ഹെെദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്യൂട്ട്‌കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹെെദരാബാദിൽ ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന 27 കാരിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്. തന്റെ ഭാര്യ ഭുവനേശ്വരിയെ കാണാതായതായും അവർ കൊവിഡ് ബാധിച്ച് മരിച്ചതായും ഭർത്താവ് ശ്രീകാന്ത് റെഡ്ഡി അവകാശപ്പെട്ടിരുന്നു. എന്നാൽ ഭുവനേശ്വരിയെ കൊന്നത് ശ്രീകാന്ത് ആണെന്ന് കണ്ടെത്തിയ പൊലീസ് ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
18 മാസം പ്രായമുളള മകളോടൊപ്പം തിരുപ്പതിയിൽ താമസിക്കുകയായിരുന്നു ദമ്പതികൾ. കൊവിഡ് മഹാമാരി കാരണം ഭുവനേശ്വരി വീട്ടിലിരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. അഴിമതിക്കെതിരെ പോരാടുന്ന ഓൺലെെൻ ഓർഗനെെസേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എഞ്ചിനീയറായ ശ്രീകാന്ത് ഏതാനും മാസങ്ങളായി തൊഴിൽ രഹിതനായിരുന്നു.
ശ്രീകാന്ത് ഒരു ചുവന്ന വലിയ സ്യൂട്ട്കേസ് അവരുടെ അപ്പാർട്ട്മെന്റ് സമുച്ചയ്ത്തിലേക്ക് കൊണ്ട് പോകുന്നതും കുറച്ച് സമയത്തിനു ശേഷം പുറത്തേക്ക് കൊണ്ട് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് തിരുപ്പതി അർബൻ പൊലീസ് ചീഫ് രമേഷ് റെഡ്ഡി പറഞ്ഞു. മൃതദേഹം 90 ശതമാനം കത്തിക്കരിഞ്ഞിരുന്നു. ശ്രീകാന്ത് റിലയൻസ് മാർട്ടിൽ നിന്നും ഒരു വലിയ സ്യൂട്ട്കേസ് വാങ്ങിയതായും അത് മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചതായും സംശയിക്കുന്നു. പിന്നീട് മൃതദേഹം കത്തിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽ ശ്രീകാന്ത് മകളെ കെെയിലെടുത്ത് മറുകെെയിൽ വലിയ സ്യൂട്ട്കേസ് ഉരുട്ടി വീട്ടിലേക്ക് പോകുന്നത് കാണാവുന്നതാണ്. എന്നാൽ തിരികെ വരുമ്പോൾ കുഞ്ഞിനെ പിടിക്കാൻ അയാൾ പാടുപെടുന്നതും സ്യൂട്ട്കേസ് പുറത്തിറക്കുന്നതും വ്യക്തമാണ്. ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് മൃതദേഹത്തിന്റെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ചില അസ്ഥികളും തലയോട്ടിയും ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കത്തിയ നിലയിലായിരുന്നു. ഭുവനേശ്വരി കൊവിഡ് മൂലമാണ് മരിച്ചതെന്നായിരുന്നു ശ്രീകാന്ത് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ ആശുപത്രികളിലും മോർച്ചറികളിലും അന്വേഷണം നടത്തിയിരുന്നു.