loknadh-behra

തിരുവനന്തപുരം: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നു എന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ. താൻ ഇത്രയും കാലം സംരക്ഷിച്ച ഡി.ജി.പിയുടെ വെളിപ്പെടുത്തലുകൾക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന പൊലീസ് മേധാവി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. വിദ്യാസമ്പന്നർ ഭീകരവാദികളുടെ വലയിലാണെന്നാണ് പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ഡി.ജി.പിക്കുണ്ടെന്നും പോപ്പുലർ ഫ്രണ്ട് പറയുന്നു.

വിവാദ പ്രസ്താവനയിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തത വരുത്തണം. കാലങ്ങൾക്ക് മുമ്പ് സംഘപരിവാർ ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാൽ തന്നെ ബെഹ്‌റയുടെ പരാമർശം ദുരൂഹമാണ്. ഗുജറാത്തിൽ 2004ലെ മലയാളിയായ പ്രണേഷ്കുമാർ- ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് നൽകി രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ. മാത്രമല്ല കേരളാ പൊലിസിൽ സംഘപരിവാരത്തിന് സ്വാധീനമേറിയതും ബെഹ്‌റയുടെ കാലത്താണ്. അദ്ദേഹത്തിന്റെ വായിൽനിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത് സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവൂ.

സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമർശം നടത്തിയല്ല സംസ്ഥാനത്തിന്റെ പൊലിസ് മേധാവി പടിയിറങ്ങേണ്ടത്. സമാനമായ പ്രസ്താവനകൾ നടത്തിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അധികാര കസേരയിൽ നിന്നിറങ്ങി ആർ.എസ്.എസിനൊപ്പം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പേക്കൂത്തുകൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തിലേക്ക് നിലവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും അധഃപതിക്കരുത്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങൾ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കണം. വിദ്യാസമ്പന്നരായ എത്രപേരാണ് ഇവരുടെ വലയിലായതെന്നും സമൂഹത്തോട് പറയണം. അത്തരത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റേയും ആഭ്യന്തരവകുപ്പിന്റേയും വീഴ്ചയാണ്. അതിനെ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ മറച്ചുവയ്ക്കുന്നതിനാണന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.