ജമ്മു: എയർഫോഴ്‌സ് സ്‌റ്റേഷന് നേരെ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയ ഭീകരർ ലക്ഷ്യമിട്ടിരുന്നത് ജമ്മു എയർപോർട്ടിലെ എയർട്രാഫിക് കൺട്രോൾ കെട്ടിടത്തിനെ. ടൈംസ് നൗ ചാനൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ജമ്മു എയർപോർട്ട് നടത്തിപ്പ് എയർ ട്രാഫിക് കൺട്രോളും റൺവെ വായുസേനയുടെ നിയന്ത്രണത്തിലുമാണ്.
ഭൂമിയിൽ നിന്നും 1.2 കിലോമീറ്റർ മാത്രം ഉയരത്തിലാണ് ഡ്രോൺ പറന്നത്. പ്രാഥമിക അന്വേഷണ വിവരം അനുസരിച്ച് പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്‌ബയാണ് ആക്രമണത്തിന് പിന്നിൽ. ടിഎൻടി അടങ്ങിയ ആധുനിക സ്‌ഫോടനോപകരണങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ഭൂമിയുടെ അക്ഷാംശവും രേഖാംശവും കണക്കാക്കിയാണ് ആക്രമണം നടത്തിയത്. എന്നാൽ ലക്ഷ്യം തെറ്റി സേനയുടെ കെട്ടിടത്തിൽ വന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ ഒറ്റനില കെട്ടിടത്തിന് മുകളിലാണ് ബോംബ് വന്ന് വീണത്. എന്നാൽ കെട്ടിടത്തിന് കാര്യമായ തകരാറൊന്നും സംഭവിച്ചില്ല.
വായുസേന മന്ദിരത്തിലേക്ക് നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെയാണ് ചുമതലപ്പെടുത്തുക. പ്രത്യേക ബോംബ് സ്‌ക്വാഡ് ടീമാണ് അന്വേഷിക്കുക. അതിർത്തിയ്‌ക്ക് അപ്പുറം നിന്നാണ് ഡ്രോണുകൾ നിയന്ത്രിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പ്രാദേശിക സഹായം ലഭിച്ചോ എന്നും അന്വേഷിക്കും.
ഇതാദ്യമായാണ് പാകിസ്ഥാൻ ഡ്രോൺ ഉപയോഗിച്ച് ഇന്ത്യൻ മണ്ണിൽ ആക്രമണം നടത്തുന്നത്. ജമ്മുവിന് പുറമേ രത്നുചക്-കാലുചക് സൈനിക താവളത്തിലും സംശയാസ്‌പദമായ നിലയിൽ രണ്ട് ഡ്രോണുകളെ കണ്ടെത്തിയിരുന്നു.