സൂപ്പർ മെഗാതാരങ്ങളുടെ സിനിമകളുടെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിൽ മാളവിക മേനോൻ
ഭാഗ്യം വരുന്നത് പടയോടെയാണെന്ന് പറയാറുണ്ട്. ആ പറയുന്നതിൽ പതിര് തെല്ലുമില്ലെന്ന പക്ഷക്കാരിയാണ് യുവനായിക മാളവിക മേനോനും.
സിനിമയിൽ വന്നിട്ട് വർഷം ഒൻപതാകുന്നുവെങ്കിലും തന്റെ കരിയറിൽ ഭാഗ്യം വർഷിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്ന് മാളവിക പറയും.
മമ്മൂട്ടിയോടൊപ്പം പുഴു, മോഹൻലാലിനൊപ്പം ആറാട്ട്, സുരേഷ് ഗോപിയോടൊപ്പം പാപ്പൻ... സൂപ്പർ മെഗാതാര സിനിമകളുടെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.
``കൃഷ്ണനെ തൊഴാനായി ക്ഷേത്രത്തിൽ ചെന്നപ്പോൾ ശ്രീകൃഷ്ണൻ നേരിട്ട് പ്രത്യക്ഷപ്പെട്ടപോല''
ആറാട്ടിന്റെ സെറ്റിൽവച്ച് പുത്തൻ മേക്കോവറിൽ മോഹൻലാലിനെ കണ്ടപ്പോൾ ആകെ വണ്ടറടിച്ചു പോയെന്ന് മാളവിക പറയുന്നു.
ഒരുത്സവത്തിനുള്ളത്രയും താരങ്ങളുള്ള സിനിമയാണ് ആറാട്ട്. ലാലേട്ടന് വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ കുട്ടിയുടെ വേഷമാണ് എനിക്ക്. സ്വാസികയും ഞാനും ചേച്ചിയും അനിയത്തിയുമായഭിനയിക്കുന്നു. ഇന്ദ്രൻസേട്ടന്റെ മക്കൾ മാളവിക പറഞ്ഞുതുടങ്ങി.
ലാലേട്ടനോടൊപ്പം ഞാൻ ഇതിന് മുൻപ് സ്റ്റേജ് പെർഫമെൻസൊക്കെ ചെയ്തിട്ടുണ്ട്. ലാലേട്ടൻ തന്നെ സജസ്റ്റ് ചെയ്തിട്ട് ലാലേട്ടന്റെ ഒരു ഷോയിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ലാലേട്ടനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുന്നത് ആദ്യമായാണ്. അപ്രതീക്ഷിതമായി വീണ് കിട്ടിയ ഒരു ഭാഗ്യമെന്ന് തന്നെ പറയാം. സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിക്കുന്നത് പറഞ്ഞറിയിക്കാനാവാത്തത്ര വലിയ എക്സൈറ്റ്മെന്റാണ്. അഭിനയിച്ച് തുടങ്ങുമ്പോൾ ടെൻഷനുണ്ടായിരുന്നെങ്കിലും ലാലേട്ടൻ വിശേഷങ്ങളൊക്കെ ചോദിച്ച് എന്റെ ടെൻഷൻ മാറ്റി. എത്ര വലിയ ഡയലോഗും ലാലേട്ടൻ കാണാതെ പഠിച്ച് പറയും. അനായാസമായി അഭിനയിക്കും എന്നൊക്കെ കേട്ടിട്ടുള്ളത് ഞാൻ നേരിൽ കണ്ടു. ലാലേട്ടനൊപ്പം എന്നെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ആറാട്ടിലെ രണ്ട് പാട്ടുകളിൽ ഞാനുണ്ട്. ആ പാട്ടെങ്കിലും വേഗം റിലീസാവണേയെന്നാണ് എന്റെ പ്രാർത്ഥന. ഞാൻ കൊണ്ടുവരുന്ന മഞ്ചാടിക്കുരു വാങ്ങി ലാലേട്ടൻ എറിയുന്ന ഒരു ഷോട്ടുണ്ട്. അതൊക്കെ കാണാൻ ത്രില്ലടിച്ചിരിക്കുകയാണ് ഞാൻ.
ഒരുപാട് ദിവസങ്ങളൊന്നും ഞാൻ ആറാട്ടിന്റെ സെറ്റിലുണ്ടായിരുന്നില്ല. പക്ഷേ ഉണ്ടായിരുന്ന ദിവസങ്ങളൊക്കെ എന്നും ഒാർമ്മിക്കും. ലാലേട്ടനോടൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചതാണ് നല്ല ഒാർമ്മകളിലൊന്ന്. കൊവിഡ് കാലമായതിനാൽ സുരക്ഷാക്രമീകരണങ്ങളൊക്കെ പാലിച്ചായിരുന്നു ഷൂട്ടിംഗ്.
