ബീജിംഗ്: 2020 ൽ ഐഫോണിലെ സാധാരണ ആപ്പായി തുടങ്ങിയ ക്ലബ് ഹൗസിന് ചുരുങ്ങിയ കാലം കൊണ്ടാണ് ലോകമെമ്പാടും വൻ പ്രചാരം ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ആപ്പുകളിൽ നിന്നുള്ള വ്യത്യസ്തതയാണ് ക്ലബ് ഹൗസിനെ ലോകമെമ്പാടും ഇത്രയധികം ജനകീയമായ ആപ്പ് ആക്കി മാറ്റിയത്. ഈ ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് കൂടി ഇറങ്ങിയതോടെ ലക്ഷക്കണക്കിന് പേരാണ് ദിവസവും ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. അഭിപ്രായ സ്വാതന്ത്യത്തിനും തുറന്ന ചർച്ചകൾക്കുമുള്ള അവകാശം നാമമാത്രമായ ചൈനയിലും ക്ലബ് ഹൗസ് ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീയ ആപ്പുകളിലൊന്നായി മാറി. ചൈനയുടെ പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ക്ലബ്ഹൗസ് ആപ്പ് ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ചൈനക്കാർക്ക് ഒരു വിലക്കുകളുമില്ലാതെ സംസാരിക്കാനുള്ള വേദിയായി ക്ലബ് ഹൗസ് മാറി. എന്നാൽ ഇത് ചൈനീസ് സർക്കാരിന് അത്ര പിടിച്ചില്ല. ഷിൻജിയാങ്ങിലെ ജയിലുകൾ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം തുടങ്ങിയ ചൈനയിലെ വിവാദ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യാനുള്ള വേദിയായി ക്ലബ് ഹൗസ് മാറിയതോടെ ചൈനീസ് സർക്കാർ ഇടപെട്ട് രാജ്യത്ത് ക്ലബ് ഹൗസ് പൂട്ടിച്ചു. വെയ്ബോയിൽ ക്ലബ്ഹൗസ് എന്ന വാക്കിന് വിലക്കേർപ്പെടുത്തി. ചൈനീസ് ഭാഷയിൽ ചൈനയിലെയും തയ്‌വാനിലെയും ജനങ്ങൾ ചേർന്ന് ക്ലബ്ഹൗസിൽ ചാറ്റ്റൂം രൂപീകരിച്ചതാണ് ചൈനീസ് സർക്കാരിനെ ചൊടിപ്പിച്ചത് എന്നാണ് വിവരം.
സമൂഹ മാദ്ധ്യമങ്ങൾ അടക്കം എല്ലാത്തരം മാദ്ധ്യമങ്ങളുടെ ഉപയോഗത്തിനും കർശനമായ നിയന്ത്രണമാണ് നിലവിലുള്ളത്. ഈ ചട്ടങ്ങൾ പാലിക്കാത്തവർക്ക് കടുത്ത ശിക്ഷകൾ ലഭിക്കുമെന്നതിനാൽ രാജ്യത്ത് പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങൾ സ്വയം സെൻസർഷിപ്പും നടത്താറുണ്ട്.