തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വലിയവിളയിലെ ഓട്ടോ ഡ്രൈവർ അശോകന്റെ കുടുംബത്തിലെ അഞ്ചാമനെയും കവർന്ന് കൊവിഡ്. അശോകന്റെ ഭാര്യ ലില്ലിക്കുട്ടിയുടെ സഹോദരൻ ബാബുവാണ് (50) 40 ദിവസം നീണ്ട ആശുപത്രിവാസത്തിനൊടുവിൽ തിങ്കളാഴ്ച രാവിലെ മരിച്ചത്. കരാട്ടെ പരിശീലകനായ ബാബു വലിയവിളയിൽ കരാട്ടെ സ്‌കൂൾ നടത്തുകയായിരുന്നു.
കൊവിഡിനെ തുടർന്ന് വന്ന ന്യുമോണിയയാണ് മരണകാരണമായത്. എല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 31 ദിവസത്തിനിടെ ഈ കുടുംബത്തിലെ ആറാമത്തെ മരണമാണിത്. അഞ്ചുപേർ കൊവിഡ് മൂലവും ഒരാൾ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. ബാബുവിനാണ് കുടുംബത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അശോകനും ഭാര്യ ലില്ലിക്കുട്ടിക്കും പൂർണ ഗർഭിണിയായിരുന്ന മകൾ വിജിക്കും കൊവിഡ് സ്ഥിരീകരിച്ചു.
ചികിത്സയിലിരിക്കെ ദിവസങ്ങളുടെ ഇടവേളയിൽ മൂന്നുപേരും മരിക്കുകയായിരുന്നു. ഈ മാസം നാലിന് അശോകന്റെ സഹോദരി സ്‌റ്റെല്ലയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭർത്താവ് സാമും രണ്ട് ദിവസത്തിന് ശേഷം മരിച്ചു. സംഗീതയാണ് ബാബുവിന്റെ ഭാര്യ. മക്കൾ സ്‌നേഹ, സാന്ദ്ര.