modi

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രധാനമന്ത്രി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രണ്ടാം മോദി സ‌ർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയായിരിക്കും ഇത്.

2019 മേയ് 30ന് അധികാരമേ‌റ്റ മോദി സ‌‌ർക്കാരിന് ഇതുവരെ മന്ത്രിസഭാ വികസനം നടത്താൻ സാധിച്ചില്ല. ഇതിനിടെ കേന്ദ്രമന്ത്രിയും ജനശക്തി പാർട്ടി നേതാവുമായ രാം വിലാസ് പാസ്വാനും,സഹമന്ത്രിയായിരുന്ന സുരേഷ് അംഗഡിയും അന്തരിച്ചു. കൂടാതെ ശിരോമണി അകാലി ദളും,ശിവസേനയും എൻ.ഡി.എ വിട്ടതോടെ രണ്ട് മന്ത്രിമാരുടെ കൂടി ഒഴിവുണ്ടായി.

നിലവിൽ പല മുതിർന്ന മന്ത്രിമാർക്കും ഒന്നിലേറെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഉദാഹരണത്തിന്, റെയിൽ വേ മന്ത്രി പിയൂഷ് ഗോയലിന് വാണിജ്യവും വ്യവസായവും ഭക്ഷ്യ ഉപഭോക്തൃ കാര്യങ്ങളും ഉണ്ട്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ഗ്രാമ വികസനം കൈകാര്യം ചെയ്യുന്നു. വരുൺ ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര മന്ത്രിസഭയിൽ പ്രധാന സ്ഥാനങ്ങൾ ലഭിക്കുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു.