arrest

ആഗ്ര: പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്തുക്കൾ അറസ്റ്റിൽ. സച്ചിൻ ചൗഹാൻ എന്ന ഇരുപത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കൊവിഡ് ബാധിച്ചു മരിച്ചു എന്ന് കള്ളം പറഞ്ഞ് പ്രതികൾ സച്ചിന്റെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.

രണ്ട് കോടി രൂപയ്ക്ക് വേണ്ടിയാണ് പ്രതികൾ സച്ചിനെ തട്ടിക്കൊണ്ടുപോയത്. ബിസിനസുകാരനായ സുരേഷ് ചൗഹാന്റെ എക മകനായിരുന്നു സച്ചിൻ. ജൂൺ 21നാണ് യുവാവിനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയത്. അന്നുതന്നെ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആരുമറിയാതെ ബൽകേശ്വര് ഘട്ടിൽ ദഹിപ്പിച്ചു.

കേസിൽ സച്ചിൻ ചൗഹാന്റെ അടുത്ത സുഹൃത്തും, പിതാവിന്റെ ബിസിനസ് പങ്കാളിയുടെ മകനുമായ സച്ചിൻ അസ്വാനി, ഹാപ്പി ഖന്ന, മനോജ് ബൻസാൽ, റിങ്കു, ഹർഷ് ചൗഹാൻ, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്വാനിയിൽ നിന്ന് സച്ചിൻ ഇടയ്ക്കിടെ പണം കടംവാങ്ങിയിരുന്നു. തുക 40 ലക്ഷം രൂപയിലെത്തിയപ്പോൾ അസ്വാനി പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും, ഇയാൾ നൽകിയില്ല.

തുടർന്ന് അസ്വാനിയും ഹർഷും സച്ചിനെ തട്ടിക്കൊണ്ടുപോകാനും പിതാവിൽ നിന്ന് രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടാനും പദ്ധതി തയ്യാറാക്കി.ജൂൺ 21 ന് അസ്വാനി സച്ചിനെ ഖാസ്പൂർ ഗ്രാമത്തിൽ ഒരു മദ്യവിരുന്നിന് പോകാനുണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് ആരോപണം.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതികൾ കമലാ നഗറിലെ ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് പിപിഇ കിറ്റുകൾ വാങ്ങി ധരിച്ചു.വ്യാജ പേരിൽ ബൽകേശ്വരിൽ ചെന്ന് യുവാവിന്റെ മൃതദേഹം ദഹിപ്പിച്ചു. അടുത്ത ദിവസം അസ്വാനിയുടെ കസിൻ ഹാപ്പി ഖന്നയും സുഹൃത്ത് റിങ്കുവും ചിതാഭസ്മം വാങ്ങി.യമുനയിൽ ഒഴുക്കി. എന്നാൽ നമ്പർ നൽകിയപ്പോൾ അവർക്കൊരു അബദ്ധം പറ്റി. ബന്ധുവിന്റെ നമ്പരാണ് കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇതും പ്രതികളെ കുടുക്കാൻ സഹായിച്ചു.

കൂടാതെ ശവസംസ്‌കാരത്തിന് ശേഷം ഹാപ്പിയുടെ സുഹൃത്ത് മനോജ് ബൻസാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സച്ചിന്റെ മൊബൈൽ ഫോൺ കാൻപൂരിലേക്ക് കൊണ്ടുപോയി. സച്ചിന്റെ നമ്പരിലേക്ക് അമ്മ വിളിച്ചപ്പോൾ സച്ചിൻ ഉറങ്ങുകയാണെന്നും അവർ നോയിഡയിൽ ഉണ്ടെന്നും ഇയാൾ പറഞ്ഞു. സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചവരുടെ കൂട്ടത്തിലും മനോജ് ഉണ്ടായിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം പണം പോയി വാങ്ങാനുള്ള ധൈര്യം ഉണ്ടായില്ല.