് അദ്ദേഹത്തോടൊപ്പം ആദ്യം പ്രവർത്തിച്ചത്.സ്വതന്ത്ര ഛായാ ഗ്രാഹകനാകാൻ അവസരം കിട്ടിയ സിനിമ കൈവിട്ട് പോയപ്പോൾ ഞാൻ വിയറ്റ്നാമിലേക്ക് ഒരു യാത്ര പോയി. ഒരു മാസം നീണ്ടുനിന്ന യാത്ര. തിരിച്ചു വന്നപ്പോൾ ലഭിച്ച അവസരമാണ് പ്രശസ്ത എഡിറ്റർ ചന്ദൻ അറോറ സംവിധായകനായ മൈം മാധുരി ദീക്ഷിത്ത് ബൻനാ ചാഹ്തി ഹൂം എന്ന ഹിന്ദി സിനിമ. ഒരു പിടി പുതുമുഖങ്ങൾ കാമറയ്ക്ക് പിന്നിൽ അണിനിരന്ന ആ സിനിമയുടെ പരാജയം ഞങ്ങളെയൊക്കെ ബാധിച്ചു. പിന്നീട് കുറച്ചുകാലം ഞാൻ സിനിമ ചെയ്തില്ല.
കാർത്തിക് കാളിംഗ് കാർത്തിക് എന്ന സിനിമയിലൂടെയാണ് തിരിച്ചു വന്നത്. അതുകഴിഞ്ഞ് കേരളത്തിൽ വന്ന് ഇലക്ട്ര ചെയ്തു. കമൽഹാസൻ സാറിനൊപ്പം വിശ്വരൂപം ചെയ്തു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്റെ വലിയൊരു ശതമാനം ആദ്യ ഭാഗത്തിനു വേണ്ടി ഷൂട്ട് ചെയ്തതാണ്. വിശ്വരൂപം 2ന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രഫിയിൽ ഞാനില്ല. അത് ഷാംദത്താണ് ചെയ്തത്. ഷാമും ഞാനും ഒരുമിച്ച് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നവരാണ്. ഞാൻ മറ്റ് സിനിമകളുടെ തിരക്കിലായപ്പോൾ ഷാം ചെയ്യുകയായിരുന്നു. രണ്ടാം ഭാഗത്തിൽ ആ മിലിട്ടറി പാട്ടും ഞാൻ ഷൂട്ട് ചെയ്തിരുന്നു.
കമൽ ഹാസനൊപ്പവും വസീറിൽ അമിതാഭ് ബച്ചനൊപ്പവും പ്രവർത്തിച്ച അനുഭവങ്ങൾ?
അവർക്ക് എല്ലാ ബഹുമാനവും കൊടുക്കുമ്പോഴും ഒരു സെലിബ്രിറ്റിയുടെ ഉള്ളിലെ സാധാരണ മനുഷ്യനുമായാണ് ഞാൻ ഡീൽ ചെയ്യാറുള്ളത്. നമ്മുടെ കഴിവും അവരുടെ കഴിവും എല്ലാം ഒത്തുചേരണം. അല്ലാതെ താരമെന്ന ചിന്ത മനസ്സിൽ വരാറില്ല.
മഹേഷ് നാരായണന്റെ ടേക്കോഫിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള തിരിച്ചി വരവ്?
മഹേഷും ഞാനും വളരെക്കാലമായുള്ള സുഹൃത്തുക്കളാണ്. ഞങ്ങളുടെ സംസാര രീതിയും വസ്ത്രധാരണ രീതിയും തമ്മിലുള്ള സാമ്യം പലരും പറയാറുണ്ട്. ഇന്റർനെറ്റിൽ പലയിടത്തും എന്റെ ഫോട്ടോ സെർച്ച് ചെയ്താൽ കിട്ടുന്നത് മഹേഷിന്റെയും മഹേഷിന്റെ ഫോട്ടോ സെർച്ച് ചെയ്താൽ കിട്ടുന്നത് എന്റെയുമായിരിക്കും. ടേക്കോഫ് കഴിഞ്ഞ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ. രതീഷ് ആർട്ട് അസിസ്റ്റന്റായി വരുന്ന കാലം തൊട്ടേയുള്ള കൂട്ടാണ്. ആർക്കറിയാമിന്റെ പ്രൊഡക്ഷൻ ഡിസൈനറും രതീഷായിരുന്നു.
എവിടെയാണ് ആർക്കറിയാം ചിത്രീകരിച്ചത്?
പാലായ്ക്കടുത്തുള്ള ഇടനാടിലാണ്. എന്റെ അച്ഛനും അമ്മയും പുതുപ്പള്ളിയിൽ താമസിക്കുന്ന വീട് മനസ്സിൽ വച്ചിട്ടാണ് ഞാനീ കഥയെഴുതിയത്
അടുത്ത സിനിമ?
തെലുങ്കിൽ ശ്യാംസിംഗ റോയ് എന്ന സിനിമയുടെ കാമറ ചെയ്യുന്നു. ഇനി ഒരു പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. ലോക്ക്ഡൗൺ വന്നപ്പോൾ മുടങ്ങിപ്പോയതാണ്. നാനിയാണ് നായകൻ. കുറേ കഥകൾ കേൾക്കുന്നുണ്ട്. എഴുതാനുള്ള ആവേശമുള്ളതുകൊണ്ട് നാട്ടിൽതന്നെ കൂടാനും പരിപാടിയുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കർ സംവിധായകനാകുന്ന സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാൾ എന്ന നോവലാണ് ആ സിനിമയ്ക്ക് ആധാരം. സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ എഴുത്ത് തുടങ്ങി.
മുംബയിലല്ലേ സ്ഥിരതാമസം?
ഇരുപത്തിയാറ് വർഷമായി മുംബയിൽ താമസം തുടങ്ങിയിട്ട്. ഒപ്പംസന്ദീപയും മകൾ മിയാകോയും. സന്തോഷമുള്ള കുഞ്ഞെന്നാണ് മിയോകോ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം.