temple

കാമുകന് കാമുകിയോടുള്ള ബന്ധം പോലെ ഭക്തനും ഭഗവാനും തമ്മിലുള്ള പ്രണയം ഭക്തിയുടെയും ജീവിതസ്വച്ഛതയുടെയും ഗുണപരമായ നേട്ടമാണ്. ഭക്തമനസിലുണ്ടാക്കുന്ന മുറിവ് സാമൂഹ്യ സംവിധാനത്തെ തകർക്കുകയും ഭക്തനെ വേദനിപ്പിക്കുകയും ചെയ്യുന്നത് കാണാതെ പോകരുത് . സാധാരണക്കാർക്ക് അഭയവും ആശ്വാസവും നൽകിയിരുന്നത്
ക്ഷേത്രങ്ങളാണ്. മുപ്പത്തിമുക്കോടി ദൈവങ്ങളും വൈവിദ്ധ്യങ്ങളോടുകൂടിയ
വിശ്വാസങ്ങളും കൊണ്ടുനടക്കുന്ന ഒരു ജനത ഇന്നേവരെ മതപരിവർത്തനമോ അന്യമതനിന്ദയോ നടത്താതെ എല്ലാ മതങ്ങളെയും ഒരുപോലെ കണ്ടിരുന്നവരായി അയ്യായിരം വർഷങ്ങൾക്കു മുൻപേ ജീവിച്ചിരുന്നു, ഇന്നും ജീവിക്കുന്നു. അത് വിഗ്രഹാരാധനയും ക്ഷേത്രവും നല്‌കുന്ന അതിരുകളില്ലാത്ത ഹൃദയ വിശാലതയും മതേതരമനസും സനാതന സംസ്‌കൃതിയുടെ ഉത്കൃഷ്ടമായ സംഭാവനയുമായിരുന്നു.

