ജനറൽ പിക്ചേഴ്സ് രവി,അച്ചാണി രവി. നിർമ്മാതാവ്കെ. രവീന്ദ്രനാഥൻ നായർക്ക്ചലച്ചിത്രഭൂപടത്തിൽഏറെ വിശേഷണങ്ങൾ
കൊല്ലത്ത് മുദ്രപത്രകച്ചവടം നടത്തിയിരുന്ന ഒരു കൃഷ്ണപിള്ളയുണ്ടായിരുന്നു. മുദ്രപത്ര കച്ചവടത്തോടൊപ്പം അദ്ദേഹം ചെറുതായി തുടങ്ങിയ ചിട്ടി, പിന്നീട് വളർന്ന് വലിയ ചിട്ടി കമ്പനിയായി. ഇക്കാലത്താണ് ആൻഡേഴ്സൺ സായ്പ് കൊല്ലത്ത് വന്ന് കശുഅണ്ടി വ്യവസായം ആരംഭിച്ചത്. സംസ്ക്കരിച്ച പരിപ്പ് കയറ്റുമതിയും നടത്തി തുടങ്ങി. കൃഷ്ണപിള്ളയും പറങ്കി അണ്ടി (കശുഅണ്ടി) വറുത്ത് സായ്പിന് നൽകാൻ തുടങ്ങി. തങ്ങൾകുഞ്ഞ് മുസലിയാരും ഇക്കാലത്ത് കശുഅണ്ടി വ്യവസായം തുടങ്ങിയിരുന്നു. നല്ല ലാഭമുണ്ടെന്ന് മനസിലാക്കിയ കൃഷ്ണപിള്ളയുടെ പറങ്കി അണ്ടി വറുപ്പ് വിപുലമായ തോതിലേക്ക് കടന്നു.
കാലം മാറി, വ്യവസായത്തിന്റെ രീതികളും മാറി. കൃഷ്ണപിള്ളയും തങ്ങൾകുഞ്ഞ് മുസലിയാരും കൊല്ലത്തെ കശുഅണ്ടി വ്യവസായികളും കയറ്റുമതിക്കാരുമായി വളർന്നു. നിരവധി ഫാക്ടറികൾ, ആയിരക്കണക്കിന് തൊഴിലാളികൾ. മുദ്രപത്രകച്ചവടക്കാരനായിരുന്ന കൃഷ്ണപിള്ളയ്ക്ക് പണ്ടേ നാട്ടുകാർ ഒരു ഓമനപേര് നൽകിയിരുന്നു. വെണ്ടർ കൃഷ്ണപിള്ള. കശുഅണ്ടി മുതലാളിയായി മാറിയിട്ടും ആ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. വെണ്ടർ എന്ന വാക്ക് അഭിമാനത്തിന്റെ വിശേഷണമായി മാറുകയും ചെയ്തു. വെണ്ടർ കൃഷ്ണപിള്ളയുടെ എട്ടുമക്കളിൽ അഞ്ചാമൻ ആദ്യമൊക്കെ അച്ഛന്റെ ബിസിനസിൽ പങ്കാളിയായ ശേഷം പിന്നീട് സ്വന്തമായി ബിസിനസ് തുടങ്ങി. അദ്ദേഹത്തിന്റെ മനസിൽ കശുഅണ്ടി ബിസിനസിനൊപ്പം സിനിമയും കുടിയേറി. അദ്ദേഹമാണ് പിൽക്കാലത്ത് ലോകം അംഗീകരിച്ച നിരവധി ക്ളാസ്സിക്കൽ സിനിമകളുടെ നിർമ്മാതാവായി പേരെടുത്ത കെ. രവീന്ദ്രനാഥൻ നായർ.
