vaccine-kerala

തിരുവനന്തപുരം: ആവശ്യപ്പെട്ട അളവിൽ വാക്സിൻ കേന്ദ്രസർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകി സാമൂഹിക പ്രതിരോധം ആർജിക്കുക എന്നതു തന്നെയാണ് ലക്ഷ്യം. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. ജൂൺ 29 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകൾക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകൾക്ക് രണ്ടു ഡോസുകളും നൽകാൻ സാധിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാക്സിൻ വിതരണം ചെയ്യപ്പെടുന്നില്ല. നിലവിൽ അവർ മറ്റു ഏജൻസികൾ വഴിയാണ് വാക്സിൻ വാങ്ങി വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വാക്സിൻ ലഭ്യതയിൽ രാജ്യമൊന്നാകെ നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ നമുക്ക് സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജൂൺ 29 വരെയുള്ള കണക്കുകൾ പ്രകാരം 1,38,62,459 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകർക്കിടയിൽ 5,36,218 പേർക്ക് ആദ്യ ഡോസും 4,26,853 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,51,272 പേർക്ക് ആദ്യ ഡോസും 4,29,737 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 78,12,226 പേർക്ക് ആദ്യ ഡോസും 22,76,856 പേർക്ക് രണ്ടു ഡോസുകളും നൽകി. 18 മുതൽ 44 വയസ്സു വരെയുള്ള 18,05,308 പേർക്ക് ആദ്യ ഡോസും 23,989 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മൊത്തം 1,07,05,024 പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേർക്ക് രണ്ടു ഡോസുകളും നൽകിയതായും മുഖ്യമന്ത്രി അറിയച്ചു.