സതാംപ്ടൺ: വളരെ വാശിയേറിയ പോരാട്ടം ആയിരുന്നു ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടന്നത്. മത്സരത്തിന്റെ ഭൂരിഭാഗവും കനത്ത മഴയിൽ ഒലിച്ചു പോയപ്പോൾ കളി സമനില ആകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ അവസാന ദിവസം നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു.
അവസാന ദിവസത്തെ ന്യൂസിലാൻഡിന്റെ ബാറ്റിംഗ് എല്ലാവരിലും വൻ സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. സമ്മർദ്ദം താങ്ങാനാവാതെ പലരും പല സ്ഥലങ്ങളിലായി ഇരിക്കുകയായിരുന്നു. അതിൽ ഏറ്റവും രസകരം ന്യൂസിലാൻഡിന്റെ ഫാസ്റ്റ് ബൗളർ കൈൽ ജേമിസൺ ഒളിച്ചിരുന്ന സ്ഥലമാണ്. തന്റെ ടീമംഗങ്ങൾ ഗ്രൗണ്ടിൽ ഇന്ത്യയ്ക്കെതിരെ പോരാടുമ്പോൾ മത്സരത്തിന്റെ സമ്മർദ്ദം താങ്ങാനാകാതെ ജേമിസൺ ടോയ്ലറ്റിൽ കയറി ഇരിക്കുകയായിരുന്നു. ഒരു ന്യൂസിലാൻഡ് റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജേമിസൺ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
"ഞങ്ങൾ ഡ്രെസിംഗ് റൂമിൽ ഇരുന്ന് ടിവിയിൽ കളി കാണുകയായിരുന്നു. ടി വിയിൽ കുറച്ചു വൈകിയാണ് ദൃശ്യങ്ങൾ വരുന്നത്. ഇന്ത്യൻ ആരാധകർ ബഹളം വയ്ക്കുന്നത് കേൾക്കുമ്പോൾ ഞങ്ങൾ കരുതും വിക്കറ്റ് വീണതാണെന്ന്. എന്നാൽ അത് ഒരു ഡോട്ട് ബോളോ സിംഗിളോ ആയിരിക്കും. ഒടുവിൽ സമ്മർദ്ദം താങ്ങാനാകാതെ ഞാൻ ബാത്ത്റൂമിൽ കയറി ഇരുന്നു," ജേമിസൺ പറഞ്ഞു. ഏഴു വിക്കറ്റ് എടുത്ത ജേമിസൺ ആയിരുന്നു ഫൈനലിലെ മാൻ ഒഫ് ദ മാച്ച്.