ജോഹന്നാസ്ബർഗ്: ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുളള വിവാഹത്തിനും ബഹുഭാര്യത്വത്തിനും അനുമതി നൽകിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ലോകത്തിൽ വളരെ പുരോഗമനപരമായ ഭരണഘടനയുളള രാജ്യങ്ങളിലൊന്ന്. അവിടെ ലോകത്തൊരു രാജ്യവും നിയമപ്രകാരം അനുവദിക്കാത്ത ഒരു കാര്യത്തെ കുറിച്ച് ചൂടേറിയ ചർച്ച നടക്കുകയാണിപ്പോൾ. ഒരു സ്‌ത്രീയ്‌ക്ക് ഒന്നിലധികം പങ്കാളികളാകുന്നതിനെ കുറിച്ചാണത്.
ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ ഈ ശുപാർശ തുല്യതയ്‌ക്കും ശരിയായത് തിരഞ്ഞെടുക്കാനുളള അവകാശവും മുൻനിർത്തിയാണ്. രാജ്യത്തെ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക രേഖയനുസരിച്ചാണ് ഇത്തരമൊരു ആലോചന നടക്കുന്നത്. സർക്കാരിന്റെ ശക്തമായ ഈ നടപടി രാജ്യത്തെ ചില യാഥാസ്ഥിതിക വിഭാഗങ്ങൾക്കും മതവിഭാഗങ്ങൾക്കും അത്ര പിടിച്ച മട്ടില്ല. ഇത് ആഫ്രിക്കൻ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് പ്രശസ്‌ത ടിവി താരം മൂസ സെലേകു അഭിപ്രായപ്പെട്ടു.
ബഹുഭാര്യത്വം രാജ്യത്തെ സ്വീകാര്യമായ പതിവാണ് എന്നാൽ ബഹുഭർതൃത്വം അങ്ങനെയല്ലെന്ന് ആഫ്രിക്കൻ ക്രിസ്‌ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് റവറന്റ് കെന്നത്ത് മീഷോ പറഞ്ഞു. എന്നാൽ രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർ ഇതിനെ ഇരുകൈ നീട്ടി സ്വീകരിക്കാൻ തയ്യാറാണ്.
ബഹുഭർത്തൃത്വത്തിന് പുറമേ പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തെ അനുകൂലിക്കുന്ന നിലവിലെ നിയമത്തെയും തിരുത്താൻ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഗ്രീൻ പേപ്പറിൽ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ലിംഗമാറ്റം വരുത്തി വിവാഹമോചിതരാകാതെ വിവാഹ ബന്ധം തുടരുന്നതിനെ കുറിച്ച് നിർദ്ദേശങ്ങളില്ല.
മാത്രമല്ല മുസ്ളീം, ഹിന്ദു, ജൂത, രാസ്‌താഫറിയൻ വിവാഹങ്ങൾക്ക് നിയമ പരിരക്ഷ നൽകാനും സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങളിലുണ്ട്. ഇത് രാജ്യത്തെ ഈ വിഭാഗങ്ങളിൽ വലിയ സ്വീകാര്യതയാണ് നേടിയത്.