ചില ഭക്ഷണപ്രിയരുണ്ട്, കഴിക്കുമ്പോൾ ആന വന്നാൽ പോലും അനങ്ങാത്തവർ. സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ ഒരു കക്ഷിയാണ്. വഴിവക്കിലെ ഒരു കടയിൽ തന്റെ ഇഷ്ടവിഭവമായ ചിക്കൻ വിംഗ്സ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇരുചക്ര വാഹനത്തിലെത്തിയ ഹെൽമെറ്റ് ധാരിയായ കവർച്ചക്കാരൻ തോക്കുചൂണ്ടി കടയിലേക്ക് ഇടിച്ച് കയറുന്നു. മോഷ്ടാവിനെ കണ്ടപാടെ ചുറ്റുമുള്ളർ സ്ഥലം കാലിയാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, എല്ലാം മതിമറന്ന് ചിക്കൻ കഴിക്കുന്ന യുവാവിന്റെ അടുത്തെത്തിയ കവർച്ചക്കാരൻ കഴുത്തിലെ മാല പൊട്ടിച്ചെടുത്തു. എന്നാൽ, അപ്പോഴും യുവാവ് ചിക്കൻ കഴിച്ചു കൊണ്ടിരിക്കുകയാണ്. കവർച്ചക്കാരൻ കടയുടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതും കാണാം. എന്നാൽ, ഇതൊന്നും കണ്ടഭാവം പോലും നടിക്കാതെ യുവാവ് ഭക്ഷണം കഴിക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. ഇയാൾ കവർച്ചക്കാരന് സ്വന്തം ഇഷ്ടപ്രകാരം സ്മാർട്ട്‌ഫോൺ നൽകുന്നതും സി.സി.ടി.വി കാമറയിൽ കിട്ടിയിട്ടുണ്ട്.
കവർച്ചക്കാരൻ പിന്നീട് യുവാവിനരികിലെ യുവതിയെ ഭീഷണിപ്പെടുത്തി മാല തട്ടിയെടുത്തു. പേടിച്ചുവിറച്ച യുവതി ദേഹോപദ്രവം ഏൽക്കാതിരിക്കാൻ സ്വന്തം മൊബൈൽ ഫോൺ നൽകിയെങ്കിലും തസ്ക്കരവീരൻ അത് സ്വീകരിക്കാൻ കൂട്ടാക്കാതെ കിട്ടിയ പണവും മാലയും സ്മാർട്ട്‌ഫോണുമായി ബൈക്കിൽ സ്ഥലംകാലിയാക്കിയതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും ഈ യുവാവ് ഒന്നും അറിയാത്ത ഭാവത്തിൽ ചിക്കൻ വിംഗ്സിന്റെ രുചിയിൽ മതിമറന്നിരിക്കുകയായിരുന്നു.