cheating-case

തിരൂരങ്ങാടി: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മൂവർസംഘം പൊലീസിന്റെ പിടിയിലായി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മണവാട്ടിവീട് മുഹമ്മദ് നിയാസ് (22), ചിത്താരി കുളിക്കാട് ഹൗസിലെ മുഹമ്മദ് ഷാഹിദ് (20), രാവണീശ്വരം മതിയംകോഡ് വീട്ടിലെ അബു താഹിർ (19) എന്നിവരെ തിങ്കളാഴ്ച രാവിലെ പത്തോടെ മമ്പുറത്ത് പട്രോളിംഗിനിടെയാണ് പിടികൂടിയത്. നിയാസ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നന്നമ്പ്ര കുണ്ടൂർ സ്വദേശിനിയായ 17കാരിയുമായി കാറിൽ സഞ്ചരിക്കവേ, മമ്പുറം ഭാഗത്ത് വൺവേ തെറ്റിച്ചതു കണ്ട പൊലീസ് കാർ നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു.

കാറിൽ മൂന്ന് യുവാക്കളെയും പർദ്ദധാരിയായ പെൺകുട്ടിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും യുവാക്കൾ മലപ്പുറത്തെത്തിയത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികൾ പറഞ്ഞതുമാണ് സംഘത്തെ കുടുക്കിയത്. നിയാസ് ആവശ്യപ്പെട്ടത് പ്രകാരം കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന വ്യാജേനയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. നിയാസ് പെൺകുട്ടിയെ കാറിൽവച്ച് പീഡിപ്പിച്ചിട്ടുണ്ട്.

പ്ലസ്ടുവിനു പഠിക്കുന്ന പെൺകുട്ടിയുമായി നിയാസിന് ഏപ്രിൽ മുതൽ ഇൻസ്റ്റഗ്രാമിലൂടെ ബന്ധമുണ്ട്. ഇയാളുടെ മൊബൈലിൽ പെൺകുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളുണ്ട്. നിയാസുമായി പ്രണയത്തിലാണെന്നും അയൽവാസിയും ബന്ധുവുമായ മറ്റൊരു പെൺകുട്ടിയുടെ മൊബൈൽ വഴിയാണ് ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെടാറുള്ളതെന്നും ഓൺലൈൻ ക്ലാസിന് ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിൽ വാട്സ് ആപ്പിലൂടെ നിയാസ് വീഡിയോ കാൾ ചെയ്യാറുണ്ടെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച നിയാസ് രണ്ടാംപ്രതിയായ ഷാഹിദുമൊത്ത് പെൺകുട്ടിയുടെ വീടിനു സമീപമെത്തിയിരുന്നു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പെൺകുട്ടി നിയാസിനൊപ്പം കാറിൽ പോയി. ഈ സമയത്തും പെൺകുട്ടിയെ നിയാസ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

ചെമ്മാട് റൂം എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച കാറുമായി വന്ന് വിളിക്കുമ്പോൾ ഇറങ്ങിവരണമെന്നും നിയാസ് പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് രാവിലെ 9.30ഓടെ മൂവർസംഘം പെൺകുട്ടിയെ വീടിനടുത്തു വച്ച് കാറിൽ കയറ്റുകയും ചെമ്മാട്ടെ റൂമിലേക്കു കൊണ്ടുപോവുകയുമായിരുന്നു. നിയാസും പെൺകുട്ടിയും കാറിന്റെ പിൻസീറ്റിലും ഷാഹിദും അബൂതാഹിറും മുന്നിലും കയറി. ഓടുന്ന കാറിൽ വച്ച് പെൺകുട്ടിയെ നിയാസ് ലൈംഗികമായി പീഡിപ്പിച്ചു. ഇങ്ങനെ വരുന്ന വഴിയാണ് മമ്പുറത്ത് വച്ച് കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ച് മാതാവിന്റെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിൽ രണ്ടാംപ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെയും മൂന്നാംപ്രതി അബൂ താഹിർ ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയുമായി ഇൻസ്റ്റഗ്രാമിലൂടെയും ബന്ധം പുലർത്തുന്നതായി കണ്ടെത്തി. ചൊവാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.