ശെന്തിൽകൃഷ്ണയുടെ ജീവിതത്തിലെ അച്ഛൻ വേഷത്തിന് ഒരു വയസ്
തിരുവനന്തപുരം വെള്ളായണിയിലെ 'കൃഷ്ണതുളസി" എന്ന വീട്ടിൽ കുഞ്ഞുകാശിയാണ് താരം.രാവിലെ 'കൃഷ്ണതുളസി"യെ ഉണർത്തുന്നത് കാശി തന്നെ. രാത്രി വൈകിയേ 'കൃഷ്ണതുളസി "ഇപ്പോൾ ഉറങ്ങാറുള്ളൂ. ചലച്ചിത്രതാരം ശെന്തിൽകൃഷ്ണയുടെയും മറുപാതി അഖിലയുടെയും മകനാണ് കാശി എന്ന ചെല്ലപ്പേരുള്ള ആരവ് കൃഷ്ണ.ഒന്നാം ലോക് ഡൗണിലാണ് കാശി ജനിച്ചത്. രണ്ടാം ലോക് ഡൗണിൽ കാശിയുടെ ഒന്നാം പിറന്നാൾ.മറ്റൊരു വിശേഷം കൂടിയുണ്ട്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷനിൽനിന്ന് കാശിയുടെ പിറന്നാളിന് ദിവസങ്ങൾക്കുമുൻപാണ് ശെന്തിൽകൃഷ്ണ വീട്ടിൽ എത്തുന്നത്. അന്നു മുതൽ കാശി അച്ഛൻ പക്ഷത്തു ചേർന്നു. പിന്നേ അച്ഛനും കാശിയും തമ്മിൽ കൂട്ടുതുടങ്ങി.വെള്ളിത്തിരയിൽ സെന്തിൽകൃഷ്ണയുടെ നായകയാത്ര മൂന്നു വർഷം പിന്നിടുകയാണ്. ജീവിതത്തിലെ അച്ഛൻ വേഷത്തിന്റെ ആഹ്ളാദത്തിൽ ശെന്തിൽ നിറഞ്ഞു ചിരിച്ചു. ആ ചിരിയിൽ പങ്കുചേർന്നപോലെ അഖിലയും കാശിക്കുട്ടനും.'കൃഷ്ണതുളസി"യിലെ വർത്തമാനംപറച്ചിൽ ഇനി കേൾക്കാം.
ശെന്തിൽ : കുഞ്ഞ് സംസാരിക്കാൻ തുടങ്ങി. ആദ്യം പറഞ്ഞത് അപ്പ എന്നാണ്. എന്നെ നോക്കി അപ്പ എന്നു വിളിച്ചു. അത് കഴിഞ്ഞ് പറഞ്ഞത് അമ്മ എന്നും.
അഖില : അപ്പ എന്നും അമ്മ എന്നും വിളി കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നും. മനസ് നിറയുന്ന നിമിഷം.
ശെന്തിൽ : ആദ്യത്തെ ലോക് ഡൗണിലാണ് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോടാണ് അഖിലയുടെ നാട്. അവിടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ ഞാൻ ആദ്യമായി എന്റെ അമ്മയ്ക്ക് കാണിച്ചുകൊടുക്കുന്നത് വീഡിയോകാളിലൂടെയാണ്. കണ്ട ഉടൻ അമ്മ ആദ്യം വിളിച്ചത് 'കാശിക്കുട്ടാ" എന്നായിരുന്നു. അപ്പോൾതന്നെ തീരുമാനിച്ചു ചെല്ലപ്പേരായി 'കാശി" മതിയെന്ന്.
അഖില : ആരവ് കൃഷ്ണ എന്ന പേര് ഞാനാണ് ഇട്ടത്. കുഞ്ഞ് ജനിക്കുന്നതിനുമുൻപേ പേര് മനസിലുണ്ട്. അഥർവ് കൃഷ്ണ എന്ന പേരും ഉണ്ടായിരുന്നു. ഒടുവിൽ ആരവ് കൃഷ്ണയിൽ എത്തി. പെൺകുട്ടിയായിരുന്നെങ്കിൽ വൈദേഹി കൃഷ്ണ.
ശെന്തിൽ : കുഞ്ഞ് ജനിച്ചശേഷം ജീവിതം ഏറെ മനോഹരമായി മുന്നോട്ട് പോവുന്നു. ഞങ്ങൾ രണ്ടുപേരും വലിയ സന്തോഷത്തിൽ . മുൻപ് ഷൂട്ടിംഗിന് പോയി രണ്ടുദിവസം ഷൂട്ടില്ലെങ്കിൽ അവിടെത്തന്നെ താമസിക്കുകയാണ് പതിവ്. കാശിക്കുട്ടൻ ജനിച്ചശേഷം ഒരുദിവസം ഷൂട്ടിംഗില്ലെങ്കിൽ വേഗം വീട്ടിൽ എത്തും.