രവി, രവിമുതലാളി, ജനറൽ പിക്ചേഴ്സ് രവി, അച്ചാണി രവി എന്നീ പേരുകളിലൊക്കെ അറിയപ്പെട്ട രവീന്ദ്രനാഥൻ നായർ കൊല്ലത്തെ മാത്രമല്ല കേരളത്തെയും ലോക സിനിമ ഭൂപടത്തിൽ അടയാളപ്പെടുത്തിയ അതുല്യ കലാസ്നേഹിയാണ്. കൊല്ലത്തുകാരുടെ അഭിമാനമായ രവിമുതലാളി ഇപ്പോൾ വാർദ്ധക്യത്തിന്റെ അവശതകളിൽ കൊച്ചുപിലാമൂട്ടിലെ വസതിയായ 'നാണി" യിൽ വിശ്രമ ജീവിതത്തിൽ. കമേഴ്സ്യൽ സിനിമയിൽ തുടങ്ങി ആ പാത ഉപേക്ഷിച്ച് നിരവധി ക്ളാസ്സിക്കുകൾ ലോക സിനിമയ്ക്ക് സംഭാവന നൽകിയ അദ്ദേഹം കഴിഞ്ഞ കുറെക്കാലമായി സജീവമല്ലെങ്കിലും ആ മനസ്സിൽ നിന്ന് സിനിമ കുടിയിറങ്ങിയിട്ടില്ല. താൻ നിർമ്മിച്ച ചിത്രങ്ങൾ എക്കാലവും ഓർക്കപ്പെടുമെങ്കിലും ഇപ്പോൾ മലയാള സിനിമയുടെ രീതികൾ തന്നെ മാറി. കാലം മാറി കഥയും മാറി, മനസ്സിൽ ഇപ്പോഴും സിനിമ വസന്തം കുടിയിരിക്കുന്നുവെങ്കിലും ഇനിയൊരു സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മിതമായ വാക്കുകളിൽ പതിയെയുള്ള ആ സംസാരം ആദ്യം കാണുന്നവർക്ക് അത്ര രുചിയ്ക്കില്ലെങ്കിലും ക്രമേണ ആ വാക്കുകളോടൊരു പരിചിതഭാവം അനുഭവപ്പെടും. സിനിമ നിർമ്മാതാവിനൊപ്പം സംസ്ഥാനത്തെ ഏറ്റവും വലിയ കാഷ്യു എക്സ്പോർട്ടർമാരിൽ ഒരാളായും മാറിയ അദ്ദേഹത്തിന്റെ കൊല്ലം കൊച്ചുപിലാമൂട്ടിലെ ഓഫീസിൽ കയറ്റുമതിക്ക് ലഭിച്ച പുരസ്കാരങ്ങൾക്കൊപ്പം സിനിമ അംഗീകാരങ്ങളുടെയും വലിയൊരു ശേഖരം തന്നെയുണ്ട്. വിജയലക്ഷ്മി കാഷ്യു കമ്പനിയെന്ന അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനത്തിൽ ഇത് നിധിപോലെ കാത്തുസൂക്ഷിക്കാൻ ഒരാളുണ്ട്. ചെറുപ്പകാലം മുതലേ അദ്ദേഹത്തിനൊപ്പം നിഴൽപോലെ പിന്തുടരുന്ന ബന്ധുകൂടിയായ ജെ.രാജശേഖരൻ നായർ.
