കൊച്ചി:കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ മുൻ മേഖലാ ഭാരവാഹി സി സജേഷിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടേയും, ഇടനിലക്കാരൻ മുഹമ്മദ് ഷഫീക്കിന്റെയും ഒപ്പമിരുത്തിയാണ് സജേഷിനെ ചോദ്യം ചെയ്യുക.
സി പി എം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്. കടത്തിയ സ്വർണം ഇയാൾ കൈകാര്യം ചെയ്‌തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്ന് കസ്റ്റംസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സജേഷിന്റെ കാറായിരുന്നു അർജുൻ ഉപയോഗിച്ചിരുന്നത്.
ഒരുകോടിയുടെ സ്വർണം ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ കടത്തിക്കൊണ്ടുവന്ന കേസിലാണ് അർജുനെ അറസ്റ്റു ചെയ്തത്. മുഹമ്മദ് ഷെഫീക്ക് അറസ്റ്റിലായ ദിവസം ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. അർജുന്റെ നിർദേശപ്രകാരമാണ് സ്വർണം കടത്തിക്കൊണ്ടുവന്നതെന്ന് ഷെഫീക്ക് മൊഴി നൽകിയിരുന്നു.