ലണ്ടൻ: വിമ്പിൾഡണിൽ വിജയിച്ച് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന വനിതാ താരമെന്ന റെക്കാഡിന് ഒപ്പമെത്താനുള്ള സെറീന വില്ല്യംസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. കിരീടം ലക്ഷ്യമിട്ട് വിമ്പിൾഡൻ മത്സരങ്ങൾക്ക് എത്തിയ സെറീനയ്ക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കാനായില്ല. ആദ്യ റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ മുൻ ചാമ്പ്യൻ കൂടിയായ സെറീന വിമ്പിൾഡൺ മത്സരങ്ങളിൽ നിന്ന് പിന്മാറി. ആദ്യ റൗണ്ടിൽ ബെലാറസിന്റെ അലിയാക്സാന്ദ്ര സസ്നോവിച്ചിനെതിരെ ആദ്യ സെറ്റിൽ 3 - 3 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് സെറീന മത്സരത്തിൽ നിന്ന് പിന്മാറുന്നത്.
കാലിലെ വേദന രൂക്ഷമായതിനെ തുടർന്ന് മത്സരത്തിനിടെ ഇടവേള എടുത്ത സെറീന ഒരുപാട് സമയം കഴിഞ്ഞാണ് കോർട്ടിൽ മടങ്ങി എത്തിയത്. എന്നാൽ അധിക നേരം കോർട്ടിൽ തുടരാൻ സെറീനയ്ക്ക് സാധിച്ചില്ല. വേദന കൂടിയതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.
39 വയസ് പൂർത്തിയായ സെറീനയ്ക്ക് നിലവിൽ 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമായുണ്ട്. ഒരു കിരീടം കൂടി നേടാൻ സാധിച്ചാൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്തും. 2017 ലാണ് സെറീന അവസാനമായി ഒരു ഗ്രാൻഡ്സ്ലാം വിജയിക്കുന്നത്. അന്ന് മുതൽ കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താനുള്ള ശ്രമത്തിലാണ് സെറീന.