ഉൾവിളിയായി സിനിമ
രവീന്ദ്രനാഥൻ നായരുടെ മനസ്സിലേക്ക് ഒരുൾവിളി പോലെ സിനിമ കുടിയേറുന്നത് 1967 ലാണ്. ഏറ്റവും വലിയ കാഷ്യു എക്സ്പോർട്ടറായി ബിസിനസ് കെട്ടിപ്പടുക്കുന്ന കാലം. ഭ്രമം കാരണം സിനിമകൾ കാണുമെന്നതൊഴിച്ചാൽ നിർമ്മാതാവാകുമെന്ന് അദ്ദേഹം സ്വപ്നേപി വിചാരിച്ചതല്ല. ഭാര്യ ഉഷയുടെ സഹോദരനായ ടി.സി ശങ്കരൻ നായർ തൃശൂരിലെ മാത തിയേറ്ററുടമയായിരുന്നു. അദ്ദേഹമാണ് സിനിമ നിർമ്മാണമെന്ന ആശയം മുന്നോട്ട് വച്ചത്. അങ്ങനെ മദ്രാസിൽ പോയി ജനറൽ പിക്ചേഴ്സ് എന്ന നിർമ്മാണ സ്ഥാപനം രജിസ്റ്റർ ചെയ്തു. പ്രശസ്ത സാഹിത്യകാരൻ പാറപ്പുറത്തിന്റെ 'അന്വേഷിച്ചു, കണ്ടെത്തിയില്ല" എന്ന നോവൽ വായിച്ചപ്പോൾ അത് സിനിമ ആക്കിയാലോ എന്ന ആഗ്രഹം ഉദിച്ചു. 'മുറപ്പെണ്ണ് " എന്ന സിനിമ റിലീസായ കാലം. അതിന്റെ സംവിധായകനായ എ.വിൻസന്റിനെ സമീപിച്ചെങ്കിലും പാറപ്പുറത്തിന്റെ നോവലിന്റെ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരുന്നതിനാൽ വലിയ താത്പര്യം കാട്ടിയില്ല. മിലിട്ടറിയിൽ നഴ്സായി ജോലി ചെയ്യുന്ന നായിക കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനാകാതെ പോകുന്ന കഥ പ്രേക്ഷകർക്ക് ഇഷ്ടമാകില്ലെന്നായിരുന്നു വിൻസന്റിന്റെ സംശയം. വിൻസന്റ് പിന്മാറിയതോടെ പി.ഭാസ്കരൻ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. സത്യൻ, മധു, കെ.ആർ വിജയ തുടങ്ങിയവർ അഭിനയിച്ച സിനിമ വൻ ഹിറ്റായി. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ആസ്വാദകർ നെഞ്ചേറ്റുന്നവയാണ്. 'താമരക്കുമ്പിളല്ലോ മമ ഹൃദയം", 'ഇന്നലെ മയങ്ങുമ്പോൾ" തുടങ്ങിയവാണ് അതിലെ ഗാനങ്ങൾ. തുടർന്ന് 1968 ൽ ലക്ഷപ്രഭു, 69 ൽ കാട്ടുകുരങ്ങ് എന്നീ ചിത്രങ്ങളും പി.ഭാസ് കരനാണ് സംവിധാനം ചെയ്തത്. പിന്നൊരു ഇടവേളയായിരുന്നു. 1973 ൽ എ.വിൻസന്റിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ
'അച്ചാണി" അന്നത്തെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. പ്രേംനസീർ, സുധീർ, നന്ദിതാ ബോസ്, സുജാത തുടങ്ങിയവർ അഭിനയിച്ച ചിത്രവും നല്ല പാട്ടുകളാൽ സമ്പന്നമായിരുന്നു. 'എന്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ" എന്ന ഗാനം സിനിമയിലും യേശുദാസ് പാടി അഭിനയിച്ചു.
കാഞ്ചനസീതയിൽ തുടക്കം
'അച്ചാണി" പണം വാരിക്കൂട്ടിയെങ്കിലും അത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ വേറെ ആളുണ്ടല്ലോ എന്ന ചിന്തയിൽ നിന്നാണ് കലാമൂല്യമുള്ള ചിത്രങ്ങളിലേക്ക് രവിയുടെ മനംമാറ്റമുണ്ടായത്. 'പഥേർ പാഞ്ചാലി" പോലുള്ള ക്ളാസ്സിക്കുകളുടെ സ്വാധീനവും അക്കാലത്ത് ഫിലിം സൊസൈറ്റികളിലൂടെ ലോക ക്ളാസ്സിക്കുകൾ കണ്ടതും രവിയുടെ സിനിമ സങ്കൽപ്പത്തെ മാറ്റി മറിച്ചു. ജി. അരവിന്ദൻ സംവിധാനം ചെയ്ത 'ഉത്തരായനം" വിതരണത്തിന് ആളെ കിട്ടാത്ത സമയം. കൊല്ലത്തെ പട്ടത്തുവിള കരുണാകരൻ നിർമ്മിച്ച ചിത്രം വിതരണം ചെയ്യാമോ എന്ന് രവിയോട് ആരാഞ്ഞത് പട്ടത്തുവിള തന്നെയാണ്. അങ്ങനെ ജനറൽ പിക്ച്ചേഴ്സ് ആ ചിത്രം സൗജന്യമായി വിതരണത്തിന് ഏറ്റെടുത്തു. ന്യൂവേവ് സിനിമകൾ അന്ന് പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറി തുടങ്ങുന്ന കാലം. 