പഞ്ചമഹൽ : ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിൽ ജംബുഗോദയിലെ പൊലീസ് സ്റ്റേഷനിൽ 35 കാരന്റെ വിചിത്ര പരാതി. വർസങ്ഭായ് ബരിയ എന്നയാളാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിനെ സമീപിച്ചത്. വിശദമായി കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയപ്പോൾ ഞെട്ടിയത് പൊലീസാണ്. കുറച്ച് നാളുകളായി രാത്രിയിൽ ഉറങ്ങുമ്പോൾ ഒരു കൂട്ടം പ്രേതങ്ങളെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ബരിയയുടെ പരാതി. കൂട്ടമായി എത്തുന്ന പ്രേതങ്ങളിൽ രണ്ടു പേർ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണി പെടുത്തിയെന്നും ഇയാൾ കൂട്ടിച്ചേർത്തു.
ബരിയയുടെ പരാതിയെ നിസാരമായി കാണാൻ പൊലീസിന് കഴിഞ്ഞില്ല. അതിനാൽ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബരിയയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ കുടുംബാംഗങ്ങളിൽ നിന്നും ബരിയ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് മനസിലായി. ഒരു വർഷമായി ചികിത്സയിലായിരുന്നു വെന്നും കഴിഞ്ഞ പത്തു ദിവസമായി ഇയാൾ മരുന്ന് കഴിക്കുന്നില്ലെന്നും കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു. വർസങ്ഭായ് ബരിയയുടെ സഹോദരനായ മഹേഷ് ബരിയയാണ് ഈ വിവരങ്ങൾ പൊലീസിനെ ധരിപ്പിച്ചത്. കുടുംബാംഗങ്ങളുടെ അഭിപ്രായം സ്വീകരിച്ച് പൊലീസ് പരാതിക്കാരനെ മനോരോഗവിദഗ്ദ്ധന്റെ അടുക്കലെത്തിച്ചിരിക്കുകയാണിപ്പോൾ.