തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷനുമായ വി കെ മധുവിനെതിരെ പാർട്ടി അന്വേഷണം. അരുവിക്കരയിലെ സി പി എം സ്ഥാനാർഥി ജി സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം. അരുവിക്കരയിലേക്ക് സ്ഥാനാർത്ഥിയായി സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ആദ്യം നിർദേശിച്ചത് വി കെ മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി സ്റ്റീഫനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയൻബാബു, സി അജയകുമാർ, കെ സി വിക്രമൻ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് പാർട്ടി നിർദേശം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ ആദ്യഘട്ടം മുതൽ വി കെ മധു വിട്ടുനിന്നിരുന്നു.
മധു ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻ എന്ന നിലയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഏറെയും അരുവിക്കര മണ്ഡലത്തിൽ ആയിരുന്നു. അരുവിക്കരയിൽ മധു സ്ഥാനാർത്ഥിയാകുമെന്ന് പ്രാദേശിക പ്രവർത്തകരടക്കം ഉറപ്പിച്ചതുമാണ്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു തന്നെയാണ് ജില്ലാ പഞ്ചായത്തിന്‍റെ റോഡുകൾ അടക്കമുള്ള പ്രധാന പദ്ധതികളിൽ പലതും അരുവിക്കരയിൽ മധു നടപ്പിലാക്കിയത്. എന്നാൽ അവസാന നിമിഷം സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ മധുവും കൂടെയുള്ളവരും വലിയ പ്രതിഷേധത്തിലായി. അതിന്‍റെ ഭാഗമായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മധു വിട്ടുനിന്നത്.
പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഇടപെട്ടതിനെ തുടർന്നാണ് മധു പ്രചാരണ രംഗത്ത് സജീവമായത്. അപ്പോഴും ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വികസന പദ്ധതികളും സർക്കാരിന്‍റെ ഭരണ നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാതെ മധു പൂർണമായി നിസഹകരിച്ചു. മണ്ഡലം കമ്മിറ്റിക്കും ഇക്കാര്യത്തിൽ അമർഷമുണ്ടായിരുന്നു.
സി പി എം വിതുര ഏരിയാ സെക്രട്ടറി ഷൗക്കത്തലി മധുവിനെതിരെ പാർട്ടിക്ക് പരാതി നൽകുകയും ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റിന്‍റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും മധുവിന്‍റെ നിസഹകരണം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മധുവിനെതിരെ അന്വേഷണത്തിന് ഇന്നലെ ചേർന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേർന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മികച്ച നേട്ടമാണ് ഇത്തവണ ഇടതുമുന്നണിക്ക് ഉണ്ടായത്. കോവളം ഒഴികെയുള്ള 13 മണ്ഡലങ്ങളിലും ഇടതുസ്ഥാനാർത്ഥികൾ വിജയിച്ചു. ദീർഘകാലം യു ഡി എഫ് കുത്തകയായിരുന്ന അരുവിക്കര പിടിച്ചെടുക്കുകയും ചെയ്‌തു. .
തിരുവനന്തപുരം ജില്ലയിലെ സി പി എമ്മിന്‍റെ ഏറ്റവും പ്രധാന നേതാക്കളിലൊരാളാണ് മധു. അത്തരത്തിൽ മുതിർന്ന നേതാവ് തന്നെ വിഭാഗീയ പ്രവർത്തനം നടത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സി പി എം സംസ്ഥാന നേതൃത്വവും. ഈ സാഹചര്യത്തിൽ മധുവിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.