'ഉത്തരായനം" തിയേറ്ററുകളിൽ കാര്യമായി ഓടിയില്ലെങ്കിലും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം ശ്രദ്ധിക്കപ്പെട്ടു. അരവിന്ദനുമായുള്ള അടുപ്പം അദ്ദേഹത്തെ ഉത്തരായനം വിതരണം ഏറ്റെടുക്കു ന്നതിലെ ത്തിച്ചു. സി.എൻ ശ്രീകണ്ഠൻ നായരുടെ 'കാഞ്ചനസീത" എന്ന നാടകം വായിച്ച രവിക്ക് അത് സിനിമയാക്കിയാൽ കൊള്ളാമെന്ന് തോന്നി. പി.ഭാസ്കരനെയാണ് സംവിധായകനായി ഉദ്ദേശിച്ചതെങ്കിലും ശ്രീകണ്ഠൻ നായർക്ക് ഭാസ്കരൻ മാഷിനെക്കൊണ്ട് സംവിധാനം ചെയ്യിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. അങ്ങനെയാണ് അരവിന്ദനിലെത്തിയത്. ആന്ധ്രയിലെ ഒരു വനപ്രദേശത്തായിരുന്നു ചിത്രീകരണം. നടീനടന്മാരെല്ലാം അവിടത്തെ ഗോത്രവർഗ്ഗക്കാർ. രാമായണ കഥ ഒരു ഗോത്രവർഗ്ഗ കഥയാണെന്ന അരവിന്ദന്റെ കണ്ടെത്തലാണ് ഇതിനാധാരം. ചിത്രത്തെക്കുറിച്ച് രവിക്കും കൂടെയുള്ളവർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും എല്ലാം അരവിന്ദന്റെ തീരുമാനത്തിന് വിട്ടത് രവി തന്നെയാണ്. മലയാള സിനിമയിലെ ആദ്യ 'ഉച്ചപ്പടം" ആയി വിശേഷിപ്പിക്കപ്പെട്ടെങ്കിലും വലിയ അംഗീകാരങ്ങൾ നേടി കാഞ്ചനസീത. സർക്കസ് കലാകാരന്മാരുടെ കഥയെ ആസ്പദമാക്കി അരവിന്ദൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തമ്പ്. അതിനു ശേഷം കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ. എല്ലാം സംവിധാനം ചെയ്തത് അരവിന്ദൻ. ചിത്രങ്ങളെല്ലാം ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അവാർഡുകളും വാരിക്കൂട്ടി.
'കൊടിയേറ്റം" കഴിഞ്ഞ് പുതിയൊരു നിർമ്മാതാവിനെതേടുന്ന സമയത്താണ് അടൂർ ഗോപാലകൃഷ്ണനോട് അടുത്ത ചിത്രത്തിന് താൻ പണം മുടക്കാമെന്ന് രവി സമ്മതിക്കുന്നത്. അതോടെ അരവിന്ദൻ- രവി കൂട്ടുകെട്ട് അടൂർ- രവി കൂട്ടുകെട്ടിലേക്ക് വഴിമാറി. പുതിയ കൂട്ടുകെട്ടിൽ 1982 ൽ ഇറങ്ങിയ 'എലിപ്പത്തായം" തിയേറ്ററുകളിൽ നന്നായി ഓടി. തുടർന്ന് അടൂരിന്റെ സംവിധാനത്തിൽ മുഖാമുഖം, അനന്തരം, വിധേയൻ എന്നീ ചിത്രങ്ങൾ. അരവിന്ദന്റെ സിനിമകൾ താരപ്രാധാന്യമില്ലാത്തതാണെങ്കിൽ അടൂരിന്റെ ചിത്രങ്ങൾ താരമൂല്യമുള്ളവയായിരുന്നു. അനന്തരം, വിധേയൻ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയായിരുന്നു നായകൻ. ഇതിനിടെ എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത 'മഞ്ഞും" രവി നിർമ്മിച്ചു. എല്ലാ സിനിമകളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചത് ഭാര്യാ സഹോദരൻ ശങ്കരൻനായരും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജശേഖരൻ നായരുമായിരുന്നു. അദ്ദേഹം നിർമ്മിച്ച എല്ലാ ചിത്രങ്ങളും സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ള ചലച്ചിത്ര പ്രവർത്തകരും സിനിമ നിരൂപകരും ഇന്ത്യൻ സിനിമയ്ക്ക് രവി നൽകിയ സംഭാവനകളെ ആരാധനയോടെയാണ് നോക്കിക്കണ്ടത്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ഇത്രയേറെ സിനിമകൾ നിർമ്മിച്ച മറ്റൊരു നിർമ്മാതാവ് ഇന്ത്യയിലുണ്ടോ എന്ന് സംശയമാണ്. 