
ഹൈദരാബാദ്: നഗരത്തിലെ എസ്.വി.ആർ.ആർ സർക്കാർ ആശുപത്രിക്ക് സമീപം അഞ്ച് ദിവസം മുൻപ് കിട്ടിയ സ്യൂട്ട് കേസിലെ ശരീരഭാഗങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി പൊലീസ്. ചിറ്റൂർ രാമസമുന്ദ്രം സ്വദേശിനി ഭുവനേശ്വരി(27) എന്ന ഐ.ടി പ്രൊഫഷണലിന്റെ ശരീരമാണ് അതെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവായ ശ്രീകാന്ത് റെഡ്‌ഡിയാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന സൂചനകൾ ഇങ്ങനെ. ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്തും 2019ലാണ് വിവാഹിതരാകുന്നത്. ഇവർക്ക് ഒന്നര വയസുളള ഒരു മകളുണ്ട്. കൊവിഡ് കാലത്ത് ശ്രീകാന്തിന് ജോലി നഷ്‌ടമായി. തുടർന്ന് ഇവർ തിരുപ്പതിയിലേക്ക് മാറി താമസിച്ചു. ജോലി ലഭിക്കാത്തതിനെ തുടർന്ന് മദ്യപാനം ആരംഭിച്ച ശ്രീകാന്ത് ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിടുന്നത് പതിവാക്കി. തുടർന്ന് ജൂൺ22 നോ,23നോ രാത്രിയിൽ വഴക്കിനിടെ ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തി.
കൊലയ്‌ക്ക് ശേഷം ഒരു ടാക്‌സി വിളിച്ച ഇയാൾ ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ മൃതദേഹം ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. ശേഷം ഭുവനേശ്വരിയുടെ ബന്ധുക്കളോട് കൊവിഡ് ഡെൽറ്റാ പ്ളസ് രോഗം ബാധിച്ച് ഭുവനേശ്വരി മരണമടഞ്ഞതായും മൃതദേഹം ആശുപത്രി അധികൃതർ തന്നെ സംസ്‌കരിച്ചതായും അറിയിച്ചു.
ആശുപത്രിയിലെ സിസിടിവി ക്യാമറയുടെ സഹായത്തോടെ ശ്രീകാന്തിനൊപ്പമുണ്ടായിരുന്ന ടാക്‌സി ഡ്രൈവറെ കണ്ടെത്തി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് പൊലീസിന് വിവരങ്ങളെല്ലാം ലഭിച്ചത്. സംഭവശേഷം ഒളിവിൽ പോയ ശ്രീകാന്തിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.