ഉദയേട്ടനാണ് (ഉദയകൃഷ്ണ) ആറാട്ടിന്റെ തിരക്കഥാകൃത്ത്. ഉണ്ണികൃഷ്ണൻ സാറാണ് സംവിധായകൻ. രണ്ടുപേരെയും നേരത്തെ അറിയാം. അവർ ഒരുമിച്ച് ചെയ്യുന്ന ആറാട്ടിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ അച്ഛനോടും അമ്മയോടും ആവേശത്തോടെ ``എന്നെ ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു''വെന്ന് ഒാടിച്ചെന്ന് പറയുകയായിരുന്നു.
സിനിമയിലെ പ്രഗത്ഭരായ ആൾക്കാർക്കൊപ്പം സിനിമ ചെയ്യാൻ പറ്റുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. അതിന് സാധിച്ചത് തന്നെ മഹാഭാഗ്യമാണ്.
പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ജോഫി സാറിനൊപ്പം വർക്ക് ചെയ്തു മതിയായിട്ടുണ്ടായിരുന്നില്ല. ജോഫി സാറിന്റെ പാപ്പനിലേക്ക് വിളി വന്നപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു ഞാൻ. ജോഫി സാറിന്റെ സിനിമയിൽ എത്ര ചെറിയ വേഷമായാലും ഞാൻ ചെയ്യും. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് പാപ്പനിൽ എനിക്ക് ലഭിച്ചത്.
പാപ്പനിൽ സുരേഷേട്ടനു (സുരേഷ് ഗോപി)മായി എനിക്ക് കോമ്പിനേഷൻ സീനുകളില്ല. എനിക്ക് വർക്ക് തീരുന്ന ദിവസമാണ് സുരേഷേട്ടനെ കാണാൻ കഴിഞ്ഞത്. ഒരുമിച്ച് ഒരു ഫോട്ടോയെടുക്കാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്ക്കളങ്കത കണ്ട് ഞാൻ അതിശയിച്ചുപോയി. ഇപ്പോഴും അത് മറക്കാൻ പറ്റില്ല.
വി.കെ. പ്രകാശ് സാറിന്റെ ഒരുത്തിയാണ് ഇതിനൊക്കെ മുൻപ് ഞാനഭിനയിച്ച് പൂർത്തിയാക്കിയ സിനിമ. ചോദിച്ചുവാങ്ങിയ വേഷമാണത്. എസ്. സുരേഷ് ബാബുച്ചേട്ടന്റേതായിരുന്നു സ്ക്രിപ്ട്. അദ്ദേഹം തിരക്കഥയെഴുതിയ രണ്ട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സർ സി.പിയിലും നടനിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. നവ്യച്ചേച്ചി തിരിച്ചുവരുന്ന സിനിമയാണ് ഒരുത്തി. തമിഴിൽ യോഗിബാബുവിനൊപ്പമഭിനയിച്ച പേയ്മാമയും പുതുമുഖ നായകനൊപ്പമഭിനയിച്ച അരുവാ ചണ്ടയും റിലീസാകാനുണ്ട്.
മമ്മുക്കയോടൊപ്പം പുഴുവിലാണ് ഇനി അഭിനയിക്കുന്നത്. മമ്മുക്കയോടൊപ്പം മുൻപ് മാമാങ്കത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് പല കാരണങ്ങളാലും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ഒക്കെ ചെയ്തു. മുൻപ് എടുത്തുവച്ചിരുന്ന ഒരു പാട്ട് മാത്രം മാറ്റിയില്ല. ഞാനഭിനയിച്ച സീനുകളെല്ലാം പോയെങ്കിലും ഒരു പാട്ടിൽ ഞാനുണ്ട്. പാട്ടിലെ ഒന്നുരണ്ട് ഷോട്ടിൽ മാത്രമേയുള്ളല്ലോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.
വലിയ ഒരു സിനിമയിൽ വലിയ ഒരു കഥാപാത്രം ചെയ്തിട്ട് ഒടുവിൽ അതൊക്കെ മുറിച്ചുമാറ്റപ്പെട്ടപ്പോൾ ഇടിത്തീവീണപോലെയായിരുന്നു എനിക്ക്.
മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളിൽ ഒരുമാസത്തോളം ഞാനഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളിൽ എനിക്ക് അഭിനയിക്കാൻ പറ്റിയില്ല. അത് അവരുടെയോ എന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ തുടങ്ങിയ സമയത്താണ് പൊറിഞ്ചുമറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്. മാമാങ്കത്തിൽ സംവിധായകനുൾപ്പെടെ കുറെപ്പേരുടെ കാര്യത്തിൽ മാറ്റംവന്നു. പൊറിഞ്ചുമറിയം ജോസിലേക്ക് ഒാഫർ വന്നപ്പോൾ മാമാങ്കം ടീമുമായി ഞാൻ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു.
പക്ഷേ അവർക്ക് പല കാരണങ്ങളാലും കൃത്യമായ ഡേറ്റ് പറയാനും പറ്റിയില്ല, പൊറിഞ്ചു വിലഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം എനിക്ക് മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു. അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടിവന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസം.