ഈ ലോകം കിനാവാണെന്നും ഇതിൽ കെട്ടിയുയർത്തിയതെല്ലാം
അന്ധമാണെന്നും ഋഷിമാർ പറഞ്ഞു. ഹൈന്ദവ ബിംബങ്ങൾ രസഭാവ കലയുടെ ആസ്വാദനത്തിന് ഉതകുന്നവയാണ്. സൗന്ദര്യ സങ്കല്പഭാവങ്ങളുടെ സൃഷ്ട്യന്മുഖമായ ആവിഷ്‌‌കാരമാണ് ബിംബങ്ങൾ. വിഗ്രഹങ്ങളെ വെറും അന്ധവിശ്വാസമായി തരംതാഴ്ത്തരുത്. ദൈവം വിഗ്രഹങ്ങളല്ലെന്ന ബോദ്ധ്യം ഋഷിമാർക്ക് മാത്രമല്ല സാധാരണക്കാർക്കുമുണ്ടായിരുന്നു. അക്രമവും മതം മാറ്റവും പരമത വിദ്വേഷവും ആരിൽ നിന്നുണ്ടായാലും അത് മതമഹത്വമല്ല മതത്തിന്റെ വെളിച്ചമില്ലായ്മയാണ്.
അമ്മയുടെ സ്‌നേഹഭാവം വിഗ്രഹങ്ങളിലൂടെ ഭക്തനിലേക്ക് ആവേശിച്ചിരുന്നു. ഭാവപ്രകാശനത്തെ ആവിഷ്‌‌കരിക്കാൻ സാദ്ധ്യമാകാത്ത മതം കൊണ്ടുവരുന്ന ശൂന്യത ആസുരമാണ്. അതുകൊണ്ടാണ് പുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങൾക്കകത്തും പുറത്തും കാണുന്ന വൈവിദ്ധ്യമേറിയ ശില്‌പങ്ങൾ മനുഷ്യന്റെ സൗന്ദര്യ സങ്കല്പങ്ങളുടെ ഉദാത്തമായ ആവിഷ്‌കാരമാകുന്നത്. ആവിഷ്‌‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കലയെ പ്രകോപനപരമായി ആവിഷ്‌‌കരിച്ച് ആനന്ദം കണ്ടെത്തുന്നത് ആത്മതൃപ്തിക്കു പകരം ഇഷ്ടമില്ലായ്മയിൽ, നിന്ദയിൽ ആനന്ദം കണ്ടെത്തുന്ന രോഗമാണ്. ക്ഷേത്രങ്ങളിലെ ആരാധനാ വിഗ്രഹങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഭാവസൗന്ദര്യം ഒരു ഉപാസകന്റെ, ഭക്തന്റെ മനസിലുണ്ടാകുന്ന പ്രതിഫലനമാണ് പരമത വിദ്വേഷമില്ലാത്ത ഭാരത ജനതയുടെ ക്ഷേത്രപാരമ്പര്യത്തിന്റെ അടിത്തറയും മാതൃകയും. വെറും ഒരു പ്രാർത്ഥനാ ഇടം മാത്രമല്ലല്ലോ ക്ഷേത്രം. ക്ഷേത്രവും കലയും അടർത്തി മാറ്റാനാവാത്തവിധം ഒന്നുചേർന്ന് ഒരു ജനതയുടെ സാംസ്‌കാരിക, സാമൂഹിക മണ്ഡലത്തിൽ പങ്കുവയ്ക്കലിന്റെയും ഉത്സവത്തിന്റെയും ആഹ്ലാദത്തിന്റെയും ആത്മസംതൃപ്തി നല്‌കിയിരുന്നു. സംതൃപ്തമായ മനസ്
കൊടുക്കുന്ന ശാന്തിയും സമാധാനവും നമുക്ക് അനുഭവിക്കാമായിരുന്നു. മരിച്ചതിനു ശേഷമുള്ള സ്വർഗസുഖത്തിനായല്ല ജീവിതത്തെത്തന്നെ സ്വർഗമാക്കാനായിരുന്നു ഭാരതീയ ഋഷിമാർ ചിന്തിച്ചത്. വിഗ്രഹത്തിന്റെ മുഖത്തെ ശാന്തവും ദീപ്തവും മംഗളകരവുമായ ഭാവം ഭക്തരിൽ സൃഷ്ടിക്കാനുള്ള ഏറ്റവും ലളിതമായ ഉപാധികളിലൊന്നായിരുന്നു ക്ഷേത്ര

പ്രതിഷ്ഠകൾ. ശ്രീനാരായണഗുരു പറഞ്ഞതു പോലെ ക്ഷേത്രങ്ങളിൽ ചെന്നാൽ വിഗ്രഹങ്ങളെയല്ല ഓർക്കുന്നത് ഈശ്വരനെയാണ്, ക്ഷേത്രം അന്ധവിശ്വാസം ഉണ്ടാക്കുന്നുവെന്ന് വിവരമില്ലാത്തവർ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാതിരുന്നാൽ മതി എന്നുകൂടി ഗുരു കൂട്ടിചേർത്തു.
വീടും പറമ്പിലൊരു കാവും കാവിലൊരു കുളവും നാഗാരാധനയും കൂടുതൽ ഓക്സിജൻ തരുന്ന ആലിന് ഏഴു പ്രദക്ഷിണവും. സർവചരാചരങ്ങളെയും ദൈവമായി കണ്ട് ആരാധിക്കാനുള്ള സംസ്‌കാരം എങ്ങനെയാണ് അന്ധമാകുന്നത്? ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയും നിർമ്മിച്ചും പ്രതിഷ്ഠിച്ചും ഇരുണ്ട കേരളത്തെ പ്രകാശത്തിലേക്ക് നയിച്ച ഗുരുവിനെയും ഗുരുവിന്റെ യുക്തിഭദ്രമായ ആശയങ്ങളെയും സാഹചര്യത്തിനനുസരിച്ച് സ്വീകരിക്കുകയും ഗുരുദർശനത്തിന്റെ അടിത്തറയായി നിലകൊണ്ട സനാതനമതത്തിലെ അദ്വൈത വേദാന്ത ചിന്തയെയും അദ്ധ്യാത്മികതയെയും അന്ധവിശ്വാസമെന്ന് തള്ളിക്കളയുകയും ചെയ്യുന്നത് ബുദ്ധിയുടെ ത്യാജ്യഗ്രാഹ്യ ശേഷിക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

