rajeswari-foundation

​​​തിരുവനന്തപുരം: ക്യാൻസർ രോഗം വന്ന് മരിച്ച തന്‍റെ ഭാര്യയുടെ പേരിൽ പതിനാല് വർഷങ്ങൾക്ക് മുമ്പ് സ്‌നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും താജ്‌മഹാൽ പണിത ഒരു മനുഷ്യനാണ് കെ.വിജയകുമാരൻ നായർ. എയർഫോഴ്‌സിൽ നിന്ന് വിരമിച്ച വിജയകുമാരൻ നായർ അന്ന് തനിക്ക് കിട്ടിയിരുന്ന തുച്ഛമായ പെൻഷനും മക്കളുടെ പണവും കൊണ്ടാണ് രാജേശ്വരി ഫൗണ്ടേഷൻ എന്ന പാലിയേറ്റീവ് കെയർ കെട്ടിപ്പടുത്തത്. പാവപ്പെട്ട പത്തോളം രോഗികൾക്ക് പെൻഷൻ പദ്ധതി ഏർപ്പെടുത്തിയായിരുന്നു തുടക്കം. വിജയകുമാരൻ നായർ കാലയവനികയ്‌ക്കുളളിൽ മറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ പിൻഗാമികളായി മക്കളും ഒരു കൂട്ടം സാമൂഹ്യപ്രവർത്തകരും ഒത്തുപിടിച്ചപ്പോൾ ഇന്ന് തിരുവനന്തപുരം നഗരമാകെ അറിയപ്പെടുന്ന സാന്ത്വന പരിചരണ സംഘടനയായി മാറിയിരിക്കുകയാണ് രാജേശ്വരി ഫൗണ്ടേഷൻ.

ഈ കൊവിഡ് കാലത്തും സൗജന്യ മരുന്നും ഭക്ഷണവും രോഗികളുടെ വീടുകളിൽ എത്തിക്കാൻ രാജേശ്വരി ഫൗണ്ടേഷനിലെ വോളന്‍റിയർമാർ മുൻപന്തിയിലുണ്ട്. എല്ലാ മാസവും ഭക്ഷ്യക്കിറ്റും വീടുകളിലെത്തിക്കും. രക്ഷകർത്താക്കൾക്ക് ക്യാൻസർ വന്ന് കുടുംബം ബുദ്ധിമുട്ടിലാകുമ്പോൾ അവരുടെ കുട്ടികൾക്ക് തുടർപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അത്തരത്തിലുളള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് എല്ലാ സഹായവും സംഘടന നൽകി വരുന്നതായി രാജേശ്വരി ഫൗണ്ടേഷനിലെ വോളന്‍റിയർമാർ പറയുന്നു. കിടപ്പ് രോഗികളുടെ വീടുകളിൽ എല്ലാ ദിവസും ഡോക്‌ടർമാരും നഴ്‌സുമാരുമെത്തി പരിശോധന നടത്താറുണ്ട്. ഇതിൽ ആവശ്യമായവർക്ക് കൗൺസിലിംഗും കൊടുക്കുന്നുണ്ടെന്ന് വോളന്‍റിയർമാർ‌ വ്യക്തമാക്കി.

അവശരായ രോഗികൾക്കായി കുട, സോപ്പ് എന്നിവ നിർമ്മിക്കുന്ന പുനരധിവാസ പദ്ധതിയും സംഘടന മുൻകൈയെടുത്ത് നടത്തുന്നു. വീടുകളിൽ ചെന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് അവ കമ്പോളത്തിലെത്തിച്ച് വിറ്റ ശേഷം പണം രോഗികൾക്ക് നൽകുകയാണ് പതിവ്. 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന ക്ലീനിക്കാണ് രാജേശ്വരി ഫൗണ്ടേഷനുളളത്. കൃത്യമായ ഇടവേളകളിൽ സെമിനാറുകൾ, ബോധവത്ക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തിവരുന്നു. പതിനാല് വർഷത്തിനിടെ അയ്യായിരത്തോളം ക്യാൻസർ രോഗികൾക്കാണ് ഫൗണ്ടേഷൻ താങ്ങും തണലുമായത്.

ഒരു തലമുറയെ സാന്ത്വന പരിചരണം എന്തെന്ന് പഠിപ്പിച്ച വിജയകുമാരൻ നായർ വിടപറഞ്ഞിട്ട് മറ്റന്നാൾ ഒരു വർഷം തികയുകയാണ്. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് രാജേശ്വരി ഫൗണ്ടേഷൻ തുടക്കം കുറിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയ്ക്ക് വിജയകുമാരൻ നായരുടെ പേരിലുളള പുരസ്‌ക്കാരം സമർപ്പിക്കും. വിജയകുമാരൻ നായരുടെ മകൾ ആർ.മാലിനിയാണ് സംഘടനയുടെ നിലവിലെ ട്രഷറർ. അഭിഭാഷകനായ സുരേഷ് കുമാർ പിളള പ്രസിഡന്‍റും എം.ആർ മനോജ് സെക്രട്ടറിയുമാണ്.

ഒരു ചായ കുടിക്കുന്ന പൈസ

rajeswari-foundation

ആയിരം പേരോളം ഉളള ഒരു ഗ്രൂപ്പാണ് രാജേശ്വരി ഫൗണ്ടേഷന് പിന്നിൽ പ്രവർത്തിക്കുന്നത്. നമ്മൾ എന്തെങ്കിലും ആവശ്യം പറയുമ്പോൾ അവർ അവരുടെ കൈകളിൽ നിന്ന് ചെറിയ സാമ്പത്തിക സഹായം നൽകും. ഈ സംഘടന തുടങ്ങുന്ന സമയത്ത് നമ്മൾ ഒരു ദിവസം കുടിക്കുന്ന ചായ ഉപേക്ഷിക്കാനാണ് വിജയകുമാരൻ നായർ ഞങ്ങളോടൊക്കെ പറഞ്ഞത്. ചായക്ക് വേണ്ടിയുളള നാണയതുട്ട് ഒരു ബോക്‌സിൽ നിക്ഷേപിച്ചാൽ ഒരു മാസം ആകുമ്പോൾ 150 രൂപയാകും. അങ്ങനെ ചില്ലറ നാണയതുട്ടുകൾ സ്വരൂപിച്ച് കൊണ്ടാണ് ഈ സംഘടനയുടെ പ്രവർത്തനം തുടങ്ങിയത്. വിജയകുമാരൻ നായർ അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിൽ ആരംഭിച്ച സംഘടന ഇന്ന് തിരുവനന്തപുരം നഗരത്തിലെ ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്.

എം ആർ മനോജ്

സെക്രട്ടറി, രാജേശ്വരി ഫൗണ്ടേഷൻ