gunda-mafia

തിരുവനന്തപുരം: തലസ്ഥാനം വീണ്ടും ലഹരിമാഫിയയുടെയും ഗുണ്ടകളുടെയും വിളയാട്ടുകേന്ദ്രമായി മാറുന്നു. കൊവിഡും ലോക്ക്‌ഡൗണും കാരണം ജീവിതം വഴിമുട്ടിയ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയായിട്ടാണ് സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത്.

ഒരു ഭാഗത്ത് മയക്കുമരുന്ന് മാഫിയ തഴച്ചു വളരുമ്പോൾ മറുവശത്ത് ഗുണ്ടകൾ വിലസുകയാണ്. കൊവിഡ് നിയന്ത്രണത്തിൽ അയവ് വരുത്തിയെങ്കിലും പൊലീസ് ഇപ്പോഴും വാഹന പരിശോധനയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾക്ക് വളമായി മാറുന്നു.

പേട്ടയിൽ രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് ചാക്കയിൽ ടാക്സി ഡ്രൈവർ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒൻപതോടെ കുടുംബമായി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജഗത് സിംഗ് എന്നിവർക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

ബൈക്കിൽ വന്നവർ ഉദ്യോഗസ്ഥരുടെ ഭാര്യമാരെ അപമാനിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ സംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് രണ്ട് പേരെയും വെട്ടുകയായിരുന്നു. പേടിച്ച് നിലവിളിച്ച ഇവരുടെ കുഞ്ഞുങ്ങളെയും വെട്ടുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. കുടുംബസമേതം നടന്നു പോകുന്നവർക്ക് ഇതാണ് ഗതിയെങ്കിൽ ഒറ്റയ്ക്ക് ഓഫീസിൽ നിന്നും മറ്റും താമസ സ്ഥലങ്ങളിലേക്ക് പോകുന്നവരുടെ ഗതിയെന്താകുമെന്നാണ് നഗരവാസികൾ ചോദിക്കുന്നത്.

ഇന്നലെ പുലർച്ചെ 5നാണ് ചാക്കയ്ക്ക് സമീപം യൂബർ ഡ്രൈവറായ സമ്പത്തിനെ വീട്ടിലെ അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. മുഖത്തും കഴുത്തിനും കാലിലും ആഴത്തിൽ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.

രു മാസം പിടികൂടിയത് 663 കിലോ കഞ്ചാവ്, അപ്പോൾ വിറ്റഴിക്കപ്പെടുന്നത് എത്ര?

ഞായറാഴ്ച മാത്രം രണ്ടിടങ്ങളിൽ നിന്നായി 111 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് എത്തിച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒരു മാസത്തിനിടെ പിടികൂടിയത് 663 കിലോഗ്രാം മയക്കുമരുന്നാണ്. എന്നാൽ പിടികൂടുന്നത് ഇവിടെ എത്തുന്നതിന്റെ ഒരു അംശം മാത്രമാണ്. നഗരത്തിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലുമെല്ലാം കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ സുലഭമായി വിറ്റഴിക്കപ്പെടുന്നുണ്ട്. കൗമാരക്കാരെ ഉപയോഗിച്ചാണ് കച്ചവടം നടത്തുന്നത്. മാഫിയാസംഘങ്ങളെ വേരോടെ പിഴുതെറിയാനുള്ള നീക്കമൊന്നും ഇതുവരെ പൊലീസ് നടത്തിയിട്ടില്ല. ചെറുകിട വില്പനക്കാരനെയോ അല്ലെങ്കിൽ മയക്കുമരുന്ന് എത്തിക്കുന്ന ക്യാരിയർമാരെയോ പിടികൂടുന്നതിനപ്പുറത്ത് യഥാർത്ഥ വില്ലന്മാരെ പിടികൂടാൻ പൊലീസിനും എക്സൈസിനും കഴിഞ്ഞിട്ടില്ല.

ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ കൂടുതലായും കഞ്ചാവെത്തുന്നത്. ചെറിയ ക്വട്ടേഷൻ സംഘങ്ങളെ ഇടനിലക്കാരാക്കിയാണ് കച്ചവടം. ഇവർ തമ്മിലുള്ള തർക്കമാണ് പലപ്പോഴും ഗുണ്ടാ ആക്രമണമായും കത്തിക്കുത്തായുമൊക്കെ കലാശിക്കുന്നത്. രാത്രികാല പൊലീസ് പരിശോധന കുറഞ്ഞതും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് സഹായകമാകുന്നുണ്ട്. ചാക്ക, വഞ്ചിയൂർ, ഓവർ‌ബ്രിഡ്ജ്, ജനറൽ ആശുപത്രി, പട്ടം എന്നിവിടങ്ങളിലൊന്നും രാത്രിയിൽ പൊലീസിനെ കാണാറില്ല. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പോലും പൊലീസിന്റെ നിരീക്ഷണ കാമറകൾ കേടായിട്ട് കാലമേറെയായി. എന്തെങ്കിലും കുറ്റകൃത്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ സ്വകാര്യ സ്ഥാപനങ്ങളുടെ കാമറകളെ ആശ്രയിക്കുകയാണ് പൊലീസ് ചെയ്യുന്നത്.