തിരുവനന്തപുരം: കുറ്റവാളികളെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഇക്കാര്യത്തിൽ സിപിഎം എന്ന പാർട്ടിയുടെ സമീപനം എന്താണ് എന്നാണ് നോക്കേണ്ടത്. അല്ലാതെ ആളെങ്ങനെ എന്നുള്ളതല്ല. ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നിട്ടുള്ള പാർട്ടിയാണ് സിപിഎം. അതിൽ പലതരക്കാരുണ്ടാകും. ഒരുതരത്തിലുള്ള തെറ്റിന്റെയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സിപിഎം. അത്തരത്തിലുള്ളവർ പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ, അതിലിടപെടുകയും, ആ തെറ്റിന്റെ ഗൗരവത്തിനനുസരിച്ചുള്ള ഇടപെടൽ പാർട്ടി നടത്തും. എത്രയോ സംഭവങ്ങൾ അങ്ങനെ കേരളത്തിലുണ്ടായിട്ടുണ്ട്. തെറ്റു ചെയ്യുന്നവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ല.
എല്ലാ ഫേസ്ബുക്ക് പോസ്‌റ്റുകളുടെയും പിന്നാലെ സിപിഎമ്മിന് പോകാൻ കഴിയില്ല. പാർട്ടിയുടെതല്ലാത്ത പോസ്‌റ്റ് അത്തരത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പരസ്യമായി അക്കാര്യത്തിൽ പ്രതികരിക്കേണ്ടി വന്നത്. ഇവരൊന്നും പാർട്ടിയുടെ ഔദ്യോഗിക വക്താക്കളോ, പാർട്ടി ചുമതലപെടുത്തിയിട്ടുള്ളവരോ അല്ല.തോന്നുന്നത് വിളിച്ചു പറയുകയാണവർ. ഇതിലൊന്നിനും സിപിഎമ്മിന് ഇടപെടാൻ കഴിയില്ല.
പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്‌ട്രീയപരമാണ്. ഇപ്പോഴത്തെതല്ലാത്ത പ്രതിപക്ഷ നേതാവ് നേരത്തെ എന്തെല്ലാം പറഞ്ഞു. എന്നിട്ട് എവിടെ എത്തി അത്തരം കാര്യങ്ങൾ. എവിടെയെങ്കിലും എത്തിക്കാൻ കഴിഞ്ഞോ? സർക്കാരിന് എന്തെങ്കിവും വീഴ്‌ച ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്നാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.