bank

ന്യൂഡൽഹി: രാജ്യത്തെ എസ് ബി ഐ ഉപഭോക്താക്കൾക്ക് ഇനിമുതൽ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് മാസത്തിൽ നാലു തവണയിൽ കൂടുതൽ സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കില്ല. ബേസിക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അഥവാ സീറോ ബാലൻസ് അക്കൗണ്ടുകൾ ഉള്ളവർക്കാണ് ഈ പുതിയ പരിഷ്കാരം ബാധകമാകുക. ബാങ്കിൽ നിന്നും എ ടി എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഈ നിബന്ധന ബാധകമാണ്. ജൂലായ് ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരും. എസ് ബി ഐ സർക്കുലർ അനുസരിച്ച് നാലിൽ കൂടുതൽ വരുന്ന ഓരോ ട്രാൻസാക്ഷനും 15 രൂപ മുതൽ 75 രൂപ വരെ എസ് ബി ഐ പിഴ ഈടാക്കുന്നതായിരിക്കും. ഇതുകൂടാതെ ഇതിന്മേലുളള ജി എസ് ടി ടാക്സ് ഇടപാടുകാരൻ പ്രത്യേകം അടക്കണം. എന്നാൽ ഓൺലൈൻ ആയി പണമിടപാട് നടത്തുന്നതിന് ഈ നിബന്ധനകൾ ബാധകമല്ലെന്നും ബാങ്കിന്റെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ സീറോ ബാലൻസ് അക്കൗണ്ടുകാ‌ർക്ക് ഇനി മുതൽ ഒരു സാമ്പത്തിക വർഷം 10 ചെക്കുകൾ മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളു. അതിൽ കൂടുതൽ വേണമെന്നുള്ളവർ അധികം വേണ്ട ഓരോ 10 ചെക്കുകൾ അടങ്ങിയ ബുക്കിനും 40 രൂപയും 25 ചെക്കുകൾ അടങ്ങിയ ബുക്കിന് 75 രൂപയും ജി എസ് ടിയും നൽകേണ്ടി വരും. എന്നാൽ മുതിർന്ന പൗരന്മാരെ ഈ പരിഷ്കാരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ സാധാരണക്കാരനെ ഏറ്റവും അധികം ബാധിക്കുന്ന നടപടിയാണ് എസ് ബി ഐയുടെ ഭാഗത്ത് നിന്ന് ഇപ്പോൾ വന്നിരിക്കുന്നത്. എസ് ബി ടിയുടെ ഇടപാടുകാരിൽ ഭൂരിപക്ഷവും സീറോ ബാലൻസ് അക്കൗണ്ട് ഉളളവരാണ്. കഴിഞ്ഞ വർഷം നടത്തിയ പഠനം അനുസരിച്ച് 12 കോടിയോളം വരുന്ന എസ് ബി ഐയുടെ സീറോ ബാലൻസ് അക്കൗണ്ടുകാരിൽ നിന്ന് 300 കോടി രൂപയാണ് പിഴയിനത്തിൽ മാത്രം ബാങ്ക് ഈടാക്കിയിട്ടുളളത്. പൊതുമേഖലാ സ്ഥാപനമായ എസ് ബി ഐയുടെ ഈ കൊളളയ്ക്കെതിരെ പ്രതിഷേധം കനക്കുമ്പോഴാണ് ജനദ്രോഹപരമായ പുതിയ പരിഷ്കാരങ്ങളുമായി ബാങ്ക് വീണ്ടും വരുന്നത്.