സിദ്ധാർത്ഥ് ഭരതന്റെ നിദ്രയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. ആ സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാനൊരു ഷൂട്ടിംഗ് ആദ്യമായി കാണുന്നതുപോലും.
നിദ്രയ്ക്കു മുൻപേ എനിക്ക് സിനിമയിലേക്ക് ഒാഫർ വന്നിട്ടുണ്ട്. അമ്മ വേണമെങ്കിൽ പോയി ചെയ്തോ, ഞാനില്ല'' യെന്ന് . ഞാനപ്പോൾ അമ്മയോട് പറയുമായിരുന്നു. സിദ്ധാർത്ഥ് ഭരതനുൾപ്പെടെ ഒരുപാട് സുഹൃത്തുക്കളുള്ളത് കാെണ്ടാണ് നിദ്രയിൽ അഭിനയിച്ചത്. സിനിമകൾ കാണാനിഷ്ടമാണെങ്കിലും റിസർവ്ഡായ ഒരാളായിരുന്നതിനാൽ സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമായിരുന്നില്ല. നിദ്രയിൽ സരയുച്ചേച്ചിയുണ്ടായിരുന്നു. ഹീറോയിലേക്ക് സരയുച്ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്.
ഞാൻ പൃഥ്വിരാജിന്റെ കട്ടഫാനാണ്. ഹീറോയിൽ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകൻ പൃഥ്വിരാജായതുകൊണ്ടാണ്. രാജുച്ചേട്ടനെ നേരിൽ കാണാമല്ലോയെന്നായിരുന്നു ആ സെറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം. കോളനിയുടെ സെറ്റിൽ ഡൾ മേക്കപ്പിട്ട് നിൽക്കുമ്പോൾ പക്ഷേ സങ്കടമായി. ``ഇൗശ്വരാ... രാജുച്ചേട്ടൻ എന്നെ ആദ്യമായി കാണുന്നത് ഇൗ കോലത്തിലാണല്ലോ'' യെന്ന സങ്കടം. ഷൂട്ട് കഴിഞ്ഞ് പോകുംമുൻപേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നിൽച്ചെന്ന് നിൽക്കാൻ പറ്റണേയെന്ന എന്റെ പ്രാർത്ഥന ഇൗശ്വരൻ കേട്ടു.
സ്കൂളിൽ എന്റെയൊപ്പം പഠിച്ച കുട്ടികൾക്കെല്ലാം എനിക്ക് പൃഥ്വിരാജിനോടുള്ള ആരാധന അറിയാം. ആ സമയത്തായിരുന്നു രാജുച്ചേട്ടന്റെ കല്യാണം കഴിഞ്ഞത്. എനിക്ക് അപ്രതീക്ഷിതമായ ആ വാർത്ത കേട്ട് സത്യത്തിൽ സങ്കടംവന്നു. കൂട്ടുകാരൊക്കെ അതും പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു.
ആദ്യമായി ഒരു താരത്തിന്റെ നായികയാകാൻ സാധിച്ചത് 916- ൽ ആണ്. ആസിഫ് അലിയായിരുന്നു നായകൻ. 916-ൽ അഭിനയിക്കുന്ന സമയത്താണ് തമിഴിൽ നിന്നൊക്കെ ഒാഫറുകൾ വന്ന് തുടങ്ങിയത്. തമിഴ് എനിക്ക് വളരെ ഇഷ്ടമാണ്. ഇതുവരെ ഏഴെട്ട് തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
എങ്കെയും എപ്പോഴും ചെയ്ത സംവിധായകൻ ശരവണൻ സാറിന്റെ ഇവൻ വേറെമാതിരി എന്ന തമിഴ് സിനിമയിലെ നായികയുടെ അനിയത്തിക്കുട്ടിയുടെ വേഷം പലരും ഇപ്പോഴും ഒാർമ്മിക്കുന്നുണ്ട്.
നടനിൽ ജയറാമേട്ടന്റെയൊപ്പമഭിനയിച്ചു. മലയാളത്തിലെ എല്ലാ
താരങ്ങളും ബെസ്റ്റല്ലേ. എല്ലാവരുടെയുമൊപ്പം എനിക്ക് അഭിനയിക്കണമെന്നുണ്ട്. രാജുച്ചേട്ടന്റെയൊപ്പം ഇനിയും അഭിനയിക്കണം.
അച്ഛൻ ബാലചന്ദ്രമേനോൻ കൺസ്ട്രക്ഷൻ ഫീൽഡിലാണ്. അമ്മ ശ്രീകല മേനോൻ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചു. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ്. തമിഴിൽ ശിവകാർത്തികേയന്റെ ചേച്ചിയായി വരെ അഭിനയിക്കാൻ ഒാഫർ വന്നെങ്കിലും ഇനി അഭിനയിക്കുന്നില്ലെന്ന നിലപാടിലാണ് അമ്മ. അനിയൻ അരവിന്ദ് പത്താംക്ളാസ് കഴിഞ്ഞു.