ajith-doval-

ന്യൂഡൽഹി : ജമ്മു വിമാനത്താവളത്തിൽ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ ഭീകരർ ഡ്രോണുപയോഗിച്ച് ആക്രമണം നടത്തിയത് രാജ്യം ഗൗരവമായിട്ടാണ് കാണുന്നത്. ആദ്യമായിട്ടാണ് ഡ്രോൺ ഉപയോഗിച്ച് ഭീകരർ ആക്രമണം നടത്തുന്നത്. വ്യോമസേനയുടെ കോടികൾ വിലമതിക്കുന്ന വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡ്രോണുകളെ അയച്ചതെങ്കിലും ഭീകരർക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. എന്നാൽ ഡ്രോൺ ആക്രമണം നടന്നതിന് പിന്നാലെ ഭീകരർക്ക് ചുട്ട മറുപടി നൽകണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്.

ഇന്ത്യയുടെ ആദ്യ നടപടി

ഡ്രോൺ ആക്രമണത്തിന് ശേഷം കരുതലോടെയാണ് ഇന്ത്യയുടെ നീക്കം. ഡ്രോൺ ആക്രമണത്തെ കുറിച്ച് യു എന്നിൽ അംഗരാജ്യങ്ങളെ അറിയിക്കുകയാണ് ഇന്ത്യ സ്വീകരിച്ച ആദ്യ നടപടി. പൊതുസഭയിൽ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജൻസികളുടെ തലവന്റെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് തീവ്രവാദത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഇന്ത്യൻ പ്രതിനിധി അഭിപ്രായപ്പെട്ടത്. മുൻപും ഭീകരാക്രമണങ്ങളുണ്ടാകുമ്പോൾ ലോകരാജ്യങ്ങളെ കാര്യങ്ങൾ ഇന്ത്യ ധരിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ ഭീകരമുഖം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുവാൻ കിട്ടുന്ന ഒരു അവസരവും ഇന്ത്യ പാഴാക്കാറില്ല. എന്നാൽ കുറച്ച് വർഷങ്ങളായി ആക്രമണ ശേഷം ഭീകരർ എവിടെ ഒളിച്ചാലും ചുട്ട മറുപടി നൽകുക എന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്.

നാൽവർ സംഘത്തിന്റെ കൂടിച്ചേരൽ

രാജ്യത്ത് ഡ്രോൺ ആക്രമണം നടത്തിയ സംഭവത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും ഏറെ വാർത്താ പ്രാധാന്യം നേടുന്നുണ്ട്. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളെക്കുറിച്ചും, സേനയെ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജമാക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകളാന് നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലടക്കം പാകിസ്ഥാന് അടുത്ത ഡോസ് നൽകാൻ സമയമായി എന്ന തലത്തിലാണ് ഈ ചർച്ചയെ വിലയിരുത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്നത്, ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പാകിസ്ഥാന്റെ അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ജമ്മു വിമാനത്താവളം. ഈ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനിക സ്റ്റേഷന് സമീപത്തായും
രണ്ട് ഡ്രോണുകൾ കണ്ടെത്തി. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ തായ്ബയ്ക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.