ദക്ഷിണേന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടി സാമന്ത അക്കിനേനിയുടെ അമ്മ മലയാളിയാണ്. ഫാമിലിമാൻ രണ്ട് സീരീസിൽ തമിഴ്പുലിയായി അഭിനയിച്ച് ശ്രദ്ധ നേടിയ സാമന്ത ഇതാദ്യമായി ഒരു മലയാള പ്രസിദ്ധീകരണത്തോട് സംസാരിക്കുന്നു..
തെന്നിന്ത്യൻ താര കുടുംബത്തിലെ മരുമകളാണ് സാമന്ത ഋതു പ്രഭു എന്ന സാമന്ത. നാഗചൈതന്യയെ വിവാഹം ചെയ്തതോടെ ഭർത്താവിന്റെ കുടുംബപ്പേരായ അക്കിനേനിയൊപ്പം ചേർന്നു.തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായ സാമന്ത പാതി മലയാളിയാണെങ്കിലും ഇതുവരെയും ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചില്ല. തമിഴ് ചിത്രങ്ങളായ 'നാൻ ഈ" (മലയാളത്തിൽ ഈച്ച ) 'കത്തി", 'തെരി", ' മെർസൽ" തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മുടെ പ്രേക്ഷകരുടെയും ഹൃദയങ്ങളിൽ സ്ഥാനം നേടി. സാമന്തയുടെ അച്ഛൻ പ്രഭു ആന്ധ്ര സ്വദേശിയാണ്. അമ്മ നൈനീറ്റയുടെ നാട് ആലപ്പുഴ.ചെന്നൈ, പല്ലാവരത്ത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ ആയിരുന്ന ഒരു കുടുംബത്തിലാണ് സാമന്ത ജനിച്ചത്. ഡേവിഡ്, ജോനാഥൻ എന്നീ രണ്ടു സഹോദരന്മാരുണ്ട്. സാമന്ത സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് 11 വർഷം പിന്നിടുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി കേവലം 45 ചിത്രങ്ങൾ . ഇതിന് കാരണം ഏറെ ശ്രദ്ധയോടെയാണ് സാമന്ത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു എന്നതാണ്. അഭിനയിച്ച മിക്ക ചിത്രങ്ങളും വൻ വിജയം കൈവരിച്ചവ. ഭാഗ്യ നായികയായാണ് സാമന്ത അറിയപ്പെടുന്നത്. 2017ലാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം. ആദ്യ തെലുങ്ക് ചിത്രമായ 'യെ മായ ചെസവേ" യിൽനായകനായിരുന്നു നാഗചൈതന്യ .തുടർന്ന് വിവാഹം. അടുത്തിടെ ഒ.ടി. ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത 'ദി ഫാമിലി മാൻ 2" പരമ്പരയിലെ അഭിനയം സാമന്തയ്ക്ക് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തു. ശ്രീലങ്കൻ തമിഴ് പോരാളി രാജി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ട്രെയിലർ പുറത്തുവന്നപ്പോൾ വിടുതലൈ പുലികളുടെ ത്യാഗത്തെ അവഹേളിക്കുന്നുവെന്നും പരമ്പരയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സാമന്തയുടെ ഉജ്ജ്വല പ്രകടനമാണ് ഫാമിലിമാൻ രണ്ടിൽ കാണാൻ കഴിയുക. രാജിഎന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുമ്പോൾ സാമന്തയെ തിരിച്ചറിയാൻ പോലും പ്രയാസം.
ദ് ഫാമിലി മാൻ 2 ലേക്ക് ഏറ്റവും ആകർഷിച്ച ഘടകം എന്താണ്?
