ശ്രീനഗർ: ജമ്മു വിമാനത്താവള ആക്രമണം നടന്ന് തുടർച്ചയായ നാലാം ദിവസവും ഡ്രോൺ കണ്ടെത്തി. ജമ്മുവിലെ മൂന്ന് പ്രദേശങ്ങളിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോൺ കണ്ടെത്തിയിരിക്കുന്നത്. മിറാൻ സാഹിബ്,കലുചക്,കുഞ്ച്വാനി എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഡ്രോൺ പറക്കുന്നത് കണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പുലർച്ചെ 4.40 മുതൽ ഡ്രോൺ കലുചക്കിന് മുകളിലൂടെ പറക്കുന്നത് കണ്ടെന്നും, 4.52 ന് കുഞ്ച്വാനി പ്രദേശത്ത് എയർ ഫോഴ്‌സ് സ്റ്റേഷൻ സിഗ്‌നലിന് സമീപം മറ്റൊരു ഡ്രോൺ കണ്ടെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക ക്യാമ്പുകൾക്ക് സമീപമാണ് ഡ്രോണുകൾ കണ്ടത്. കനത്ത ജാഗ്രതയിലാണ് രാജ്യം.
ഇന്നലെ സഞ്ചുവാൻ സൈനിക ക്യാമ്പിനു സമീപത്ത് ഉൾപ്പെടെ മൂന്നിടത്തായി ഡ്രോണുകൾ കണ്ടിരുന്നു. പുലർച്ചെ 2.30ന് കുഞ്ചുവാനി, സഞ്ചുവാൻ, കലുചാക്ക് എന്നിവിടങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. അതേസമയം ഞായറാഴ്ച എയർഫോഴ്‌സ് സ്‌റ്റേഷന് നേരെ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയ ഭീകരർ ലക്ഷ്യമിട്ടിരുന്നത് ജമ്മു എയർപോർട്ടിലെ എയർട്രാഫിക് കൺട്രോൾ കെട്ടിടത്തിനെയാണെന്ന് റിപ്പോർട്ടുകളുണ്ട്. ടൈംസ് നൗ ചാനൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.