arjun-ayanki

​​തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ മുൻ മേഖല ഭാരവാഹി സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയതെങ്കിലും സജേഷ് നേരത്തെയെത്തുകയായിരുന്നു. ചെമ്പിലോട് ഡി വൈ എഫ് ഐ മുൻ മേഖല സെക്രട്ടറിയായ സജേഷ് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്‌തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെയും ഇടനിലനിരക്കാൻ മുഹമ്മദ് ഷെഫീഖിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വർണകടത്തിൽ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും.

കള്ളക്കടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തൽ. അർജുൻ ആയങ്കിയെ ജൂലായ് ആറ് വരെയും മുഹമ്മദ് ഷെഫീഖിനെ ജൂലായ് അഞ്ച് വരെയുമാണ് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.

അതേസമയം, കരിപ്പൂർ സ്വർണക്കടത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നു. സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് നൽകാനാണെന്ന് വിദേശത്ത് നിന്നും സ്വർണവുമായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാൻ മുഹമ്മദ് ഷെഫീഖ് വെളിപ്പെടുത്തി. ദുബായിൽ നിന്നും സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വർണവുമായി വരുന്ന ദിവസം അർജുൻ 25ലധികം തവണ തന്നെ വിളിച്ചിരുന്നു. കൂടുതൽ തവണയും വാട്‌സാപ്പ് കോളുകൾ ആയിരുന്നുവെന്നുമാണ് ഷെഫീഖ് മൊഴി നൽകിയത്. ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങൾ മുഹമ്മദ് ഷെഫിഖ് വെളിപ്പെടുത്തിയത്.

താൻ സ്വർണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലാണ് അർജുൻ. സ്വർണക്കടത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും കടം നൽകിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖിൽ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അർജുൻ ആയങ്കി ഇന്നലെ മൊഴി നൽകിയത്. ഇത് തള്ളുന്നതാണ് ഷെഫീഖ് പറയുന്ന കാര്യങ്ങൾ.

അർജുൻ പറയുന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണക്കടത്തിൽ അർജുൻ പങ്കെടുത്തിതിന് തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.