അഖില : വരുമ്പോൾ കളിപ്പാട്ടം കൊണ്ടുവരും. അപ്പ കളിപ്പാട്ടം കൊണ്ടുവരുമെന്ന് അറിയാവുന്ന ഭാവത്തിലാണ് കാശിക്കുട്ടൻ. കളിപ്പാട്ടം കൈയിൽ കിട്ടിയാൽ പിന്നെ ആരെയും വേണ്ട.
ശെന്തിൽ :ടിവിയിൽ എന്റെ സിനിമയുടെ പാട്ട് വന്നാൽ നോക്കിനിൽക്കും. അത് ഞാനാണെന്ന് തിരിച്ചറിഞ്ഞുള്ള നിൽപ്പായിരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾ ഒരു വയസായതല്ലേയുള്ളൂ. നാളെ തിരിച്ചറിയുക തന്നെ ചെയ്യും.
സ്പീക്കർ ഫോൺ ഇട്ടാൽ എന്റെ ശബ്ദം കേട്ട് ആള് ഒാടിവരും. പിന്നെ അഖിലയെ നോക്കി ചിരിക്കും. ഉടുമ്പ് സിനിമയ്ക്ക് വേണ്ടി താടിയും മുടിയും നീട്ടിവളർത്തിയിരുന്നു. വേറൊരു രൂപവും ഭാവവും കണ്ടപ്പോൾ ആള് അത്ര പരിചയം കാട്ടിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി തലമുണ്ഡനം ചെയ്തിരുന്നു. അതിനുശേഷം ആള് കാണുന്നത് ആ രൂപം.
അഖില : അന്ന് കുറച്ചുനേരം സൂക്ഷിച്ചുനോക്കി. സംസാരം കേട്ടപ്പോൾ അപ്പയാണെന്ന് മനസിലായി.
ശെന്തിൽ : ഞാൻ വീട്ടിലില്ലാത്തപ്പോൾ അപ്പ എവിടെയെന്ന് ചോദിച്ചാൽ ചുവരിലെ ഫോട്ടോയ്ക്ക് നേരെ വിരൽ ചൂണ്ടി ചിരിക്കും. ആഗ്രഹിക്കുന്നതെല്ലാം ദൈവം എനിക്ക് തരുന്നുണ്ട്.സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ചു.ഗുരുവായൂർ ക്ഷേത്രത്തിലായിരിക്കണം വിവാഹമെന്ന് ഞങ്ങൾ രണ്ടുപേരുടെയും ആഗ്രഹമായിരുന്നു. 2019 ആഗസ്റ്റ് 24 ന് വിവാഹം. വിവാഹം കഴിഞ്ഞു. മൂന്നാറിലും ഇടുക്കിയിലും വയനാട്ടിലും പോയി. അതിനു ശേഷം മരട് 357, കുറ്റവും ശിക്ഷയും, തുറമുഖം എന്നീ സിനിമകളുടെ ചിത്രീകരണം. അപ്പോൾ അഖില ഗർഭിണിയാണ്. ആസമയത്ത് അഖിലയുടെ കൂടെ സമയം ചിലവഴിക്കണമെന്നൊക്കെ ആലോചിരിക്കുമ്പോഴാണ് മാർച്ചിൽ ലോക്ക്ഡൗൺ. പന്നെ അഖിലയോടൊപ്പം തന്നെയായിരുന്നു. പ്രസവസമയത്ത് ടെൻഷനടിക്കുന്ന പതിവ് ഭർത്താക്കന്മാരെപോലെ ലേബർ റൂമിന് പുറത്ത് ഞാനും കാത്തുനിന്നു .ജനിക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് അറിയില്ലായിരുന്നു.കുഞ്ഞ് ജനിച്ച ശേഷം നഴ്സ് വന്നുപറയുന്ന ആ നിമിഷത്തിലെ സസ്പെൻസിന്റെ സുഖംഎല്ലാ ആണുങ്ങളെയും പോലെ ഞാനും അറിഞ്ഞു.
അഖില : കുഞ്ഞ് ജനിച്ചപ്പോൾ ഞങ്ങൾ ആഗ്രഹിച്ചു, ചോറൂണ് ഗുരുവായൂരിൽ നടത്തണമെന്ന്. ലോക് ഡൗൺ കാരണം പോവാൻ കഴിഞ്ഞില്ല.
ശെന്തിൽ : നൂലുകെട്ടും ചോറൂണും വീട്ടിലാണ് നടത്തിയത്. ഒന്നാം പിറന്നാൾ ആഘോഷവും വീട്ടിൽതന്നെ. അച്ഛന്റെയും മകന്റെയും പിറന്നാൾ അടുത്തടുത്ത ദിവസമാണ്. 2020 മേയ് 16ന് കാശിക്കുട്ടന്റെ പിറന്നാൾ. 19ന് എന്റെ . ഒരേമാസം ജനിച്ച അച്ഛനും മകനും.
അഖില:ലോക് ഡൗൺ സമയത്ത് ജനിച്ചതിനാൽ മുഖാവരണം ധരിച്ചവരെ മാത്രമാണ് അവൻ കാണുന്നത്.
