mayukha-johny

തൃശൂര്‍: ബലാത്സംഗ ആരോപണം വ്യാജമെന്ന വാദം തള്ളി കായികതാരം മയൂഖ ജോണി. സഭാ തര്‍ക്കത്തിന്‍റെ പേരില്‍ ഒരു സ്ത്രീയും പീഡന പരാതി ഉന്നയിക്കില്ല. എത്രയോ സഭകളാണ് ലോകത്തുള്ളത്. അതിലെല്ലാം തര്‍ക്കങ്ങളുമുണ്ട്. അതിന്‍റെ പേരില്‍ ഒരു സ്ത്രീ ഇത്തരം ആരോപണങ്ങളുമായി വരുമെന്നാണോ പറയുന്നതെന്നും മയൂഖ ചോദിച്ചു.

നടന്നിട്ടുള്ളത് ഒരു ക്രൈമാണ്. അതിന് പരാതി നല്‍കിയിട്ടും നീതി വൈകുന്നുവെന്നാണ് പറഞ്ഞത്. ക്രൈം നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. അതിന് തെളിവുകള്‍ നിരത്താന്‍ റെഡിയാണെന്നും മയൂഖ പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ വേണ്ടി വലിയ സ്വാധീനം നടക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ഉത്തമോദാഹരണമാണ് ചിലര്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്നും മയൂഖ ആരോപിച്ചു.

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്നായിരുന്നു സിയോനില്‍ സജീവ പ്രവര്‍ത്തകരായിരുന്നവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. സംഘത്തിൽ നിന്ന് പുറത്ത് വന്നവരെ വ്യാജ കേസിൽ കുടുക്കുന്നത് സിയോൻ അംഗങ്ങളുടെ രീതി ആണെന്നും മയൂഖയും പരാതിക്കാരിയും പ്രസ്ഥാനത്തിന്‍റെ സജീവ പ്രവർത്തകർ ആണെന്നും പുറത്ത് വന്നവർ ആരോപിച്ചു.