ചെന്നൈ: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന മുൻമന്ത്രി എം മണികണ്ഠന് ജയിലിൽ സോഫയോ, എസിയോ നൽകിയിട്ടില്ലെന്ന് ജയിൽ ഡിജിപി സുനിൽ കുമാർ സിംഗ് . സെയ്ദപ്പെട്ട് സബ് ജയിലിൽ നടത്തിയ പരിശോധനയിൽ മണികണ്ഠൻ എസിയൊക്കെ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ സെൻട്രൽ ജയിലിലേക്ക് മാറ്റിയെന്ന് ആരോപണമുണ്ടായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ് മണികണ്ഠനെ സെയ്ദപ്പെട്ട് സബ്ജയിലിൽ നിന്ന് മാറ്റിയതെന്ന് അധികൃതർ പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.ആരെയും നേരിട്ട് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നില്ല, കുറഞ്ഞത് ഒരാഴ്ച സബ് ജയിലുകളിൽ താമസിപ്പിച്ച്, കൊവിഡ് ടെസ്റ്റിന് വിധേയനാക്കുന്നു. ഈ ദൈർഘ്യം ജയിലുകളിലെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയും മലേഷ്യൻ സ്വദേശിയുമായ തമിഴ് നടിയുടെ പരാതിയിലാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദ്ധാനം നൽകി പീഡനം, അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തൽ, മുറിവേൽപ്പിക്കൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് മണികണ്ഠനെതിരെ ചുമത്തിയിരിക്കുന്നത്. 2017ൽ ഐ.ടി മന്ത്രിയായിരുന്ന സമയത്താണ് മണികണ്ഠൻ പരാതിക്കാരിയുമായി ബന്ധം സ്ഥാപിക്കുന്നത്. മലേഷ്യയിലേക്കു തിരിച്ചുപോയില്ലെങ്കിൽ നടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.