
മുംബയ്: തന്റെ അക്കൗണ്ടിൽനിന്നും ഒരു കോടി രൂപ തട്ടിയെടുത്തെന്ന ഭാര്യയുടെ പരാതിയിൽ ടെലിവിഷൻ താരം കരൺ മെഹ്റയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നിഷയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരണിന്റെ രണ്ടു കുടുംബാംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തന്റെ അറിവോടെയല്ലാതെ കരൺ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചെന്നു കാട്ടി നിഷ വെള്ളിയാഴ്ച രാത്രിയാണ് കൊറേഗാവ് പൊലീസിൽ പരാതി നൽകിയത്.

നിഷയെ മർദ്ദിച്ചെന്ന പരാതിയിൽ കഴിഞ്ഞ മേയ് 31ന് കരണിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഈ കേസിൽ പിന്നീട് ജാമ്യം ലഭിച്ചു. നിഷയുടെ സ്വഭാവത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഒരു ഘട്ടത്തിൽ തനിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും കരൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്തിടെ ദമ്പതികൾ തമ്മിൽ അസ്വാരസ്യമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നെങ്കിലും ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു. എട്ട് വർഷം മുമ്പാണ് കരണിന്റെയും നിഷയുടെയും വിവാഹം നടന്നത്. ഇരുവർക്കും നാലു വയസുളള ഒരു കുട്ടിയുണ്ട്.