ശെന്തിൽ : എല്ലാം വേഗം മാറി നല്ല ലോകം ഉടൻ ഉണ്ടാവട്ടെ. അടുത്ത പിറന്നാളിന് ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ അടുത്ത് കൊണ്ടുപോവണമെന്നാണ് ആഗ്രഹം.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടക്കുന്ന സമയം.കാമറയുടെ മുന്നിൽ എക് സൈസ് മന്ത്രി സി.പി ഭാസ്കരൻ എന്ന കഥാപാത്രമായി ശെന്തിൽ കൃഷ്ണ. ഇതേ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന അഖിലയെ ഷോട്ട് കഴിഞ്ഞ സമയത്ത് പരിചയപ്പെടുന്നു. പിന്നീട് പലദിവസവും പാസിംഗ് ഷോട്ട് പോലെ അഖില കടന്നു പോയി. സിനിമയിലാണെങ്കിൽ ഉറപ്പായും ഇപ്പോൾ പാട്ട് സീൻ....
ശെന്തിൽ : ഒരു നടനോട് തോന്നുന്ന ഇഷ്ടവും ആരാധനയും . അത് സൗഹൃദമായി വളർന്നു. പിന്നെയും സൗഹൃദം വളർന്നു പ്രണയമായി. അത് വിവാഹത്തിൽ എത്തുകയും ചെയ്തു. പ്രതീക്ഷിക്കാതെയാണല്ലോ പലതും ജീവിതത്തിൽ സംഭവിക്കുന്നത്. യാദൃശ്ചികമായി കണ്ടുമുട്ടുകയും പരസ്പരം മനസിലാക്കുകയും സംസാരിക്കുകയും ചെയ്തു. പ്രണയം മുന്നോട്ടുപോവുമ്പോൾത്തന്നെ വീട്ടുകാർ തമ്മിൽ സംസാരിച്ചു. അഖിലയുടെ വീട്ടുകാർ എന്നെക്കുറിച്ച് അന്വേഷിച്ചത് വിനയൻ സാറിനോടായിരുന്നു.'ചാലക്കുടിക്കാരൻ ചങ്ങാതി "സിനിമയിലൂടെ വിനയൻ സാർ എന്റെ ജീവിതം കൈപിടിച്ചുയർത്തി. എല്ലാവരുടെയും ജീവിതത്തിലെ പ്രധാന മുഹൂർത്തമാണ് വിവാഹം. എന്റെ വിവാഹത്തിലും പ്രധാന പങ്കുവഹിച്ചത് വിനയൻ സാറുതന്നെ.
അഖില :സിനിമാനടനെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഒന്നുരണ്ട് വർഷം കഴിഞ്ഞ് വിദേശത്ത് ജോലിക്ക് പോവണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു.
സ്വപ്നം കാണാൻപോലും കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ ശെന്തിൽകൃഷ്ണയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. സിനിമയിൽ ചെറിയ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ച മിമിക്രിക്കാരൻ. വലിയ വേഷം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കലാഭവൻ മണി എന്ന അനുഗ്രഹീത കലാകാരന്റെ വേഷം അവതരിപ്പിച്ചുള്ള തുടക്കം ഏറ്റവും വലിയ ഭാഗ്യം സമ്മാനിച്ചു. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിൽ മികച്ച കഥാപാത്രമായി എത്തുന്നു. എല്ലാ നടന്മാരുടെയും ആഗ്രഹമാണ് രാജീവ് രവി സിനിമ. തുറമുഖത്തിലും കുറ്റവും ശിക്ഷയിലും ശെന്തിലിന് മികച്ച വേഷം. ചാലക്കുടിക്കാരൻ ചങ്ങാതിക്കുശേഷം നായക വേഷം അവതരിപ്പിക്കുന്ന ഉടുമ്പിൽ ഇതേവരെ കാണാത്ത ഭാവം. മരട് 357, പുള്ളി, ഇടി, മഴ, കാറ്റ് എന്നീ ചിത്രങ്ങളും ഒരുങ്ങുന്നു.
ശെന്തിൽ : പ്രേക്ഷകർ തന്ന പ്രോത്സാഹനമാണ് ഇതുവരെ എത്താൻ സാധിച്ചത്. ജീവിതത്തിന്റെ തിരക്കഥ ഇൗശ്വരന്റെ കൈയിലാണ്. നന്മയുള്ള ആളായി ജീവിക്കാൻ ശ്രമിക്കുന്നു. ബാക്കി എല്ലാം ഇൗശ്വരൻ നോക്കിക്കൊളളും .ലോക് ഡൗൺ കഴിഞ്ഞു കോഴിക്കോടിന് പോവണം.
അഖില: വീട്, ബീച്ച്, പാരഗൺഹോട്ടൽ, എസ്.എം സ്ട്രീറ്റ് ... അപ്പയും ഞാനും കാശിക്കുട്ടനും...