1994 ൽ വിധേയനു ശേഷം അദ്ദേഹം നിർമ്മാണരംഗത്തു നിന്ന് പിന്മാറി. താത്്കാലികമായൊരു പിന്മാറ്റമെന്നാണ് ചലച്ചിത്ര മേഖലയിലുള്ളവരും സഹപ്രവർത്തകരും ആസ്വാദകരും കരുതിയതെങ്കിലും ശാശ്വതമായൊരു പിന്മാറ്റമായിരുന്നുവെന്നത് ഏവരെയും നിരാശപ്പെടുത്തുന്നതായി. അക്കാലത്ത് രവിയുടെ സിനിമകൾ മത്സരിക്കാനുണ്ടെങ്കിൽ തങ്ങളുടെ ചിത്രങ്ങൾ മത്സരത്തിന് അയച്ചിട്ട് കാര്യമില്ലെന്ന ചിന്ത പോലും മറ്റു സിനിമ പ്രവർത്തകരിൽ ഉടലെടുത്തിരുന്നു.
അച്ചാണിയുംകൊല്ലം പബ്ളിക് ലൈബ്രറിയും
നാലു ലക്ഷം രൂപ മുടക്കി നിർമ്മിച്ച അച്ചാണി 14 ലക്ഷം രൂപ കളക്റ്റ് ചെയ്തുവെന്നാണ് കണക്ക്. എന്നാൽ ലാഭവിഹിതം പുതിയ സിനിമയ്ക്ക് മുടക്കുന്നതിന് പകരം കൊല്ലത്ത് ഒരു പബ്ളിക് ലൈബ്രറി നിർമ്മിക്കാനാണ് ഉപയോഗിച്ചത്. ലൈബ്രറിയോടൊപ്പം റീഡിംഗ് റൂം, ആർക്കൈവ്സ്, റിസർച്ച് സെന്റർ എന്നിവയോടെ ചിട്ടയായ പ്രവർത്തനം നടത്തുന്ന പബ്ളിക് ലൈബ്രറി കൊല്ലത്തുകാരെ വിജ്ഞാനത്തിന്റെ വിഭവശേഷികൊണ്ട് സമ്പന്നരാക്കുന്നു. പബ്ളിക് ലൈബ്രറി വളപ്പിൽ തന്നെയാണ് എം.വി ദേവൻ രൂപകൽപ്പന ചെയ്ത സോപാനം ആഡിറ്റോറിയവും ആർട്ട് ഗാലറിയും. ഷേക്ക്സ്പീരിയൻ മാതൃകയിലുള്ള രംഗവേദിയടക്കം വാസ്തുശില്പ വൈദഗ്ധ്യത്തിന്റെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ് സോപാനം. കൊല്ലത്തെ സിനിമാസ്വാദകർക്കും കലാപ്രേമികൾക്കുമായുള്ള രവിയുടെ സംഭാവനയാണ് പ്രണവം, ഉഷ എന്നീ തിയേറ്ററുകൾ. കൊല്ലത്തെ സാസ്ക്കാരിക കൂട്ടായ്മകൾക്കും അടുത്തകാലം വരെ അമരക്കാരനായി നിന്നത് അദ്ദേഹമാണ്. 50 വർഷം മുമ്പ് രൂപീകരിച്ച കൊല്ലം ഫൈനാർട്സ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് . ഇന്ത്യൻ സിനിമയെ ലോക ചലച്ചിത്ര ഭൂപടത്തിൽ അടയാളപ്പെടുത്തി അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിയെങ്കിലും സമാനതകളില്ലാത്ത ആ മഹാപ്രതിഭയെ വേണ്ടവിധം ആദരിക്കാനോ ബഹുമാനിക്കാനോ ആരും തയ്യാറായില്ല. ചരടുവലികളുമായി ആരുടെയും പിന്നാലെ അദ്ദേഹം പോകാത്തതാണ് കാരണം. പ്രാഞ്ചിയേട്ടന്മാർ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് പദ്മപുരസ്കാരങ്ങളും ഉന്നത പദവികളും നേടിയെടുത്തപ്പോൾ രവിയുടെ സംഭാവനകളെ വേണ്ടവിധം മാനിക്കപ്പെടാത്തതിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഏറെ ഖിന്നരാണ്. 2008 ൽ ജെ.സി ഡാനിയൽ പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചുവെന്നത് വിസ്മരിക്കുന്നില്ല.
