euro-england

ഇംഗ്ളണ്ടിനോട് പ്രീക്വാർട്ടറിൽ തോറ്റ് ജർമ്മനി യൂറോ കപ്പിൽ നിന്ന് പുറത്ത്

വെംബ്ലി: ഇതുവരെ ഈസിയായിരുന്ന ഇംഗ്ളീഷ് പരീക്ഷയിൽ ഇത്തവണ തോറ്റ് ജർമ്മനി യൂറോ കപ്പിന്റെ പടിയിറങ്ങി. വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ളണ്ട് ജർമ്മനിയെ തകർത്തു വിട്ടത്. 74-ാം മിനിട്ടു വരെ ഗോൾരഹിതമായിരുന്ന മത്സരത്തിൽ സൂപ്പർ സ്ട്രൈക്കർ റഹീം സ്‌റ്റെർലിംഗും നായകൻ ഹാരി കേനുമാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത്.ഇതാദ്യമായാണ് ജർമ്മനി ഒരു മേജർ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്.ഇതോടെ ജർമ്മൻ പരിശീലക പദവിയിലെ ഒന്നരപതിറ്റാണ്ടായുള്ള യൊവാക്വിം ലോവിന്റെ വാഴ്ചയ്ക്ക് അറുതിയാവുകയും ചെയ്തു.

വെംബ്ലിയിൽ ജർമ്മനിക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും ജയിക്കാനാകാതിരുന്ന ഇംഗ്ലണ്ട് എട്ടാം മത്സരത്തിൽ ആ കുറവ് തീർക്കുകയായിരുന്നു. 1996 യൂറോകപ്പിന്റെ സെമിയിൽ വെംബ്ലിയിൽ വച്ചാണ് ജർമ്മനി ഇംഗ്ളണ്ടിനെ കീഴടക്കിയിരുന്നത്. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലും ഇംഗ്ളണ്ടിനെ നോക്കൗട്ടിൽ തോൽപ്പിച്ച് പുറത്താക്കിയത് ലോവിന്റെ ജർമ്മനിയായിരുന്നു. ഈ ടൂര്‍ണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഏക ടീമെന്ന സവിശേഷ നേട്ടവുമായാണ് ഇംഗ്ലണ്ട് ക്വാർട്ടറിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.