ആലപ്പുഴ പള്ളാത്തുരുത്തിയിൽ കൂടിയ യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ ശുദ്ധമായ ഹിന്ദുമതത്തിലെ സഗുണ നിർഗുണ ആരാധനകളെപ്പറ്റി പഠിപ്പിക്കണം എന്ന് ഗുരു പറയുമ്പോൾ വിഗ്രഹത്തെയും ക്ഷേത്രത്തെയും സമൂഹ നിർമ്മിതിക്ക് ഉപയോഗപ്പെടുത്തണം എന്നാണ്. ദൈവം ഒന്നേയുള്ളൂ,അത് നമ്മുടെ ദൈവം മാത്രമാണ് എന്ന ചിന്തയല്ല ഗുരു മുന്നോട്ട് വച്ചത്!. ജാതിയില്ലാ വിളംബരത്തിന്റെ യുക്തി സ്വീകരിക്കാമെങ്കിൽ അതേ ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ യുക്തിയെയും നാം സ്വീകരിച്ചേ മതിയാകൂ.
വിഗ്രഹ പ്രതിഷ്ഠകളിൽ വിശ്വാസമില്ലാതിരുന്ന വാഗ്ഭടാനന്ദനെന്ന സംന്യാസി ഗുരുവിനെ കാണാൻ ആലുവാ ആശ്രമത്തിലെത്തി. വാഗ്ഭടാനന്ദൻ ഗുരുവിനോട് ചോദിച്ചു. മൈൽക്കുറ്റി പോലെ ഈ കല്ലുകൾ കുഴിച്ചിടുന്നതെന്തിനാണ് ? ഗുരു പറഞ്ഞു അളവറിയാനാണ്. വാഗ്ഭടാനന്ദ സ്വാമിക്ക് ഗുരു പറഞ്ഞതിന്റെ അർത്ഥം കത്തിയില്ല. ഇന്നും കത്താത്തവരുണ്ട്. അകത്തേക്കുള്ള യാത്രയുടെ അളവറിയാനുള്ള ഉപാധി മാത്രമാണ് വിഗ്രഹങ്ങൾ, അല്ലാതെ ദൈവങ്ങളല്ല.

അല്പനേരം കഴിഞ്ഞ് ഗുരു ചോദിച്ചു, പേരെന്താണ് ?കുഞ്ഞിക്കണ്ണൻ. ഓ! ഈ കുഞ്ഞിക്കണ്ണുകൾ കൊണ്ട് വലിയ കാര്യങ്ങൾ കാണാനാവുമോ. ഒരു ഉറുമ്പ് ഒരാനയുടെ ശരീരത്തിലൂടെ എത്രവട്ടം കയറിയിറങ്ങിയാലും അത് ആനയെ പൂർണമായി കാണാത്തത് പോലെ,നമ്മുടെ ഈ ചെറിയ ബുദ്ധികൊണ്ട് നമ്മുടെ ശരീര മന:പ്രാണങ്ങളെ പോലും അറിയാനാവില്ല. പിന്നല്ലേ മറ്റ് കാര്യങ്ങൾ?.അറിയാനും അറിയിക്കാനുമായിരിക്കണം നാം സംസാരിക്കേണ്ടത്. വാദിക്കാനും ജയിക്കാനും ആയിരിക്കരുത്. ഒന്നിനെ കുറിച്ചും അറിവില്ലാത്തവർക്ക് എവിടെയും എന്തും പറയാം ആരുടെയും വിശ്വാസത്തെ നോവിക്കാതിരിക്കാനായിരിക്കണം നമ്മുടെ പ്രവർത്തനം.

(ലേഖകൻ ആലുവ അദ്വൈതാശ്രമം സെക്രട്ടറിയാണ് )