
ആധുനിക സാങ്കേതിക സംവിധാനങ്ങൾ വരും മുമ്പേ, ഫോട്ടോഗ്രഫിയെ ഒരു കലയായി വളർത്തിയ പ്രതിഭയായിരുന്നു അന്തരിച്ച ശിവൻ എന്ന ശിവശങ്കരൻനായർ. ശിവന്റെ കർമ്മ മേഖല ചലച്ചിത്രം ഉൾപ്പെടെ പലരംഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.മലയാള സിനിമയ്ക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുത്തവരുടെ ഒരു പട്ടികയെടുത്താൽ ശിവന്റെ പേര് അതിൽ തീർച്ചയായും കാണും.രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് ശിവൻ സിനിമാ രംഗത്തേക്ക് കടന്നത്. ചെമ്മീൻ എന്ന ചിത്രത്തെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകന്റെ മനസിൽ ആദ്യം തെളിയുന്നത് ശിവനെടുത്ത നിശ്ചല ചിത്രങ്ങളായിരുന്നു.പി.കേശവദേവിന്റെ സ്വപ്നം എന്ന നോവൽ സിനിമയായി നിർമ്മിച്ച ശിവൻ യാഗം, അഭയം, കൊച്ചുകൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ദേശീയ -അന്തർദ്ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. ഞങ്ങളുടെ ഉറ്റസുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു ശിവൻ.ആ സ്മരണകൾക്കു മുന്നിൽ അഞ്ജലിയർപ്പിക്കുന്നു. ഗാനരചയിതാക്കളായ പൂവച്ചൽ ഖാദറിന്റെയും എസ്.രമേശൻനായരുടെയും വേർപാട് മലയാള ചലച്ചിത്രഗാനശാഖയ്ക്ക് വലിയ നഷ്ടമാണ്.ആ ഓർമ്മകൾക്കും പ്രണാമം അർപ്പിക്കുന്നു.