രണ്ടു തവണ രവി ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ കമ്മിറ്റിയിൽ അംഗമായിരുന്നു. രണ്ടു തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം, സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981 ൽ ദേശീയ ചലച്ചിത്രോത്സവ ജൂറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രവിയുടെ സിനിമചരിത്രം
1967 : അന്വേഷിച്ചു കണ്ടെത്തിയില്ല (സംവിധാനം: പി. ഭാസ്കരൻ. മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാർഡ്)
1968 : ലക്ഷപ്രഭു (സംവിധാനം: പി. ഭാസ്കരൻ)
1969 : കാട്ടുകുരങ്ങ് (സംവിധാനം : പി. ഭാസ്കരൻ)
1973 : അച്ചാണി (സംവിധാനം: എ. വിൻസന്റ്)
1977 : കാഞ്ചനസീത (സംവിധാനം: അരവിന്ദൻ, മികച്ച സംവിധായകനുള്ള ദേശീയ അവാർഡ്, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം)
1978 : തമ്പ് (സംവിധാനം: അരവിന്ദൻ, മികച്ച സംവിധായകനുള്ള ദേശീയ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ഷാജി എൻ. കരുണിന് മികച്ച ബ്ളാക്ക് ആന്റ് വൈറ്റ് ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ്)
1979 : കുമ്മാട്ടി (സംവിധാനം: അരവിന്ദൻ, മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലണ്ടൻ ഫെസ്റ്റിവലിൽ അസാധാരണ മികവുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
1980 : എസ്തപ്പാൻ (സംവിധാനം: അരവിന്ദൻ, മികച്ച
ചിത്രം, സംവിധായകൻ ഉൾപ്പെടെ 4 സംസ്ഥാന അവാർഡുകൾ)
1981 : അവാർഡ്- എലിപ്പത്തായം (സംവിധാനം: അടൂർഗോപാലകൃഷ്ണൻ, മികച്ച മലയാള ചിത്രത്തിനും മികച്ച ശബ്ദലേഖനത്തിനുമുള്ള ദേശീയ അവാർഡ്, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
അവാർഡ്)
1982 : മഞ്ഞ് (സംവിധാനം: എം.ടി വാസുദേവൻനായർ)
1982 : ശരത്സന്ധ്യ (മഞ്ഞിന്റെ ഹിന്ദി രൂപാന്തരം, സംവിധാനം: എം.ടി വാസുദേവൻ നായർ)
1984 : മുഖാമുഖം (സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ, മികച്ച മലയാളചിത്രം, തിരക്കഥ, മികച്ച ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയ അവാർഡ്, മികച്ച ചിത്രത്തിനുൾപ്പെടെ 5 സംസ്ഥാന അവാർഡുകൾ)
1987 : അനന്തരം (സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ, മികച്ച മലയാള ചിത്രം, സംവിധായകൻ, ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയ അവാർഡുകൾ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്)
1994 : വിധേയൻ (സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ, മികച്ച മലയാള ചിത്രത്തിനും മമ്മൂട്ടിക്ക് മികച്ച നടനുമുള്ള ദേശീയ അവാർഡുകൾ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്)