snail

അമരാവതി: ആന്ധ്രാപ്രദേശിലെ ഉപ്പട ജില്ലയിൽ ഗോദാവരീ നദീതീരത്തെത്തിയ അതിഥിയെ കണ്ട് പലരും ഞെട്ടി. സംഗതി ലേലത്തിന് വച്ചപ്പോൾ ലഭിച്ചത് മോഹവില. 18,000 രൂപ. ഓറഞ്ച് നിറമുള്ള ഭീകരൻ കടൽ ഒച്ചാണ് ഈ വി.ഐ.പി. ഓസ്‌ട്രേലിയൻ ട്രംപറ്റ് അഥവാ ഫാൾസ് ട്രംപറ്റ് എന്ന് കക്ഷിയുടെ പേര്. ആകർഷകമായ ഓറഞ്ച് നിറത്തിലുള്ള പുറന്തോടാണ് പ്രത്യേകത.

70 സെന്റി മീറ്ററോളം നീളവും 18 കിലോ ഗ്രാം വരെ ഭാരവും ഉണ്ടാകുന്ന 'സിറിംഗ്സ് അറുവാനസ്" എന്ന ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഒച്ചിനത്തിൽപ്പെടുന്നതാണ് ഇത്. മാംസഭുക്കാണിത്. ആഭരണനിർമാണത്തിനായി ഇതിന്റെ പുറന്തോട് വൻതോതിൽ ഉപയോഗിക്കുന്നതിനാൽ പ്രാദേശികമായി ഈയിനം ഒച്ച് ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു.

ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ധാരാളമായുള്ളതെങ്കിലും മറ്റു പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചുഴലിക്കാറ്റിനേയും കൊടുങ്കാറ്റിനേയും തുടർന്നാണ് ഇവ തീരങ്ങളിൽ അടിയുന്നത്. ഈർപ്പമുള്ള കാലാവസ്ഥയിൽ കൂടുതൽ പ്രവർത്തനക്ഷമമാകുന്ന ഈ ഒച്ചുകൾ ശീതകാലത്ത് മണ്ണിനടിയിലേക്ക് ഉൾവലിയുന്നു. ലേലത്തിൽ വിറ്റ ഒച്ചിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്‌തോടെ നിരവധി പേർ രസകരമായ പ്രതികരണവുമായെത്തി. ഈ സ്‌പെഷ്യൽ ഒച്ചിന്റെ പേര് ഹാരിപോട്ടർ സിനിമയിലെ മായാജാലവസ്തുവിനെ ഓർമിപ്പിക്കുന്നതായി ഒരാൾ കമന്റ് ചെയ്തു. ഒച്ചിന്റെ അഴകിനെ പ്രശംസിച്ചവരും നിരവധിയാണ്. ഒച്ചിന്റെ കുറച്ചു കൂടി വലിപ്പം കൂടിയ ചിത്രം ഷെയർ ചെയ്യാമായിരുന്നുവെന്നാണ് മറ്റൊരാളുടെ അഭിപ്രായം.