ആദ്യം രാജി എന്ന കഥാപാത്രത്തിന്റെ സവിശേഷതയാണ്. ആ കഥാപാത്രത്തിലൂടെ എന്റെ അഭിനയപാടവം പ്രതിഫലിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. രണ്ടാമത് സംവിധായകൻ കഥ പറയാൻ വന്നപ്പോൾ ശ്രീലങ്കൻ തമിഴ് ജനതയെ പറ്റിയുള്ള ഡോക്യുമെന്ററി ചിത്രങ്ങൾ കാണിച്ചു. അതിൽ യുദ്ധവേളയിൽ ആ സ്ഥലങ്ങളിൽ താമസിച്ചിരുന്ന സ്ത്രീകളുടെ വേദന കണ്ടപ്പോൾ വിഷമം തോന്നി. അപ്പോൾ തന്നെ ഇതിന്റെ ഭാഗമാകണമെന്ന് ഉറപ്പിച്ചു. ആയിരക്കണക്കിന് വരുന്ന തമിഴ് മക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും അവർക്കായി ആരും ശബ്ദം ഉയർത്താൻ വന്നില്ല എന്ന കാര്യം വേദനിപ്പിച്ചു. രാജി എന്ന കഥാപാത്രം സാങ്കല്പികമായി രൂപീകരിക്കപ്പെട്ടതാണെങ്കിലും, അന്യായമായ രീതിയിൽ നടന്ന ആ യുദ്ധത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയും, മരിച്ചു ജീവിക്കുന്നവർക്കുവേണ്ടിയും അഞ്ജലിയർപ്പിക്കുന്ന വിധമാണ് സൃഷ്ടിക്കപ്പെട്ടത്. അതും എന്നെ സ്വാധീനിച്ചു. ഏറെ ശ്രദ്ധിച്ച് ചെയ്യേണ്ട കഥാപാത്രമായതിനാൽ അതിനുവേണ്ടി ഒരുപാട് മുന്നൊരുക്കം നടത്തേണ്ടിവന്നു . കഥാപാത്രത്തിലൂടെ തമിഴ് ജനതയുടെ ദുരിതങ്ങളെ, കഷ്ടങ്ങളെ, വേദനകളെ ശരിയായി പ്രതിഫലിക്കുന്ന രീതിയിൽ സംവിധായകൻ സൃഷ്ടിക്കുകയും ചെയ്തു. ആരുടെയും മനസ് നോവിക്കണം എന്നത് ലക്ഷ്യമായിരുന്നില്ല. അവിടെയുള്ള തമിഴ് ജനങ്ങൾക്ക് 'വീര വണക്കം" അർപ്പിക്കണം എന്നു മാത്രമേ കരുതിയിട്ടുള്ളൂ. എതിർപ്പുകൾ വന്നെങ്കിലും ഒരുപാടു പേർ രാജിയെ പുകഴ്ത്തി സംസാരിക്കുന്നതു കേട്ടു. അപ്പോൾഏറെ സന്തോഷം തോന്നി.
പല്ലാവരത്ത് ജനിച്ചതിനാൽ സമന്തക്ക് 'പല്ലാവരം പൊണ്ണു" എന്ന ചെല്ല പേരുമുണ്ട്. ചെന്നൈ ഹോളി ഏഞ്ചൽസ് സ്കൂളിൽ പഠനം.സ്റ്റെല്ല മേരീസ് കോളേജിൽ പഠിക്കുന്ന സമയത്ത് മോഡലിംഗ് ചെയ്യാൻഅവസരം. മോഡലിംഗിൽനിന്ന് പോക്കറ്റ് മണി ലഭിക്കാൻ തുടങ്ങി. ആ സമയത്താണ് തമിഴ് സിനിമയിലെ പ്രശസ്ത ഛായാഗ്രഹകനായ രവിവർമ്മന്റെ കണ്ണിൽ പെടുന്നത്. രവിവർമ്മന്റെ ആദ്യ സംവിധാന സംരംഭമായ 'മാസ്കോവിൻ കാവിരി" എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നു. എന്നാൽ സാമന്തയുടെ മുഖം ആദ്യമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞത് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായ" എന്ന ചിത്രത്തിലൂടെയാണ്. ചിലമ്പരശനും, തൃഷയുംനായകനും നായികയുമായി അഭിനയിച്ചപ്പോൾ അതിഥി വേഷത്തിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. എന്നാൽ തെലുങ്ക് പതിപ്പായി വന്ന 'യെ മായ ചെസവേ"യിൽ സാമന്ത ആയിരുന്നു നായിക. ഇതിനുശേഷം സാമന്തയുടെ കരിയർ ഗ്രാഫ് ഉയർന്നു കൊണ്ടേയിരുന്നു.
പാതി മലയാളിയായിട്ടും മലയാളസിനിമയിൽ അഭിനയിക്കുന്നില്ല?
ഭാഷകളെ തരംതിരിച്ച് അഭിനയിക്കുന്ന ആളല്ല ഞാൻ. എന്നെ തേടിവരുന്ന കഥാപാത്രങ്ങൾ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിട്ടുണ്ട്. നല്ല കഥയും കഥാപാത്രവും വരുമ്പോൾ തീർച്ചയായും അഭിനയിക്കും. മലയാളത്തിൽ അഭിനയിക്കാൻ കഴിയാത്തതിൽ വിഷമം തോന്നാറുണ്ട്. ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോകത്തിൽ തന്നെ മലയാള ചിത്രങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഭാവിയിൽ മികച്ച കഥാപാത്രവും, നല്ല കഥയും, സമയവും ഒത്തു വരികയാണെങ്കിൽ അഭിനയിക്കും .
പ്രിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
തമിഴിൽ നീ താനെ എൻ പൊൻവസന്തം, കത്തി, തെരി, മെർസൽ. തെലുങ്കിൽ യെ മായ ചെസവേ, വൃന്ദാവനം, ഈഗ ( ഈച്ച), രംഗസ്ഥലം,ഓ ബേബി.
പുതിയ സിനിമകൾ?
തമിഴിൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാത്ത് വാക്കുല രെണ്ട് കാതൽ". വിജയ് സേതുപതി, നയൻതാര എന്നിവരുമുണ്ട്. വ്യത്യസ്തമായ കഥ. തെലുങ്കിൽ 'ശാകുന്തളം ". പ്രശസ്ത സംവിധായകൻ ഗുണശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രം കാളിദാസൻ എഴുതിയ 'ശകുന്തള" എന്ന കഥയെ ആസ്പദമാക്കിയാണ്.ശകുന്തളയുടെ വേഷമാണ് . വിദ്യാബാലനും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു .
വരുമാനത്തിൽ പകുതി പ്രത്യുക്ഷ ട്രസ്റ്റ് മുഖേന നിർദ്ധനരായ സ്ത്രീകൾക്കും, കുട്ടികൾക്കുമായി ചെലവഴിക്കുന്നു ?
ചെറുപ്പത്തിൽ ഏറെ കഷ്ടത അനുഭവിച്ചിട്ടുണ്ട്. അച്ഛനും, അമ്മയും സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സമയത്ത് ഞങ്ങൾക്ക് ലഭിക്കുന്ന ചെറിയ സഹായങ്ങൾക്ക് വലിപ്പം തോന്നി. ആ അനുഭവങ്ങളാണ് സേവനപ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. വിലയേറിയ വസ്ത്രങ്ങൾക്കും ഹാൻഡ് ബാഗുകൾക്കും പണം ചെലവിടുന്നതിനേക്കാൾ സന്തോഷമുണ്ട് നിർധനരായ കുട്ടികൾക്കും, സ്ത്രീകൾക്കുമായി ജീവകാരുണ്യ പ്രവർത്തനം നടത്തുമ്പോൾ. ഞാൻ ഇപ്പോഴും എന്റെ പഴയ കാലത്തെ മറന്നു ജീവിക്കുന്ന ആളല്ല. എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നുവോ അതിൽ ഉറച്ചു നിന്ന് ആ കൃത്യങ്ങൾ നിർവഹിക്കും. അത് ചെറുപ്പകാലം മുതൽ എന്റെ രീതിയാണ്.
സൂപ്പർ ഡീലക്സിൽ അവതരിപ്പിച്ച വേമ്പു എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടല്ലേ ?
കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ത്യാഗരാജൻ കുമാര രാജ പറഞ്ഞപ്പോൾ അത്ര ശ്രദ്ധേയമാകുമെന്ന് അറിയില്ലായിരുന്നു. ചില മുൻനിര നായികമാർ അഭിനയിക്കാൻ വിസമ്മതിച്ച വേഷമായിരുന്നുവെന്നു പിന്നീടാണ് അറിഞ്ഞത്. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഭർത്താവ് പരിഭ്രാന്തനായി . കുറച്ചുനേരം ആളിന് സംസാരിക്കാൻ കഴിഞ്ഞില്ല. ഓരോ ദിവസവും വളരെ ടെൻഷനോടെയാണ് കഥാപാത്രമായി കാമറയുടെ മുന്നിൽ നിന്നത് . അത് വല്ലാത്ത അനുഭവം തന്നെയായിരുന്നു.
വിവാഹശേഷവും അഭിനയരംഗത്ത് തുടരാം എന്നതിന് ഉദാഹരണം ആണല്ലേ സാമന്ത?
ജീവിതത്തിന്റെ ഭാഗമാണ് വിവാഹം. ജോലി ചെയ്യുന്ന സ്ത്രീകൾ വിവാഹത്തിന് ശേഷവും അതു തന്നെ ചെയ്യുന്നു. അതുപോലെ തന്നെയാണ് അഭിനയവും എന്നു വിശ്വസിക്കുന്നു. എന്നാൽ അതിന് വളരെ അധികം ത്യാഗങ്ങളും, ഹോം വർക്കുകളും ചെയ്യേണ്ടതുണ്ട്.
നാഗചൈതന്യ, സാമന്ത കോമ്പിനേഷനിൽ ഇനിയും സിനിമ പ്രതീക്ഷിക്കാമോ?
തീർച്ചയായും . അനുയോജ്യമായ കഥ ഉണ്ടാവണം. മുൻപത്തെ പോലെ പ്രണയിതാക്കളായി അഭിനയിക്കാൻ കഴിയില്ലല്ലോ. എല്ലാവരും കളിയാക്കി ചിരിക്കില്ലേ?
സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നവയിൽ അധികവും ഗ്ളാമർ ചിത്രങ്ങൾ. വിമർശനം വരില്ലേ?
ഇപ്പോൾ വിമർശനങ്ങളെയും വിവാദങ്ങളെയും കുറിച്ച് ശ്രദ്ധിക്കാറില്ല. കാരണം എന്നെപ്പറ്റി എനിക്കറിയാം. അതുപോലെ തന്നെയാണ് ഭർത്താവിനും അവരുടെ കുടുംബത്തിനും. പിന്നെ എങ്ങനെയാണ് പ്രശ്നങ്ങളുണ്ടാകുക.